2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പശ്ചിമഘട്ടം തകരരുത്

ഡോ. വി. ബാലകൃഷ്ണന്‍

 

 

കഴിഞ്ഞയാഴ്ചത്തെ പ്രളയത്തിനു ശേഷവും ഗാഡ്ഗില്‍ നമ്മോട് പറഞ്ഞു: ‘വന്‍കിട കെട്ടിടങ്ങളും മൂലധനാധിഷ്ഠിത വന്‍ സംരംഭങ്ങള്‍ക്കും പിറകെ പായാതെ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് കേരളം മുന്നോട്ടു വരണം. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായ വികസന സങ്കല്‍പ്പം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. നവ കേരള നിര്‍മാണത്തിന് കൂടുതല്‍ പാറയും മണലും വേണ്ടി വരും. ഇതൊക്കെ പ്രകൃതിയുടെ വിഭവങ്ങളാണു താനും. അത് എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും ജനകീയ പങ്കാളിത്തവും വേണം. വന്‍കിട മാഫിയകള്‍ക്ക് ക്വാറികള്‍ നല്‍കിയാല്‍ അനിയന്ത്രിത ചൂഷണം നടക്കും. പകരം കുടുംബശ്രീ പോലുള്ള ജനകീയ സംരംഭങ്ങള്‍ക്ക് ക്വാറികള്‍ കൈമാറണം. അങ്ങനെയങ്കില്‍ നവ കേരള നിര്‍മാണത്തിനുള്ള വിഭവങ്ങള്‍ പ്രകൃതിക്ക് പരുക്കേല്‍പ്പിക്കാതെ തന്നെ നമുക്ക് കണ്ടെത്താനാകും. ഒപ്പം സാമൂഹ്യ ശാക്തീകരണവും നടക്കും’. ഗാഡ്ഗില്‍ ഈ പറഞ്ഞതില്‍ എവിടെയാണ് വികസന വിരുദ്ധത, ആര്‍ക്കാണ് ഗാഡ്ഗില്‍ അധികപ്പറ്റാകുന്നത്.

ഇപ്പോഴുണ്ടായ ഈ പ്രളയ ദുരന്തം കാലാവസ്ഥാ വ്യതിയാനം കൊണ്ടോ അതിവൃഷ്ടികൊണ്ടോ അതോ പശ്ചിമഘട്ടത്തിനേറ്റ കനത്ത ആഘാതം കൊണ്ടോ എന്നൊക്കെയുള്ള സംവാദങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. ഗാഡ്ഗിലോ കസ്തൂരിരംഗനോ അതോ ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ടോ ഏതെങ്കിലും ആയിക്കോളൂ. അതൊന്നുമല്ല നമ്മുടെ വിഷയം. കേരളത്തിന്റെ സുസ്ഥിരമായ അതിജീവനം എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്നന്വേഷിച്ച് വേണ്ടത് ചെയ്യുകയാണ് പ്രധാനം. പക്ഷേ ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പും നമുക്ക് നടത്താനായിട്ടില്ല എന്നതാണ് ഖേദകരം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്ത് കേരളത്തിലെ ക്വാറികളുടെ എണ്ണം 2500 ആയിരുന്നു. പക്ഷേ, ഇപ്പോഴത് ആറായിരത്തിനടുത്താണ്. 8 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിയമ വിധേയമായും അല്ലാത്തതുമായ 4500 ക്വാറികള്‍ ഉണ്ടായി.
2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ ജനവാസ കേന്ദ്രങ്ങള്‍, റോഡുകള്‍, നദികള്‍ എന്നിവയില്‍ നിന്നും ക്വാറികളിലേക്കുള്ള ദൂരം 200 മീറ്റര്‍ ആയിരുന്നു. പിന്നീടവര്‍ അത് 100 മീറ്ററാക്കി കുറച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കേവലം ഒരു വര്‍ഷത്തിനുള്ളില്‍ അത് 50 മീറ്ററാക്കി കുറച്ചു. ഇപ്പോഴുള്ള ആറായിരത്തിനടുത്ത് ക്വാറികളില്‍ 750 എണ്ണം മാത്രമേ നിയമാനുസൃതമായിട്ടുള്ളതുള്ളൂ. 5000ല്‍ അധികം അനധികൃത ക്വാറികള്‍ നിരോധിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്തരം ക്വാറികള്‍ ഉണ്ടാക്കുന്ന പ്രകമ്പനം, അതുവഴി ഭൂമിക്കുണ്ടാകുന്ന ആഘാതം, ഉപരിതല വിള്ളലുകളുടെ വ്യാപ്തി എന്നിങ്ങനെയുള്ള ഒരു ശാസ്ത്രീയ വിവരങ്ങളും സര്‍ക്കാരിന്റെ പക്കലില്ല. എന്തിനേറെ എത്ര പാറ പൊടിക്കുന്നുണ്ട് എന്ന കേവല കണക്കു പോലുമില്ല. ഇപ്പോള്‍ മഴ വന്നപ്പോള്‍ തല്‍ക്കാലം ഖനനം അനിശ്ചിത കാലത്തേക്ക് നിരോധിച്ചിരുന്നു. എന്നാല്‍ വീണ്ടും അനുമതി നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്ന് പിന്‍മാറേണ്ടിയിരിക്കുന്നു.

ഗാഡ്ഗില്‍ കമ്മിറ്റി അതീവ പരിസ്ഥിതി ലോല പ്രദേശമായിക്കണ്ട് മണ്ടകോല്‍, പനത്തടി, പൈതല്‍മല, ബ്രഹ്മഗിരിതിരുനെല്ലി, ബാണാസുര കുറ്റ്യാടി, നിലമ്പൂര്‍, മേപ്പാടി, സൈലന്റ് വാലി, ശിരുവാണി, നെല്ലിയാമ്പതി, പീച്ചി, വാഴാനി, ആതിരപ്പള്ളി, പൂയംകുട്ടിമൂന്നാര്‍, കാര്‍ഡമം ഹില്‍സ്, പെരിയാര്‍, കുളത്തൂപ്പുഴ, അഗസ്ത്യമല തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂമിക്ക് ആഘാതമോ പ്രകമ്പനമോ ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള യാതൊരു വിധ ഖനന പ്രവര്‍ത്തനങ്ങളും അനുവദിക്കരുത്. കവളപ്പാറയില്‍ അഞ്ച് കിലോമീറ്റര്‍ ചതുരശ്ര ചുറ്റളവില്‍ 27 ക്വാറികളുണ്ട്. കഴിഞ്ഞ കൊല്ലം 20 തവണ ഉരുള്‍ പൊട്ടലുണ്ടായ തൃശൂര്‍ ജില്ലയിലെ വട്ടപ്പാറയില്‍ ഒരു കിലോ മീറ്റര്‍ ചതുരശ്ര ചുറ്റളവില്‍ 20 ക്വാറികളാണുള്ളത്. നിലവില്‍ അതീവലോല പ്രദേശങ്ങളിലെ ഖനനം കുറച്ചുകൊണ്ടുവന്ന് ക്രമേണ ഇല്ലാതാക്കുകയും പകരം അത്രതന്നെ പരിസ്ഥിതി ലോലമല്ലാത്ത സോണ്‍3 ല്‍ കൂടുതല്‍ നിയന്ത്രിത ഖനനം മിതമായ സ്‌ഫോടനശക്തിയില്‍ തുടങ്ങാന്‍ അനുവദിച്ചാല്‍ പാറക്ഷാമം പരിഹരിക്കാവുന്നതേയുള്ളൂ.

കേരളത്തിലെ നെല്‍ വയല്‍ തണ്ണീര്‍ത്തടങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വയലേത്, കരയേത് എന്ന് തീര്‍ച്ചപ്പെടുത്തി, ഡാറ്റാബേസ് ഉണ്ടാക്കണമെന്ന് 2008ലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ പതിനൊന്നു വര്‍ഷത്തിനു ശേഷവും ഡാറ്റാബേസ് പൂര്‍ത്തിയായില്ല. അറുപത് ശതമാനം ഡാറ്റാ ബേസ് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനു മുമ്പുതന്നെ തയ്യാറായതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ ഡാറ്റാബേസ് പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഡാറ്റാബേസ് പൂര്‍ത്തിയാക്കുമെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും 36 മാസമായിട്ടും അത് പൂര്‍ത്തിയായില്ല. ഇതു കാരണം 2008 നിയമത്തിന്റെ പിന്‍ബലത്തില്‍ ഇപ്പോഴും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിവരികയാണ്. റവന്യൂകൃഷി വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിനു കാരണം.
തണ്ണീര്‍ തടങ്ങള്‍, ചതുപ്പു നിലങ്ങള്‍ എന്നിവ നികത്തിക്കൊണ്ട് വീട്, കെട്ടിട നിര്‍മാണം, മല കുത്തനെ ഇടിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മാണം, അനിയന്ത്രിതമായ മണലൂറ്റല്‍ എന്നിങ്ങനെ അശാസ്ത്രീയമായ ഭൂവിനിയോഗം ഉടനടി തടഞ്ഞുകൊണ്ട് ഭൂവിനിയോഗത്തില്‍ ഒരു പൊളിച്ചെഴുത്ത് തന്നെ അനിവാര്യമായിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പാടശേഖരങ്ങള്‍ കുടുംബശ്രീ പോലുള്ള സംഘങ്ങളെ ഏല്‍പ്പിക്കാതെ അവിടെ ഭൂമിയുടെ പ്രാദേശിക സ്വഭാവം കണക്കിലെടുത്തുകൊണ്ടുള്ള ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നീ നടപടികളില്‍ കൂടി വയല്‍ നികത്തല്‍ തടയാനും ഭൂമിയുടെ ജൈവഗുണമേന്മ നിലനിര്‍ത്താനുമാകും.

പശ്ചിമഘട്ടത്തിന്റെ ഹരിതമേലാപ്പ് സംരക്ഷിച്ചുകൊണ്ട് മാത്രമേ സുസ്ഥിര കേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാകൂ. ദുരന്തങ്ങളെ നേരിടാന്‍ കഴിവുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിനു പകരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ഒത്തുതീര്‍പ്പുകളും വിട്ടുവീഴ്ചകളുമില്ലാതെ നിര്‍ഭയം സ്വീകരിക്കുകയാണ് വേണ്ടത്. വിളക്കുകളെല്ലാം ഊതിക്കെടുത്തിയതിനുശേഷം വെളിച്ചമേ നയിച്ചാലും എന്നു വിലപിച്ചിട്ട് കാര്യമില്ലല്ലോ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.