2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

Editorial

കടലാസ് ബാലറ്റ് ആവശ്യപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യുന്ന രീതി തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തിപ്രാപിക്കുകയാണ്. ഈ ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് 17 പ്രതിപക്ഷ കക്ഷികള്‍. സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എന്‍.സി.പി, സിപി.ഐ, സി.പി.എം തുടങ്ങിയ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കേന്ദ്രഭരണത്തെ നയിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ഇക്കൂട്ടത്തിലുണ്ട്.
വോട്ടുയന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ അട്ടിമറിയും ക്രമക്കേടും നടക്കുന്നുണ്ടെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണു പ്രതിപക്ഷകക്ഷികളില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യു.പി അടക്കം ചില നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി ഫലം ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റിയെന്നാണ് ആരോപണം.
ചില നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ ആരോപണത്തിനു ശക്തിപകരുന്നുമുണ്ട്. ഒട്ടും അനുകൂലമല്ലാത്ത രാഷ്ട്രീയസാഹചര്യങ്ങളുള്ള ചില മണ്ഡലങ്ങളില്‍പ്പോലും ബി.ജെ.പി വന്‍വിജയം നേടിയതു കൃത്രിമം നടന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രഭരണത്തിനു വര്‍ധിച്ചുവരുന്ന ജനപിന്തുണയും ജനങ്ങള്‍ കൂട്ടത്തോടെ മാറി ചിന്തിക്കുന്നതുമൊക്കയാണ് ഇതിനു കാരണമെന്നു പറഞ്ഞാണു ബി.ജെ.പി ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ അറിയാവുന്നവര്‍ക്ക് ഈ വാദം തൊണ്ടതൊടാതെ വിഴുങ്ങാനാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

സ്വാഭാവികമായുണ്ടാകുന്ന യന്ത്രത്തകരാറാണ് ഇതിനു കാരണമെന്ന വാദവും അംഗീകരിക്കാന്‍ പ്രയാസമുണ്ട്. പ്രതിപക്ഷകക്ഷികളുടെ ബൂത്ത് ഏജന്റുമാര്‍ യന്ത്രത്തകരാര്‍ വോട്ടെടുപ്പുവേളയില്‍ കണ്ടെത്തിയ ഇടങ്ങളിലെല്ലാം ഏതു ചിഹ്നത്തില്‍ വോട്ടു ചെയ്താലും താമരച്ചിഹ്നത്തില്‍ വീഴുന്നതായാണു കാണപ്പെട്ടത്. ഏറ്റവുമൊടുവില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍പ്പോലും ഇതുണ്ടായി. യന്ത്രം താനേ കേടാവുന്നതാണെങ്കില്‍ എല്ലായിടത്തും ഒരേ ചിഹ്നത്തിന് അനുകൂലമാകില്ലല്ലോ. മാത്രമല്ല വോട്ടു യന്ത്രം തകരാറായതു സംബന്ധിച്ച് ബി.ജെ.പിക്കാര്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്നതും ചേര്‍ത്തു വായിക്കണം. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന സൂചനയാണ് ഈ സാഹചര്യത്തെളിവുകളെല്ലാം നല്‍കുന്നത്.
ജനാധിപത്യ വ്യവസ്ഥയുള്ള ഏതു രാജ്യത്തായാലും തെരഞ്ഞെടുപ്പുകള്‍ നൂറുശതമാനം കുറ്റമറ്റതും അതിന്റെ നടപടിക്രമങ്ങള്‍ സുതാര്യവുമാകണം. അതിനാവശ്യമായ നിയമങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരമുള്ള തെരഞ്ഞെടുപ്പ് കമ്മിഷനുമൊക്കെയുള്ള രാജ്യമാണു നമ്മുടേത്. എന്നാല്‍, രാജ്യത്തു തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ അതില്‍ ചെറുതോ വലുതോ ആയ തോതില്‍ കൃത്രിമങ്ങളും അട്ടിമറികളും നടന്നുപോരുന്നുണ്ട്.
കള്ളവോട്ട്, ബൂത്ത് പിടിത്തം, പണം നല്‍കിയും ഭീഷണിപ്പെടുത്തിയുമൊക്കെ വോട്ടര്‍മാരെ സ്വാധീനിക്കല്‍, എതിരാളിക്കെതിരേ വ്യാജ പ്രചാരണം തുടങ്ങി വിവിധ രൂപങ്ങളിലാണ് അത് അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരുമൊക്കെ രാഷ്ട്രീയ കക്ഷികളോട്, പ്രത്യേകിച്ച് ഭരണപക്ഷത്തോട് പക്ഷപാതിത്വം കാണിക്കുന്നു എന്ന ആരോപണവും അക്കാലത്തു വ്യാപകമായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന് എത്രമാത്രം അധികാരങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിന് എന്തൊക്കെ നിയമവ്യവസ്ഥകളുണ്ടെന്നും ഇന്ത്യന്‍ ജനത മനസിലാക്കിത്തുടങ്ങിയത് ടി.എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി എത്തിയതോടെയാണ്. അദ്ദേഹം സ്വീകരിച്ച ചില കര്‍ശന നടപടികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഏറെക്കുറെ കുറ്റമറ്റതാക്കുകയുണ്ടായി. അക്കാലത്തു തുടങ്ങിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയെന്നോണം വോട്ടിങ് യന്ത്രം കൊണ്ടുവന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ നീതിയുക്തമായതായാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയെ ജനങ്ങള്‍ക്കു പൂര്‍ണമായി വിശ്വസിക്കാനാവാത്ത അവസ്ഥയുണ്ടായിരിക്കുകയാണ്.
സര്‍ക്കാരിനു സ്വാധീനിക്കാവുന്ന സംവിധാനങ്ങള്‍ എത്ര മികവുറ്റതാണെങ്കിലും അവയെ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. ഉദ്യോഗസ്ഥരെ വരുതിയിലാക്കിയാല്‍ എളുപ്പം സാധിക്കാവുന്ന കാര്യമാണ് വോട്ടിങ് യന്ത്രത്തിലെ കൃത്രിമം. ഇതു തിരിച്ചറിഞ്ഞാവണം സാങ്കേതികമായി ഇന്ത്യയുടെ ഏറെ മുന്നില്‍ നില്‍ക്കുന്ന പല വികസിത രാജ്യങ്ങളും ഇപ്പോഴും വോട്ടിങ് യന്ത്രത്തെ ആശ്രയിക്കാതെ കടലാസ് ബാലറ്റില്‍ തന്നെ തുടരുന്നത്.
വോട്ട്ങ് യന്ത്രം സംബന്ധിച്ച് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഉയര്‍ന്നിരിക്കുന്ന ആരോപണം ഏറെ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ കടലാസ് ബാലറ്റ് സമ്പ്രദായം വീണ്ടും നടപ്പാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞടുപ്പ് കമ്മിഷന്‍ അംഗീകരിക്കേണ്ടതുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയില്‍ വീണ കരിനിഴല്‍ ഒഴിവാക്കാന്‍ അതാവശ്യമാണ്. തീര്‍ത്തും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനാവുമെന്ന് ഉറപ്പുവരുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ വോട്ടിങ് യന്ത്രം വീണ്ടും കൊണ്ടുവരാമല്ലോ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.