2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ കുടുങ്ങിയ പഞ്ചാബി വനിതയെ നാട്ടിലെത്തിച്ചു; മകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

സലാം കൂടരഞ്ഞി

 

റിയാദ്: ട്രാവല്‍ ഏജന്‍സിയുടെ കൊടും വഞ്ചനയില്‍ അകപ്പെട്ടു സഊദിയിലെത്തിയ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചു. കൂടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മകളെയും തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകീട്ടോടെ മാതാവ് യാത്ര തിരിക്കുമെന്നും ഇവരുടെ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് സഊദിയില്‍ ജോലിക്കെത്തിയ പഞ്ചാബ് സ്വദേശിനികളായ യുവതിയും മകളും ഇവിടെ ദുരിതത്തിലായ വാര്‍ത്ത പുറത്തു വന്നത്. ഇതേ തുടര്‍ന്ന് സംഭവം അന്വേഷിക്കാനും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ എംബസിക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എംബസി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ (43) എന്ന വനിതയെയും മകള്‍ റീനയെയും (23) നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

രണ്ടു മാസം മുന്‍പ് ഇവിടെയെത്തിയ ഇവരുടെ ദുരിത കഥ വിവരിച്ച് യുവതിയായ ഗുര്‍ബക്‌സ് കൗര്‍ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശമാണ് ഇരുവരുടെയും കഥ പുറത്തറിയിച്ചത്. നാട്ടിലെ ട്രാവല്‍ ഏജന്റിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച ഇവര്‍ ഇവിടെയെത്തിയപ്പോഴാണ് തങ്ങള്‍ ദുരിതത്തിലാണ് ചെന്നെത്തിയതെന്ന സത്യം മനസ്സിലായത്. മലേഷ്യയിലേക്കെന്നു പറഞ്ഞാണ് 1.2 ലക്ഷം രൂപ കൈവശപ്പെടുത്തി ഇവരെ ഇന്ത്യയില്‍ നിന്നും ട്രാവല്‍ ഏജന്‍സി വിമാനം കയറ്റിയത്. സഊദിയിലെത്തിയ ഇവരെ ഒടുവില്‍ തിരിച്ചെത്തിക്കാന്‍ ട്രാവല്‍ ഏജന്‍സി പണം ആവശ്യപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഇരുവരുടെയും വിമാന ടിക്കറ്റും നല്‍കിയാല്‍ തിരിച്ചെത്തിക്കാമെന്നാണ് ട്രാവല്‍ ഏജന്‍സി പറഞ്ഞതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഗുര്‍ബക്‌സ് കൗറിന്റെ ഭര്‍ത്താവ് നാട്ടില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയെത്തിയ ഇവരെ ജോലിയില്‍ നിന്നും അകറ്റി നിര്‍ത്തിയതായും മകള്‍ റീന വ്യാജ കേസില്‍ ജയിലിലായതായും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവര്‍ ഏതു പൊലിസ് കസ്റ്റഡിയിലാണെന്ന കാര്യം പോലും ഇവര്‍ക്ക് അറിവിലായിരുന്നു. പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിങ് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനോട് സഹായ ആവശ്യപ്പെട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.