2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ശരത്തിനു പാണക്കാട് കുടുംബത്തിന്റെ സ്‌നേഹഭവനം

 

 

സ്വന്തം ലേഖകന്‍
മലപ്പുറം: കോട്ടക്കുന്നില്‍ ഉടപ്പിറപ്പുകള്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സ്‌നേഹഭവനം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ പാണക്കാടുവച്ചു നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വീടും സ്ഥലവും സമ്മാനിച്ചു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നു നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.
പാണക്കാട് പട്ടര്‍കടവ് ഭാഗത്താണ് വീടു നിര്‍മിക്കുന്നത്. വ്യവസായിയായ ആരിഫ് കളപ്പാടനാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിഷയം സൂചിപ്പിച്ചപ്പോള്‍ തന്റെ ആറു സെന്റ് ഭൂമി ദാനമായി നല്‍കിയത്.
പാണക്കാട് ശിഹാബുദ്ദീന്‍ ഖബീലയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം. അത്യാവശ്യ സൗകര്യങ്ങളോടെ നിര്‍മിക്കുന്ന വീടിന്റെ പണികള്‍ ആറു മാസം കൊണ്ടു പൂര്‍ത്തിയാക്കും.
കോട്ടക്കുന്ന് പാര്‍ക്കിനു ചെരുവിലായിരുന്നു ശരത്തിന്റെ കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മാസമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിലാണ് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്. വീടും തകര്‍ന്നു. ശരത്തും അച്ഛനും സഹോദരനുമാണ് ഈ കുടുംബത്തില്‍ ഇപ്പോഴുള്ളത്.
ഇവര്‍ക്കു തണലായാണ് തങ്ങള്‍ കുടുംബം സ്‌നേഹഭവനം സമ്മാനിച്ചത്. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് കുഞ്ഞാപ്പു തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍ കോഴിക്കോട്, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.ഉബൈദുല്ല എം.എല്‍.എ, എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.