
ഗസ്സ: ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ ഭാഗമായി ഗസ്സ- ഇസ്റാഈല്‍ അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധം അഞ്ചാം വെള്ളിയാഴ്ചയും തുടര്‍ന്നു. ഇന്നും മാര്‍ച്ചിനു നേരെ ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തി.
ഇസ്റാഈലിന്റെ വെടിവയ്പ്പില്‍ 25 ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. കണ്ണീര് വാതക പ്രയോഗവും നടത്തി.
മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധ പരിപാടിയില്‍ ഇതുവരെ 42 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, ഇസ്റാഈല്‍ അമിത സൈനിക ശക്തി പ്രയോഗം നടത്തിയെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സായിദ് റഅദ് അല്‍ ഹുസൈന് പറഞ്ഞു. സംഭവത്തില്‍ അപലപിച്ച അദ്ദേഹം, ഫലസ്തീനികളുടെ മരണത്തില്‍ ഇസ്റാഈല്‍ ഉത്തരവാദികളാണെന്നും വ്യക്തമാക്കി.
പ്രതിഷേധങ്ങളുടെ തുടക്കം
മാര്‍ച്ച് 30ന് ഭൂമി ദിനത്തോടനുബന്ധിച്ചാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധ പരിപാടിക്ക് തുടക്കമിട്ടത്. ഇത് മെയ് 15 നക്ബ ദിനം വരെ തുടരും. 1948 ല്‍ സയണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ 7.5 ലക്ഷം ഫലസ്തീനികള്‍ക്ക് സ്വന്തം വീടും നാടും വിട്ട് ഓടേണ്ടി വന്നതിന്റെ 70-ാം വാര്‍ഷികമാണ് ഈ വരുന്ന നക്ബ ദിനം.