2018 May 12 Saturday

ഗസ്സ മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ വെടിവയ്പ്പ്: ഫലസ്തീനി മരിച്ചു, 167 പേര്‍ക്ക് പരുക്ക്

ഗസ്സ: ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ ഭാഗമായി ഏഴാം വെള്ളിയാഴ്ചയും ഗസ്സ അതിര്‍ത്തിയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. ആക്രമണത്തില്‍ 40 കാരനായ സാലിം അബു മുസ്തഫ എന്ന ഫലസ്തീന്‍കാരന്‍ മരിച്ചു.

നെഞ്ചില്‍ വെടിയേറ്റാണ് അബു മുസ്തഫ മരിച്ചത്. മാര്‍ച്ചിനു നേരെ വെടിവയ്പ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതേത്തുടര്‍ന്ന് 167 പേര്‍ക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റ പറഞ്ഞു.

പരുക്കേറ്റവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ട്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ പരുക്കേറ്റവരെ വൈദ്യസംഘം ചികിത്സിക്കുകയാണ്.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍

മാര്‍ച്ച് 30 മുതലാണ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പ്രക്ഷോഭ പരിപാടി തുടങ്ങിയത്. ഭൂമി ദിനത്തോടനുബന്ധിച്ച് തുടങ്ങിയ പ്രതിഷേധം ഈമാസം 15ന് നക്ബ ദിനം വരെ തുടരാനാണ് പദ്ധതി. കഴിഞ്ഞ ആറാഴ്ചകളിലും മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഗ്രനേഡ്, കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ 47 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 8,500 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

1948ല്‍ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 7.5 ലക്ഷം അറബികള്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ ഓര്‍മ്മയായാണ് എല്ലാവര്‍ഷവും മെയ് 15ന് നക്ബ ദിനം (മഹാദുരന്ത ദിനം) ആചരിക്കുന്നത്. ഇസ്‌റാഈലികള്‍ കയ്യേറിയ തങ്ങളുടെ വീടും സ്ഥലവും തിരിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ നടത്തുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.