2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം

ഡോ. വി. ബാലകൃഷ്ണന്‍

എങ്ങനെയാണ് മരട് മുനിസിപ്പാലിറ്റിയുടെ മൂക്കിന്‍താഴത്ത്, കായലോരത്ത് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പണിതുയര്‍ത്തിയതെന്നൊന്നും ആരും ചോദിച്ചുപോകരുത്. ചോദ്യങ്ങള്‍ ഭരിക്കുന്നവര്‍ക്കും ഭരണകൂടങ്ങള്‍ക്കും ആഗോളസാമ്രാജ്യത്വത്തിനും പണ്ടേ ഇഷ്ടമല്ല. ആരെന്തു ചോദിച്ചാലും മറുപടി പറയാന്‍ അവര്‍ക്കു മനസ്സുമില്ല.
എന്തോ കടുത്ത നിയമലംഘനം നടന്നെന്ന പേരിലാണല്ലോ ആന്തൂരില്‍ ഒരു കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്നത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടേണ്ടതു തന്നെ. അതുപക്ഷേ, സാജന്റെ കാര്യത്തില്‍ മാത്രം പോര. തീരദേശപരിപാലന നിയമം ലംഘിച്ചു കായല്‍ത്തീരത്ത് വന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച്, അതു വിറ്റു കാശാക്കിയ നിര്‍മാതാവിനും അയാളില്‍നിന്നു കൈക്കൂലി വാങ്ങിയോ അല്ലാതെയോ നിയമലംഘനം കണ്ടില്ലെന്നു നടിച്ച മരട് മുനിസിപ്പാലിറ്റിയിലെ ഭരണാധിപന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ചട്ടങ്ങളൊക്കെ ബാധകമാണ്.
മരട് മുനിസിപ്പാലിറ്റിയിലെ ഭരണാധിപന്മാരും ഉദ്യോഗസ്ഥരും ഇക്കാലത്തിനിടയില്‍ ഒരു നേരമെങ്കിലും കണ്ണു തുറന്നുനോക്കിയിരുന്നെങ്കില്‍ ആകാശം മുട്ടെ ഉയര്‍ന്നുവന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കാണുമായിരുന്നില്ലേ, അവ കേവലം കൈയാലയോ വേലിയോ മതിലോ അല്ലല്ലോ. കാണാതെ പോയതല്ല, കരുതിക്കൂട്ടി കണ്ണടച്ചിരുന്നതാണ്. കക്കാടംപൊയിലില്‍ ചെങ്കുത്തായ പരിസ്ഥിതിലോല പ്രദേശത്തു പാര്‍ക്കുകളും തടയണകളും നിര്‍മിച്ചപ്പോഴും ഇപ്പറഞ്ഞ നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടിരുന്നില്ല. കാരണം, ആ ഭൂമി ഭരണപക്ഷത്തെ എം.എല്‍.എയുടേതാണ്.
ഇതിനിടയില്‍ അമ്പരപ്പിച്ച വാര്‍ത്ത മരടിലെ ഫ്‌ളാറ്റ് ഉടമസ്ഥരുടെ ചെലവില്‍ പൊളിച്ചുമാറ്റണമെന്ന സുപ്രിംകോടതി വിധിയാണ്. അതിലെ യുക്തി മനസ്സിലായതേയില്ല. നിയമരഹിതമായി ഫ്‌ളാറ്റുണ്ടാക്കി വിറ്റു ലാഭം കൊയ്ത ബില്‍ഡര്‍ക്കെതിരേ ഒരു നടപടിയുമില്ല. പൊളിക്കാനുള്ള ചെലവുപോലും അയാള്‍ വഹിക്കേണ്ടതില്ല! വല്ല വിധേനയും സ്വരുക്കൂട്ടിവച്ചും കടം വാങ്ങിയും ഫ്‌ളാറ്റു വാങ്ങിയ ഉടമകള്‍ തന്നെ അവര്‍ ചെയ്യാത്ത കുറ്റത്തിനു ശിക്ഷയനുഭവിക്കണം! സകലമാന നിയമവും ലംഘിച്ച ബില്‍ഡര്‍ക്കു പരമസുഖം.
കൊച്ചിയില്‍ ഇതേ നിയമം ലംഘിച്ചു കുത്തക ബില്‍ഡര്‍ ഡി.എല്‍.എഫ് പണിത ഫ്‌ളാറ്റ് ഒരു കോടി രൂപ ഫൈനടപ്പിച്ചു കോടതി നിയമവിധേയമാക്കിയതും മറക്കരുത്. നിയമം കൃത്യമായി നിര്‍വചിച്ചു രേഖപ്പെടുത്തി വച്ചതാണ്. അതു പിന്നെങ്ങനെയാണു രണ്ടുസന്ദര്‍ഭങ്ങളില്‍, രണ്ടാളുടെ കാര്യത്തില്‍ രണ്ടുവിധമാകുന്നത്. മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയില്‍ നിന്നു ലഭിക്കാതിരുന്ന സ്റ്റേ പിന്നെങ്ങനെ ജസ്റ്റിസ് ഇന്ദിരാബാനര്‍ജിയുടെ ബെഞ്ചില്‍നിന്നു ലഭിച്ചത്.
ബെഞ്ച് മാറിയാല്‍ അനുകൂലവിധി കിട്ടുമെങ്കില്‍ എല്ലാവര്‍ക്കും ആ വഴിക്കു പോയാല്‍ മതിയല്ലോ. നിയമത്തെ വ്യാഖ്യാനിച്ചു വഴിതിരിച്ചു വിടാന്‍ പാകത്തില്‍ പഴുതുകളിട്ട ഭരണഘടനയാണു നമ്മുടേത്. ഐവര്‍ ജെന്നിങ്‌സ് ഇന്ത്യന്‍ ഭരണഘടനയെ ‘വക്കീലന്മാരുടെ പറുദീസ’യെന്നു വിശേഷിപ്പിച്ചത് ഈ വ്യാഖ്യാനസാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാകണം.
ആന്തൂരിലേയ്ക്കു മടങ്ങാം. ചുരുങ്ങിയ തിരുത്തലുകള്‍ നടത്തിയതിലൂടെ കണ്‍വന്‍ഷന്‍ സെന്ററിന് അധികൃതര്‍ ഇപ്പോള്‍ അനുമതി നല്‍കി. ഇന്നിതു ചെയ്യാമായിരുന്നെങ്കില്‍ കുറച്ചു നേരത്തേ ആകാമായിരുന്നല്ലോ. അങ്ങനെയെങ്കില്‍ സാജനു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ആ കുടുംബത്തിനു നാഥനെ നഷ്ടപ്പെടില്ലായിരുന്നു. ഒരു പൗരന്റെയും ജീവന്‍ സര്‍ക്കാര്‍ സംവിധാനത്തിലെ പിഴകൊണ്ടു നഷ്ടപ്പെടരുത്. ഭരണാധിപന്മാര്‍ ദാര്‍ശനികരാകണമെന്നു പ്ലാറ്റോ പറഞ്ഞത് ഇതൊക്കെ മുന്‍കൂട്ടിക്കണ്ടാണ്.
നിയമം ഒന്നു മാത്രമായിരിക്കെ നീതിയെങ്ങനെയാണു രണ്ടു വിധത്തിലാകുന്നത്. രാജ്കുമാറിനു ലഭിക്കാതിരുന്ന നീതി എങ്ങനെയാണ് അയാളെ ഉരുട്ടിക്കൊന്ന പൊലിസുകാരനു ലഭിക്കുന്നത്. എസ്.ഐ സാബുവിന് നിയമത്തിന്റെ എല്ലാ പരിരക്ഷയും നല്‍കിക്കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അതാണതിന്റെ ശരി.
പക്ഷേ, അത് ഈ നാട്ടിലെ മറ്റൊരു പൗരനായ രാജ്കുമാറിനും ലഭിക്കണം. അതിനയാള്‍ അര്‍ഹനാണ്. നാലു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചാണ് അദ്ദേഹത്തെ ഭീകരമായി മര്‍ദിച്ചത്. അഞ്ചാംദിവസം ജയിലില്‍ മരിക്കുന്നതുവരെ പൊലിസിന്റെ നരനായാട്ട് ആഭ്യന്തര വകുപ്പും പൊലിസ് ഏമാന്മാരും അറിഞ്ഞില്ലത്രെ. ആര്‍ക്കു വിശ്വസിക്കാന്‍ കഴിയും ഇത്. നമ്മുടെ സംവിധാനം അങ്ങനെയാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വഞ്ചനയും പണാപഹരണവുമാണു രാജ്കുമാറിനെതിരേയുള്ള കേസെങ്കില്‍ അതന്വേഷിച്ചു കോടതിയില്‍ കുറ്റപത്രം നല്‍കുകയായിരുന്നു പൊലിസ് ചെയ്യേണ്ടിയിരുന്നത്. സാമ്പത്തികതട്ടിപ്പു പുറത്തുകൊണ്ടുവരാനുള്ള ശ്രമമല്ല പൊലിസ് നടത്തിയത്. രാജ്കുമാര്‍ നടത്തിയ തട്ടിപ്പിന്റെ മറയത്തുനിന്നു മറ്റൊരു തട്ടിപ്പിലൂടെ പണം കൈക്കലാക്കാനുള്ള ശ്രമമാണു നടത്തിയത്. രാജ്കുമാര്‍ തട്ടിയ പണം എങ്ങോട്ടു പോയെന്ന് അന്വേഷിക്കാന്‍ പൊലിസ് മുതിര്‍ന്നില്ല. അതിനു മെനക്കെട്ടാല്‍ അതു പല വന്‍ സ്രാവുകളിലേയ്ക്കും നീളുമെന്നു പൊലിസിനറിയാം. അന്വേഷണം അങ്ങനെ പോകാതെ രാജ്കുമാറില്‍ ഒതുക്കി നിര്‍ത്തനാണവര്‍ ശ്രമിച്ചത്.
പരിഷ്‌കൃതരാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണു നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൊലിസിന്റെ ഭാഗത്തു ഗുരുതരമായ തെറ്റുണ്ടായി. ആശുപത്രിക്കാര്‍ക്കു വീഴ്ച സംഭവിച്ചു, റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് കാര്യങ്ങള്‍ വേണ്ടവിധം ഗ്രഹിച്ചില്ലെന്നു പരാതി. ജയിലധികൃതര്‍ക്കും തെറ്റ് സംഭവിച്ചു. അന്വേഷണം പൂര്‍ത്തിയാകും മുമ്പു തന്നെ എസ്.പി കുറ്റക്കാരനല്ലെന്നും രാജ്കുമാറാണു കുഴപ്പക്കാരനെന്നും മന്ത്രി മണി. അതു ശ്രദ്ധയില്‍പ്പെട്ടില്ലെന്നു മുഖ്യമന്ത്രി.
പൊലിസിനു രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നുവെന്നല്ലേ ഇതിനര്‍ഥം. രാഷ്ട്രീയക്കാര്‍ക്കു ലഭിച്ചുവരുന്ന പൊലിസ് സംരക്ഷണമെന്നും പറയാം. പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം കാണിക്കാനും പാര്‍ട്ടി സമ്മേളനത്തില്‍ ചുവന്ന ഉടുപ്പിട്ട് ഇന്‍ക്വിലാബ് വിളിക്കാനും പൊലിസിന് എവിടെനിന്നു ധൈര്യം കിട്ടുന്നു. വകുപ്പും വകുപ്പുമന്ത്രിയുമറിയാതെ നടക്കുന്ന കാര്യമല്ലല്ലോ അത്. ലാത്തിയുടെ ബലത്തില്‍, ലോക്കപ്പിന്റെ പിന്‍ബലത്തില്‍ ഉരുട്ടിയും ചതച്ചും കൊന്നും കൊല്ലാക്കൊല ചെയ്തും രസിക്കുന്ന പൊലിസിന്റെ കാടന്‍ മാനസികാവസ്ഥ തിരുത്തുക തന്നെ വേണം.
പൊലിസുകാരോട് ഒരപേക്ഷയുണ്ട്, ജീവന്‍ പോകുമ്പോള്‍ കുടിവെള്ളം ചോദിക്കുന്ന മൃതപ്രായരായ പ്രതികള്‍ക്ക് ഇത്തിരി വെള്ളം നല്‍കാന്‍ കനിവുണ്ടാകണം. ഡോ. സജി പേരാമ്പ്രയെന്ന ഹോമിയോ ഡോക്ടര്‍ എഴുതിയ മനോഹരമായ, ഹൃദയഹാരിയായ ഒരു കവിതയുണ്ട്, ആരു ഞാനാകണം എന്ന് ഉണ്ണി ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു കൊടുത്തത് ‘ഇറ്റു വെള്ളത്തിനായ് കേഴുന്ന ജീവന്റെ നാക്കിലേക്കിറ്റുന്ന നീരാവുക’ എന്നാണ് അതിലെ വരികള്‍. കേരളാ പൊലിസിനോടും ഇതാണു പറയാനുള്ളത്.
മൂന്നരപ്പതിറ്റാണ്ടു മുമ്പ് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയെ ആസ്പദമാക്കി കെ.ജി ജോര്‍ജ് സംവിധാനം ചെയ്തവതരിപ്പിച്ച സിനിമയാണ് പഞ്ചവടിപ്പാലം. ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയെന്നുതന്നെ പറയാം. പിന്നീട് വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയിലും പാലം പണിയുമായി ബന്ധപ്പെട്ട രംഗങ്ങളുണ്ട്. എന്നാല്‍ പിന്നീടിങ്ങോട്ട് അത്തരം പാലം പണി സിനിമകള്‍ തീര്‍ത്തും ഉണ്ടായില്ലെന്നുതന്നെ പറയാം.
പക്ഷേ സിനിമയില്ലെന്ന് കരുതി ജനം വിഷമിക്കരുതല്ലോ. അതുകൊണ്ട് ഒരു യഥാര്‍ഥ പഞ്ചവടിപ്പാലം തന്നെ പണിതു പാലാരിവട്ടത്ത്, നമ്മുടെ സര്‍ക്കാരും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടുകാരും എല്ലാവരും ചേര്‍ന്ന് പണിത് രണ്ടരക്കൊല്ലം കഴിഞ്ഞതേ ഉള്ളുവത്രെ, പാലം കേടായി. ദൈവാധീനംകൊണ്ട് അത് തകര്‍ന്ന് വീണില്ല. അതിനെങ്കിലും കരുണ കാണിച്ചു ഇത് പണിതവര്‍. അതിനവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. രണ്ടരക്കൊല്ലം അതിലൂടെ പോയവര്‍ക്കറിയാം അതിന്റെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന്. അതിന് സാക്ഷാല്‍ ശ്രീധരന്‍ സാറോ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധരോ ആവശ്യമില്ല. എങ്കിലും എന്തിനും ഏതിനും ഒരടിസ്ഥാനം വേണമല്ലോ. അതുകൊണ്ട് ശ്രീധരന്‍ സാര്‍ പറഞ്ഞത് നമുക്ക് കാര്യമായെടുക്കാം. പതിനേഴ് സ്പാനുകളില്‍ വിള്ളലുണ്ടത്രെ.
അതത്രയും മാറ്റണം. മൂന്ന് പിയര്‍ ക്യാപ്പുകളുടെ സ്ഥിതി അപകടാവസ്ഥയില്‍. എന്തോ ഒരു വിദ്യ ചെയ്ത് അത് പുനഃസ്ഥാപിക്കണം. ഇതിനെല്ലാം കൂടി പതിനെട്ടര കോടി ചെലവു വരുമെന്ന് മുഖ്യമന്ത്രി. 10 മാസമെടുക്കും ഇപ്പറഞ്ഞ പണി പൂര്‍ത്തിയാക്കാന്‍. കൂട്ടത്തില്‍ ഒന്ന് ഓര്‍മപ്പെടുത്തട്ടെ. ഇനി ചെയ്യുന്ന പതിനെട്ടര കോടി പണിയിലെങ്കിലും അഴിമതി കാട്ടരുത്. അപ്പോപ്പിന്നെ വീണ്ടും ശ്രീധരന്‍ സാറിനെയും ഐ.ഐ.ടി വിദഗ്ധരെയും വിളിക്കണം.
വീണ്ടുമൊരു അഞ്ചെട്ടു കോടി വേറെയും വേണ്ടിവരും. 100 വര്‍ഷം ഉപയോഗിക്കേണ്ട പാലം രണ്ടര വര്‍ഷം കൊണ്ട് കേടായത് ഇന്നാട്ടിലെ സാധാരണക്കാരന്റെ കുറ്റം കൊണ്ടല്ലല്ലോ. ഇനി അറിയാനുള്ളത് ഈ പതിനെട്ടര കോടി ചെലവ് ആരു വഹിക്കും എന്നാണ്: സര്‍ക്കാര്‍ ആദ്യം വഹിക്കുമെന്നും ആരില്‍ നിന്ന് ഈടാക്കണമെന്ന് അന്വേഷണത്തിനുശേഷം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് കേട്ട് അഴിമതി നടത്തിയവര്‍ക്ക് താല്‍ക്കാലിക ആശ്വാസം കിട്ടിക്കാണും.
അത് സ്ഥിരാശ്വാസമാകും എന്ന കാര്യത്തില്‍ തര്‍ക്കവും വേണ്ട. ഒന്നു ചോദിച്ചോട്ടെ, ആരില്‍ നിന്ന് ഈടാക്കണമെന്ന് തീരുമാനിക്കാന്‍ ഇത്ര വലിയ അന്വേഷണം വേണോ സാര്‍. പി.ഡബ്ല്യു.ഡി ഓഫിസിലെ ഫയല്‍, ചുമതലാബോധവും സത്യസന്ധതയുമുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്ത് തീര്‍ക്കാവുന്നതേയുള്ളൂ ഈ അന്വേഷണം.
അതിന് വിജിലന്‍സും കുന്തവും കൊടചക്രവും ഒന്നും വേണ്ട. പിന്നെ സര്‍ക്കാരിന് ബാക്കിയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണം ഈ അന്വേഷണമെന്ന പ്രഹസനം. എന്നിട്ട് അഴിമതി കാട്ടിയവരില്‍ നിന്ന് ആ തുക ഈടാക്കി സര്‍ക്കാര്‍ ഖജനാവിലേക്ക് അടക്കണം. ആ തുക കൊണ്ട് കുട്ടികള്‍ക്ക് പുസ്തകവും ഉച്ചക്കഞ്ഞിയും കാന്‍സര്‍ രോഗികള്‍ക്കും വൃക്കരോഗികള്‍ക്കും ഇത്തിരി ധനസഹായവും അഗതികള്‍ക്ക് പെന്‍ഷനും നല്‍കി മാതൃക കാണിക്കണം. അല്ലാതെ ഇത് യു.ഡി.എഫിന്റെ കാലത്ത് നടന്നതാണ് എന്നും മറ്റുമുള്ള സ്ഥിരം പല്ലവി പാടി ജനങ്ങളെ പറ്റിക്കരുത്. കോണ്‍ട്രാക്ടറെ മാത്രമല്ല, അതിനു കൂട്ടുനിന്ന മന്ത്രിയോ ഉദ്യോഗസ്ഥരോ ആരുമായിക്കൊള്ളട്ടെ, അവരെയൊക്കെ ശിക്ഷിക്കുകയും വേണം. പക്ഷേ അതെല്ലാം പെട്ടെന്ന് വേണം. വീണ്ടുമൊരു കോടിയുടെ കണക്ക് താങ്ങാന്‍ വയ്യ. പിന്നെ വല്ല ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച് രക്ഷപ്പെടാന്‍ നോക്കരുത്. നികുതി നല്‍കി നട്ടെല്ലൊടിഞ്ഞ പാവം ജനങ്ങളുടെ അപേക്ഷയായി ഇതിനെ കണ്ട് മേലാവില്‍ നിന്ന് കനിവുണ്ടാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.