2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പാകിസ്താനും സമ്മതിച്ചു കശ്മിര്‍ ഇന്ത്യയുടേത്

 

 

 

 

 

ജനീവ: കശ്മിര്‍ ഇന്ത്യയുടെ സംസ്ഥാനമെന്ന് സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനിടെ മാധ്യമങ്ങളുമായി നടന്ന സംവാദത്തിലാണ് ജമ്മുകശ്മിര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയത്. കശ്മിര്‍ ഇന്ത്യയുടെ ഭാഗം തന്നെയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകശ്മിര്‍ എന്ന് വിശേഷിപ്പിച്ചാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അദ്ദേഹം സംസാരിച്ചത്. എന്നാല്‍ കശ്മിരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ വേണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചു.
കശ്മിരില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. 80 ലക്ഷത്തോളം കശ്മിരികള്‍ സൈന്യത്തിന്റെ തടവറയിലാണ്. ഇവിടെ ഇന്ത്യന്‍ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും കര്‍ഫ്യൂ പിന്‍വലിക്കുക, വാര്‍ത്താവിനിമയ ബന്ധം പുനഃസ്ഥാപിക്കുക, പൗരന്മാര്‍ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക, രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിലൂടെ പാക് വിദേശ കാര്യമന്ത്രി ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള എല്ലാ നിയമങ്ങളും കശ്മിരികള്‍ക്ക് ബാധകമാക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെടുന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം ലഭ്യമാകുന്നില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മിരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി നിയമ വിരുദ്ധമാണ്. കശ്മിര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ കൗണ്‍സില്‍ ഒന്നുകില്‍ അടിയന്തര ചര്‍ച്ച അംഗീകരിക്കുകയോ അല്ലെങ്കില്‍ കശ്മിരിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് പ്രമേയം പാസാക്കുകയോ വേണമെന്നുമാണ് പാക് ആവശ്യം.
കശ്മിര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും വിഷയം ഉന്നയിച്ച് ആഗോളതലത്തില്‍ ശ്രദ്ധ നേടാന്‍ പാക് ശ്രമം തുടങ്ങിയത്.
അതേസമയം ജമ്മുകശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നം ഉന്നയിച്ചിട്ടും ഫലിക്കാതെ വന്നതിനെ തുടര്‍ന്ന് അവസാന ആശ്രയമെന്ന നിലയിലാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രശ്‌നം ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ അനധികൃതമായി ഇടപെടുകയാണെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ് ആരോപിച്ചു.

ഉഭയകക്ഷി ചര്‍ച്ച നിര്‍ദേശം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: കശ്മിരില്‍ ഇന്ത്യ ഏകപക്ഷീയമായ നടപടികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന പാക്-ചൈന സംയുക്ത പ്രസ്താവനക്കെതിരേ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ.
ഇന്നലെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് പാകിസ്താനും ചൈനക്കുമെതിരേ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചത്. ചൈന-പാക് സംയുക്ത പ്രസ്താവനയെ തള്ളുന്നുവെന്ന് പറഞ്ഞ വിദേശ കാര്യമന്ത്രാലയം, ജമ്മു കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രഖ്യാപിച്ചു.
ചരിത്രത്തില്‍ അവശേഷിക്കുന്ന തര്‍ക്കമാണ് കശ്മിരെന്നും പ്രശ്‌നം സമാധാനമായി പരിഹരിക്കാന്‍ യു.എന്‍ ചാര്‍ട്ടറിന്റെയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ അനുസരിക്കണമെന്നും ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രശ്‌ന പരിഹാരം വേണ്ടതെന്നുമാണ് പാകിസ്താനും ചൈനയും സംയുക്ത പ്രവസ്താവനയില്‍ വ്യക്തമാക്കിയത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ രണ്ടുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിനൊടുവിലാണ് ഇരു രാജ്യങ്ങളും സംയുക്തമായി കശ്മിര്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവന നടത്തിയത്.
1947 മുതല്‍ പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കശ്മിരിന്റെ ഒരു ഭാഗത്തുകൂടെ പാക്-ചൈന സാമ്പത്തിക ഇടനാഴി എന്ന പദ്ധതിയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
പദ്ധതി ഇരു രാജ്യങ്ങളും നിര്‍ത്തിവയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News