2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

Editorial

പാക് തെരഞ്ഞെടുപ്പ്‌ ഫലം ഉയര്‍ത്തുന്ന ആശങ്കയും പ്രതീക്ഷയും


ചരിത്രപരമായ കാരണങ്ങളാല്‍ പാകിസ്താന്‍ രാഷ്ട്രീയത്തിലെ ഓരോ ചലനവും ഇന്ത്യക്കും ഇന്ത്യയിലേത് പാകിസ്താനും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പാകിസ്താനില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്തുന്നത് ആ രാജ്യത്തുള്ളവരേക്കാളധികം ഇന്ത്യന്‍ ഭരണകൂടവും ഇവിടുത്തെ ജനതയുമാണ്. പാക് രാഷ്ട്രീയം നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷയുമായും അതിര്‍ത്തിയിലെ സമാധാനവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതായതിനാല്‍ നമുക്ക് ആ ജാഗ്രത തുടരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഭാവിയില്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത.
പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകത്തെ ഏറ്റവും പ്രമുഖ ക്രിക്കറ്റ് താരങ്ങളിലൊരാളുമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പി.ടി.ഐ) എന്ന പാര്‍ട്ടിയാണ് അവിടെ ബഹുദൂരം മുന്നിലെത്തി നില്‍ക്കുന്നത്. ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റ് നേടാനായിട്ടില്ലെങ്കിലും കുറഞ്ഞ സീറ്റുകള്‍ നേടിയ ചില കക്ഷികളുടെ പിന്തുണയോടെ ഇമ്രാന്‍ ഭരണത്തിലെത്തുമെന്നാണ് സൂചന.
ഇമ്രാന്റെ പാര്‍ട്ടി അധികാരത്തിലെത്തിയ പശ്ചാത്തലവും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം നടത്തിയ പ്രസ്താവനകളുമൊക്കെ ഇന്ത്യന്‍ ജനതയില്‍ ആശങ്കയ്‌ക്കൊപ്പം ചില പ്രതീക്ഷകളും സൃഷ്ടിക്കുന്നുണ്ട്. എക്കാലവും ഇന്ത്യാവിരുദ്ധതയാണ് പാക് രാഷ്ട്രീയത്തിന്റെ ചലന നിയമം. അതില്‍ പാക്പട്ടാളം അതിപ്രധാനമായ ഒരു റോള്‍ വഹിക്കുന്നുമുണ്ട്. ഇമ്രാന്റെ പാര്‍ട്ടിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളും ഇതൊക്കെ തന്നെയാണ്. കടുത്ത ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയാണ് പി.ടി.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്തകാലത്ത് പാകിസ്താന്‍ ഭരിച്ച നേതാക്കളില്‍ ജനാധിപത്യത്തോട് ഏറ്റവുമധികം ആഭിമുഖ്യം പുലര്‍ത്തുകയും പട്ടാള ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക് അധികമൊന്നും വഴങ്ങാതിരിക്കുകയും ചെയ്ത നവാസ് ശരീഫിനെ അഴിമതിക്കേസില്‍ കുടുക്കി താഴെയിറക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പട്ടാളത്തിന്റെ കലവറയില്ലാത്ത പിന്തുണ ഇമ്രാനുണ്ടായിരുന്നു. പല നിയോജകമണ്ഡലങ്ങളിലും പട്ടാളം ബലപ്രയോഗത്തിലൂടെ ജനവിധി അട്ടിമറിച്ച് ഇമ്രാന്റെ പാര്‍ട്ടിയുടെ വിജയത്തിനു വഴിയൊരുക്കിയതായി പരക്കെ ആരോപണമുയരുന്നുമുണ്ട്.
ഇത്തരത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് ഊര്‍ജം സംഭരിച്ച് അധികാരത്തിലെത്തുന്ന ഇമ്രാനില്‍ നിന്ന് കടുത്ത ഇന്ത്യാവിരുദ്ധ നടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്ക സ്വാഭാവികമായും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അനുകൂലമെന്നു കണ്ടപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ ചില പ്രസ്താവനകള്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്നുമുണ്ട്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യ ഒരടി മുന്നോട്ടുവച്ചാല്‍ പാകിസ്താന്‍ രണ്ടടി മുന്നോട്ടുവയ്ക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മിര്‍ പ്രശ്‌നം തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതും ശുഭസൂചകമാണ്. നേരത്തെ ഇതുപോലെ ഇന്ത്യാവിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിച്ച് പട്ടാളത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ നവാസ് ശരീഫ് പിന്നീട് ഇന്ത്യാവിരുദ്ധതയില്‍ അയവു വരുത്തിയ അനുഭവം നമുക്കു മുന്നിലുണ്ട്. ഇമ്രാന്റെ രാഷ്ട്രീയ നിലപാടുകളും ആ ദിശയില്‍ തന്നെ നീങ്ങുമെന്ന് നമുക്കു തല്‍ക്കാലം പ്രതീക്ഷിക്കാം, പാകിസ്താന്റെ രാഷ്ട്രീയ ചരിത്രം അത്തരമൊരു പ്രതീക്ഷയ്ക്കു വക നല്‍കുന്നില്ലെങ്കില്‍ പോലും. പാക് പട്ടാളത്തിന്റെ എതിര്‍പ്പ് മറികടന്ന് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ച നവാസ് ശരീഫും ആസിഫലി സര്‍ദാരിയും അതില്‍ പരാജയപ്പെടുകയാണുണ്ടായത്.
ഇന്ത്യക്കു മാത്രമല്ല ലോകത്തെങ്ങുമുള്ള സമാധാനകാംക്ഷികള്‍ക്കു മൊത്തത്തില്‍ തന്നെ പ്രതീക്ഷ നല്‍കുന്ന ഒരു സുപ്രധാന വിധിയെഴുത്തു കൂടി പാക് തെരഞ്ഞടുപ്പിലുണ്ടായി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റേതുള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്കു കനത്ത പരാജയമാണ് പാക് ജനത സമ്മാനിച്ചത്. ഇവര്‍ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഹാഫിസ് സഈദിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം തന്നെ അവര്‍ നടത്തിയെങ്കിലും വളരെ കുറച്ചു വോട്ടുകള്‍ മാത്രമാണ് ഈ സ്ഥാനാര്‍ഥികള്‍ക്കു നേടാനായത്. തീവ്രവാദ- ഭീകരവാദ പ്രസ്ഥാനങ്ങളെ പാക് ജനത നിരാകരിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണിത്. പാക് സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഈ മനോഭാവം ആ രാജ്യത്തെ സമാധാനത്തിലേക്കു നയിക്കാനും ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്താനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.