2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നെല്‍വയലുകളില്‍ നിരോധിത കീടനാശിനികള്‍

 

കൊച്ചി: നെല്‍വയലുകളിലെ മാരക കീടനാശിനി പ്രയോഗം കണ്ടില്ലെന്ന് നടിച്ച് കൃഷിവകുപ്പ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടിലുള്‍പ്പെടെ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിക്കുകയാണ്. നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി വ്യാപകമായി മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.

നെല്‍വയലുകളില്‍ ‘മരുന്ന്’ എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം. നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വന്‍തുക നല്‍കി സര്‍ക്കാര്‍ സംവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ചു വളരുന്നതെന്നാണ് അരോപണം.
കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാനായി കൃഷി വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്. സംസ്ഥാനത്തെ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തുമെന്ന പ്രഖ്യാപനം വഴിപാടായി മാറുകയാണ്. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലേ ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂയെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.

അതേസമയം, അപ്പര്‍കുട്ടനാടില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം കീടനാശിനി ശ്വസിച്ച് രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചത്. 2500 ഓളം ഏക്കറിലാണ് പെരിങ്ങരയില്‍ നെല്‍കൃഷി. കീടനാശിനിയുടെ അളവ് നിശ്ചയിക്കുന്നതിലും നിര്‍ദേശിക്കുന്നതിലും സുപ്രധാന പങ്കാണ് കൃഷി ഓഫിസര്‍ക്കുള്ളത്. കര്‍ഷകര്‍ കീടനാശിനി ശ്വസിച്ച് മരിച്ചത് കൃഷി ഓഫിസര്‍ പോലുമില്ലാത്ത പഞ്ചായത്തിലാണെന്നത് കൃഷിവകുപ്പിന്റെ അനാസ്ഥയ്ക്ക് തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പെരിങ്ങരയില്‍ കൃഷി ഓഫിസറുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസമായിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഇത്തരത്തില്‍ അന്‍പതോളം ഒഴിവുകളാണുള്ളത്്. കീടനാശിനി തളിക്കുന്ന കര്‍ഷകര്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ട കൃഷി ഓഫിസര്‍മാരുടെ ഒഴിവ് നികത്താത്തത് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. നിരോധിത കീടനാശിനികളുള്‍പ്പെടെയുള്ളവ സംസ്ഥാനത്ത് വ്യാപകമാകുമ്പോഴും കൃഷിവകുപ്പ് നോക്കുകുത്തിയായി മാറുന്നത് ഇതിന് പിന്നിലുള്ള വന്‍ലോബികളെ സഹായിക്കാനാണെന്നും പരാതിയുണ്ട്.

കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് ഇവ വിതരണം ചെയ്യാന്‍ പാടില്ലെന്ന കൃഷിവകുപ്പ് നിര്‍ദേശവും അട്ടിമറിക്കപ്പെടുകയാണ്. കൂടാതെ കീടനാശിനികമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തരുതെന്ന ഉത്തരവും വ്യാപകമായി ലംഘിക്കപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.