2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

ആന്റണി കര്‍ണ്ണാടകയിലെ ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ? പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ? ആന്റണിക്കെതിരേ പി. രാജീവ്

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്‍ണിക്കെതിരേ സി.പി.എം നേതാവ് പി. രാജീവ് രംഗത്ത്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാജീവ് ആന്റണിക്കെതിരേ തുറന്നടിച്ചത്. ആന്റണി ഗോവയിലേയും കര്‍ണ്ണാടകയിലേയും ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ? പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് രാജീവ് ഉന്നയിച്ചത്.

 

രാജീവിന്റെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

ശ്രീ എ കെ ആന്റണി കോണ്‍ഗ്രസ്സിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെ എസ് യു വിന്റെ സ്ഥാപക നേതാവെന്ന നിലയില്‍ പ്രത്യേകിച്ചും . ‘വിമോചന’ സമരത്തിലൂടെ വിദ്യാര്‍ത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ. അദ്ദേഹം പത്രസമ്മേളനത്തില്‍ നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങള്‍ക്ക് നിരവധി മറുപടികള്‍ വന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റാന്നാണ്. കോണ്‍ഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കര്‍ണ്ണാടകയിലേയും ബി ജെ പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ശ്രീ ഏ കെ ആന്റണി രാജ്യസഭയില്‍ ഒന്നാം നിരയില്‍ ഇരിക്കുന്ന സീനിയര്‍ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാല്‍ സഭാ നാഥന്‍ സംസാരിക്കാന്‍ അവസരം നല്‍കും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബി ജെ പി ക്കെതിരെ സംസരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ? പി ആര്‍.എസ് ഡാറ്റ പ്രകാരം ശ്രീ ഏ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളില്‍ മാത്രമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാല്‍ തുറന്നു കാണിക്കാന്‍ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാര്‍ലമെന്റില്‍ എത്ര ചോദ്യമുന്നയിച്ചു ? പൂജ്യം . ഒരു ചോദ്യം പോലും ചോദിക്കാന്‍ സമയം കിട്ടിയില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയില്‍ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരില്‍ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സര്‍ക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാര്‍ടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.
എന്നാല്‍, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വില്‍ നിന്നും വളര്‍ന്നില്ല എന്നതല്ല പ്രശ്‌നം കോണ്‍ഗ്രസ്സിന്റെ തല മുതിര്‍ന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.