2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പി.കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയില്‍, സസ്‌പെന്‍ഷന്‍ കാലയളവില്‍ നടത്തിയത് മികച്ച പ്രവര്‍ത്തനമെന്ന്, ജില്ലാകമ്മിറ്റി നിര്‍ദേശത്തിന് സംസ്ഥാന കമ്മിറ്റിയുടെയും പച്ചക്കൊടി

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സി.പി.എം സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശി എം.എല്‍.എ വീണ്ടും സി.പി.എം ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തി. നിലവില്‍ ഷൊര്‍ണൂര്‍ എം.എല്‍.എയായ പി.കെ ശശിക്കെതിരേ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാക്കമ്മിറ്റി അംഗമായ യുവതിയാണ് പീഡന പരാതി നല്‍കിയത്. തുടര്‍ന്ന്
പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തന്നെ ഒരു സമിതിയെ നിയോഗിച്ചു. കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു പി.കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മിഷന്റെ ശുപാര്‍ശ.
ഈ പരാതി അന്വേഷിച്ച സമിതിയിലെ അംഗമായ മന്ത്രി എ.കെ ബാലന്‍ തന്നെയാണ് ഇന്നത്തെ ജില്ലാകമ്മിറ്റിയില്‍ പി.കെ ശശി തിരിച്ചെത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ ശശി പങ്കെടുക്കും.

ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെന്നായിരുന്നു ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും അഭിപ്രായം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി.കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.