2018 June 11 Monday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

വിവാദം ഒഴിഞ്ഞു; ആ ചൊങ്കൊടിയും താഴ്ന്നു

ടി.കെ ജോഷി

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പെ ഇ.കെ നായനാര്‍ അക്കാദമിയില്‍ പി ജയരാജന്‍ ചെങ്കൊടി ഉയര്‍ത്തിയ വിവാദം പാര്‍ട്ടിയില്‍ അവസാനിച്ചതോടെ ഉയര്‍ത്തിയ ചെങ്കൊടിയും താഴ്ന്നു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ഏഴിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഇ.കെ നായനാര്‍ അക്കാദമിയുടെ മുന്‍പില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ് അക്കാദമിക്കു മുന്‍പില്‍ കൊടി ഉയര്‍ത്തിയതെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്‍പിലുമെത്തി.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നായനാര്‍ അക്കാദമിയുടെ ട്രസ്റ്റിന്റെ ചെയര്‍മാന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന അക്കാദമിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പെയാണ് പി ജയരാജന്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. അച്ചടക്കലംഘനമാണ് കാട്ടിയതെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ടായി.

സൈന്യത്തിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലം ഇ.കെ നായനാര്‍ അക്കാദമി സ്ഥാപിക്കാനായി ലഭ്യമായത് എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സി.പി.എം പൊളിറ്റ്ബ്യൂറോയുടെ ഇടപെടല്‍ കൊണ്ടാണ്. അക്കാദമിക്കുള്ള 18 കോടിയോളം രൂപ പിരിച്ചെടുത്തതും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ കണ്ണൂര്‍ നേതൃത്വത്തിലെ ചിലര്‍ ഇതിനെ വ്യക്തിപരമായ നേട്ടമായി കണ്ടതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

ഇത്തരം വിവാദത്തിന് പിന്നാലെയാണ് സംഗീത ആല്‍ബത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന സമിതി അച്ചടക്ക നടപടിയെടുത്തത്. എന്തായാലും അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിലും സമിതിയിലും വിഷയം ചര്‍ച്ചയായി. കുറ്റം ഏറ്റുപറഞ്ഞ ജയരാജന് നേതൃത്വം മാപ്പും നല്‍കി. ഇതോടെ നായനാര്‍ അക്കാദമിക്കു മുന്‍പില്‍ ഇപ്പോള്‍ കൊടിമരം മാത്രമായി. അടുത്ത മാസം ആദ്യം ഇ.കെ നായനാര്‍ അക്കാദമി ആന്‍ഡ് മ്യൂസിയം ഉദ്ഘാടന വേളയില്‍ ആര് ആദ്യം കൊടി ഉയര്‍ത്തിയാലും പാര്‍ട്ടി ചരിത്രം മറ്റൊന്നായിരിക്കും. ഇ.കെ നായനാര്‍ അക്കാദമിയില്‍ ആദ്യമായി ചൊങ്കൊടി ഉയര്‍ത്തിയത് പി ജയരാജന്‍ എന്ന ചരിത്രം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.