2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അന്ന് പി ജയരാജന്‍ പറഞ്ഞു ‘വി.എസ് ബിംബം ചുമക്കുന്ന കഴുത’ ഇന്ന് പിണറായി പറയുന്നു ‘ജയരാജനെ ബിംബമാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കേണ്ട’

ടി.കെ ജോഷി

കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി.പി.എമ്മില്‍ പിണറായിവി.എസ് പോര് മൂര്‍ച്ഛിച്ചിരിക്കുന്ന കാലം. വി.എസ് പാര്‍ട്ടിക്കു മുകളില്‍ വളരുമോയെന്ന ഭയം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. പാര്‍ട്ടി സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും വി.എസ്പിണറായി ഗ്രൂപ്പുകള്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള വാക്‌പോര് പതിവ്. പിണറായി വിജയന്റെ വലം കൈയായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍. വാക്കുംപോരും രൂക്ഷമായി തുടരവെ ഒരിക്കല്‍ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ വി.എസ് അച്യുതാനന്ദനെ പരിഹസിച്ചു. ‘വി.എസ് ബിംബം ചുമക്കുന്ന കഴുതയാണ്. ബിംബം ചുമക്കുന്ന കഴുതയുടെ വിചാരം ആളുകള്‍ വണങ്ങുന്നത് തന്നെയാണ് എന്നാണ്’.
ഇന്ന് ചരിത്രത്തില്‍ വീണ്ടും വിചിത്രമായ ആവര്‍ത്തനം. വി.എസിനെ ബിംബവല്‍ക്കരിച്ച അതേ ജയരാജനെ ബിംബവല്‍ക്കരിക്കുന്നതിനെതിരേ പിണറായി നിയമസഭയില്‍. ‘പി ജയരാജനെ ഉപയോഗിച്ച് പാര്‍ട്ടിയെ വിമര്‍ശിക്കേണ്ട. ചില ബിംബങ്ങളെ ഉപയോഗിച്ചുള്ള വിമര്‍ശനം വിലപ്പോവില്ല’. പിണറായി സഭയില്‍ പറഞ്ഞത്.

കണ്ണൂര്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്?

ആന്തൂര്‍ നഗരസഭയിലെ പ്രവാസി വ്യവസായിയുടെ മരണം കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയതയുടെ ബാക്കിപത്രമാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. ഇത് ഒരു പരിധിവരെ ശരിവെക്കുന്ന വിധത്തിലാണ് സി.പി.എമ്മിലും കണ്ണൂരിലും സംഭവിക്കുന്നതും. ഇതൊക്കെ സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം. ഇനി അറിയേണ്ടത് പി ജയരാജനെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറ്റാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളുടെ രക്തസാക്ഷിയാണോ പ്രവാസി വ്യവസായി സാജന്‍ എന്നാണ്. അതിന് പിണറായി നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന്റെ അന്വേഷണം മതിയാകുമോ എന്നാണ് ഉയരുന്ന സംശയം.

ആര്‍ക്കാണ് ജയരാജനെ പേടി?

 

നാല് മാസം മുന്‍പ് വരെ സി.പി.എമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തനായ ജില്ലാ സെക്രട്ടറി ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. പി ജയരാജന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ജില്ലയുടെ ചുമതലക്കാരന്‍. എന്നാല്‍ ഇന്ന് അങ്ങനെ ഒരാള്‍ ഇല്ല. വടകരയിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഔദ്യോഗിക നേതൃത്വം ആദ്യം ചെയ്തത് പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയെന്നതായിരുന്നു. പിന്നെ ജയരാജന്റെ ജനകീയതയാണ് ചില നേതാക്കള്‍ക്ക് വെല്ലുവിളിയായത്. സ്വന്തമായി അണികളുളള ചുരുക്കം ചില നേതാക്കളെ കേരള രാഷ്ട്രീയത്തിലുമുള്ളൂ. സി.പി.എമ്മില്‍ അണികളുള്ള നേതാക്കളുടെ പട്ടികയില്‍ വി.എസിന് ശേഷം എഴുതി ചേര്‍ത്ത പേര് പി ജയരാജന്റെതായിരുന്നു. ഇനി അങ്ങനെ ഒരു നേതാവും സി.പി.എമ്മിലുണ്ടാവില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് സി.പി.എം നേരിട്ടത്. അതിലേറെ തിരിച്ചടിയാണ് പി ജയരാജനും സംഭവിച്ചത്. വടകര ലോക്‌സഭാ സീറ്റില്‍ ഏറ്റ കനത്ത തോല്‍വിയോടെ പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമുണ്ടാകുമെന്ന് കരുതിയവര്‍ സി.പി.എമ്മിലുമുണ്ട്. ജയരാജന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത് കണ്ണൂര്‍ സീറ്റിലായിരുന്നു. എന്നാല്‍ പാര്‍ട്ടി നല്‍കിയത് വടകര. ടി.പിയുടെ രക്തം വീണ മണ്ണ്. എന്നിട്ടും ജയരാജന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശക്തമായ ഇടതു വിരുദ്ധ തരംഗത്തില്‍ വീണുപോയി. വടകരയില്‍ ജയരാജന്റെ സ്ഥാനാര്‍ഥിത്വം കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള തിരച്ചടിയാകുമെന്ന് സി.പി.എം നേതൃത്വത്തിന് മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്തതൊന്നുമല്ല. എന്നിട്ടും ജയരാജനെ ബലിയാടാക്കി.


എന്നാല്‍ തോല്‍വി ജയരാജനെ അത്ര തളര്‍ത്തിയില്ല. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ അണികളുടെ ‘ജില്ലാ സെക്രട്ടറി’യായി തുടര്‍ന്നു. പി.ജെ എന്ന പേരില്‍ പല ഗ്രൂപ്പുകള്‍. മറ്റ് നേതാക്കളുമായി പി ജയരാജനെ താരതമ്യം ചെയ്തുകൊണ്ടു കമന്റെുകള്‍ നേതൃത്വത്തിന്റെ ഉറക്കം കെടുത്തി. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശ്യാമളക്ക് പിഴവ് പറ്റിയെന്ന് പി ജയരാജന്‍ പരസ്യമായി പറഞ്ഞു. പാര്‍ട്ടി അത് തിരുത്തി, ഇത് ജയരാജനെ വീണ്ടും തളര്‍ത്തി.

സാജനും ജയരാജനും അടുത്ത ബന്ധം; ഇതും വിനയായി

പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി കൊടുക്കില്ലെന്ന നിലപാടില്‍ അന്തൂര്‍ നഗരഭാധ്യക്ഷ പി.കെ ശ്യാമള ഉറച്ചുനില്‍ക്കാന്‍ കാരണം കണ്ണൂര്‍ പാര്‍ട്ടിയിലെ ഈ വിഭാഗീയതയാണെന്നാണ് സൂചന. അനുമതി സംബന്ധിച്ച് കാര്യങ്ങള്‍ പി ജയരാജനിലൂടെ സാജന്‍ നീക്കിയത് ഔദ്യേഗിക പക്ഷത്തെ ചൊടിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന് ശ്യാമള ഉറപ്പിച്ചു പറയാന്‍ കാരണവും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്‍തുണ തന്നെയായിരിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News