2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

തേനിയില്‍ കാട്ടുതീ; എട്ടുമരണം, 16 പേരെ രക്ഷപ്പെടുത്തി

  • അപകടത്തില്‍ പെട്ടവരില്‍ മലയാളിയും

മൂന്നാര്‍: തമിഴ്‌നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ സംഘം കാട്ടുതീയില്‍ കുടുങ്ങി. എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള ട്രക്കിങ് സംഘമാണ് കാട്ടുതീയില്‍ പെട്ടത്. 40 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 19 പേരെ രാത്രിയോടെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ വിദ്യാര്‍ഥികളില്‍ പലരുടെയും നില ഗുരുതരമാണ്. രക്ഷപ്പെട്ടവരില്‍ കോട്ടയം സ്വദേശി ബീനയും ഉള്‍പെടുന്നു.

പരുക്കേറ്റവരില്‍ ഒന്‍പതുപേരെ തേനിയിലെ ബോഡിനായ്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, വനം വകുപ്പ് മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കാട്ടീതീ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പരുക്കേറ്റവരെയും തീയില്‍നിന്ന് രക്ഷപ്പെടുത്തിയവരെയും തേനി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്‌വാരത്തെത്തിയതോടെയാണ് തീ പടരുകയായിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത്. അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. തീ പടര്‍ന്നതോയെ സംഘം ചിതറിയോടി. തീ പടര്‍ന്ന ശേഷമാണ് ഗ്രാമവാസികള്‍ പോലും അറിഞ്ഞത്. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ സംഘത്തിലുള്ള ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനം വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അര്‍ദ്ധരാത്രിയായതും മലമുകളില്‍ നിന്നും പരിക്കേറ്റവരെയും മറ്റും പുറത്തെത്തിക്കാന്‍ ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റവരില്‍ നാലുപേരെ മൂന്നാര്‍ വഴിയാണ് പുറത്തെത്തിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.