2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ബുലന്ദ്ഷഹറില്‍ പൊലിസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സ്വീകരിച്ചത് പൂമാലയിട്ട്; ജയിലിന് പുറത്ത് ‘ജയ്ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളിയും

 

ലഖ്‌നോ: ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിന്റെ കൊലപാതകത്തിലേക്കു നയിച്ച കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്വീകരിച്ചത് പൂമാലയിട്ട്. യുവമോര്‍ച്ചാ ജില്ലാ നേതാവ് ശിഖര്‍ അഗര്‍വാള്‍, ഉപേന്ദ്ര രാഘവ്, വെടിവച്ച സൈനികന്‍ ജീത്തു തുടങ്ങിയ ഏഴുപേരാണ് ബുലന്ദ്ഷഹര്‍ ജില്ലാ ജയിലില്‍ നിന്ന് ഇന്ന് ജാമ്യത്തിലിറങ്ങിയത്. ഇവരെ സ്വീകരിക്കാനായി നിരവധി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാവിലെ തന്നെ ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പുറത്തുകടന്ന പ്രതികളുടെ കഴുത്തില്‍ പൂമാലയിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ‘ജയ്ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങളും ഉച്ചത്തില്‍ വിളിച്ചാണ് ഇവരെ സ്വാഗതംചെയ്തത്. പ്രതികള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും ചിത്രീകരിച്ച് ഇവരെ വാഹനത്തിലേക്ക് ആനയിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

 

 

ഡിസംബര്‍ രണ്ടിനാണ് കേസിനായ്പദമായ സംഭവം. ബുലന്ദ്ഷഹര്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള മെഹാ ഗ്രാമത്തില്‍ പശുക്കളുടെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ കലാപം അഴിച്ചുവിടുകയും ഇതുതടയാനെത്തിയ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിനെ വെടിവച്ചും ആക്രമിച്ചും കൊല്ലുകയുമായിരുന്നു. ബുലന്ദ്ഷഹറില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടക്കുന്ന സമയത്ത് ഗ്രാമത്തിലെ വയലില്‍ പശുവിന്റെ അവിശിഷ്ടം കൊണ്ടിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചന ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാകിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ സംഘ്പരിവാര്‍ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനായിരുന്നു സുബോദ്കുമാര്‍.

ശിഖര്‍ അഗര്‍വാളിനെതിരെ വധശ്രമം, കലാപത്തിനു ശ്രമിക്കല്‍, പൊതുസ്വത്തുക്കള്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. ബജ്‌റംഗ്ദള്‍ ജില്ലാ നേതാവ് യോഗേഷ് രാജിനെതിരെ കലാപശ്രമവും ചുമത്തിയിട്ടുണ്ട്.

Out on bail, Bulandshahr violence accused welcomed with garlands, chants of ‘Jai Shri Ram


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.