2018 June 13 Wednesday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

നമ്മുടെ പത്രങ്ങള്‍ എന്തുകൊണ്ടാണിങ്ങനെ

പി.കെ പാറക്കടവ് 9061073171

ആഹ്ലാദകരമായ ഒരു കാര്യം കേരളത്തിലെങ്കിലും വായന മരിച്ചിട്ടില്ല എന്നുള്ളതാണ്. മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ (ഐ.ആര്‍.എസ്) അടുത്തിടെ പ്രസിദ്ധീകരിച്ച ഐ.ആര്‍.എസ് 2017 റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ മറ്റെല്ലാ മാധ്യമങ്ങളെക്കാളും അധികം പ്രചാരമുള്ളത് മലയാളം അച്ചടി മാധ്യമങ്ങള്‍ക്കാണ്. മലയാള പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 38 ലക്ഷം വായനക്കാര്‍ വര്‍ധിച്ചു എന്നാണ് കണക്ക്. മലയാള ഭാഷ അറിയുന്നവരില്‍ 66 ശതമാനവും സ്ഥിരം വായനക്കാരാണ്. അഖിലേന്ത്യാ ശരാശരിയുടെ നാലിരട്ടി. നമുക്ക് അഭിമാനിക്കാം.
നമ്മള്‍ എന്താണോ ഭക്ഷിക്കുന്നത് അതാണ് നമ്മള്‍ എന്നു പറയുന്നതു പോലെ നമ്മള്‍ എന്താണാവോ വായിക്കുന്നത് അതായിരിക്കും നമ്മള്‍ എന്നും പറയേണ്ടിയിരിക്കുന്നു. മലയാളിയുടെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ പത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.

മനസ്സാക്ഷിയെ പിടിച്ചു കുലുക്കേണ്ട ഏത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും സാധാരണ വാര്‍ത്തകളായി മാറിയ ഒരു കാലമാണിത്. ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കഫീല്‍ഖാന്റെ സഹോദരനു നേരെ വധശ്രമം നടന്ന റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ഒരു സാധാരണ സംഭവത്തിനപ്പുറം അതിന്റെ പിന്നാമ്പുറ കഥകള്‍ നാം മറക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ നിലച്ച് കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിനിടയായ വേളയില്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ വരുത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചതിന്റെ പേരില്‍ യോഗിയുടെ പ്രതികാര നടപടിക്കിരയായ ഡോ. കഫീല്‍ഖാന്റെ എട്ടു മാസത്തെ ജയില്‍വാസവും മറ്റും നാം സൗകര്യപൂര്‍വം മറന്നുപോകുന്നു. ഡോ. കഫീല്‍ഖാന്റെ സഹോദരന്റെ ശസ്ത്രക്രിയ തടസപ്പെടുത്താന്‍ പൊലിസ് ശ്രമിച്ചു എന്നതും യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് വധശ്രമം നടന്നത് എന്നതും വാര്‍ത്തകളിലെ വരികള്‍ക്കിടയില്‍ വായിച്ചാലേ മനസിലാവൂ.
ഗൗരിലങ്കേഷ് വധം വലിയ തലക്കെട്ടുകളിലാണ് നമ്മുടെ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആശയത്തെ ആയുധമുപയോഗിച്ച് നേരിടുന്നതിനെക്കുറിച്ചൊക്കെ നെടുനെങ്കന്‍ ലേഖനങ്ങളും ചര്‍ച്ചകളുമൊക്കെ നമ്മുടെ ഓര്‍മയിലുണ്ട്. ഇത്തരം കൊലകള്‍ക്കെതിരായ പ്രതിഷേധം നാടിനെ പിടിച്ചു കുലുക്കി. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ഘാതകരെ പിടികൂടിയപ്പോള്‍ അത് നമുക്ക് ഒന്നാം പേജ് വാര്‍ത്ത പോലുമല്ലാതായി. ഘാതകരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ പത്രങ്ങളില്‍ ഇടമുണ്ടായിരുന്നില്ല. നാലാംകിട രാഷ്ട്രീയക്കാര്‍ ഛര്‍ദിക്കുന്നത് മാത്രം കുത്തിനിറയ്ക്കാനുള്ള ഇടമായി മാറുന്നുണ്ട് പലപ്പോഴും നമ്മുടെ പത്രങ്ങള്‍.

എന്തുകൊണ്ടാണ് നമ്മുടെ പത്രങ്ങള്‍ ഇങ്ങനെ എന്നു ചോദിച്ചാല്‍ നമുക്ക് മനസിലാവുക ആശയവും ആദര്‍ശവും പറയുന്ന പത്രമാധ്യമങ്ങള്‍ പോലും ഏറ്റവും പ്രചാരമുള്ള പത്രങ്ങളുടെ രീതിയിലേക്ക് പതുക്കെ പതുക്കെ മാറുകയാണ് ചെയ്യുന്നത് എന്നാണ്. പല പത്രങ്ങള്‍ക്കും തീര്‍ച്ചയായും അജണ്ടകളുണ്ട്. സച്ചിദാനന്ദന്‍ ‘സംസ്‌കാരത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ട്. വൃത്താന്തപത്രങ്ങള്‍ വാര്‍ത്തകള്‍ നിര്‍മിച്ചെടുക്കുന്നത് പ്രത്യയശാസ്ത്രങ്ങള്‍ക്കകത്ത് വച്ചാണെന്ന് നാം കാണേണ്ടതുണ്ട്.
വാര്‍ത്തക്ക് നല്‍കുന്ന പ്രാധാന്യം, അതിന്റെ പ്രധാന സ്ഥാനം, ശീര്‍ഷകം, ഉള്ളടക്കത്തിന്റെ ചില അംശങ്ങളിലുള്ള ഊന്നലും ചിലവയുടെ നിഗൂഹനവും ഭാഷയുടെ രീതിയും സ്വരവിന്യാസവും കൂടെയുള്ള വാര്‍ത്താചിത്രത്തിന്റെ സന്നിവേശ സമ്പ്രദായം- ഇങ്ങനെ നിരവധി ചിഹ്നങ്ങളിലൂടെയാണ് ഈ പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ഒരു ഹിന്ദു-മുസ്‌ലിം സംഘട്ടനത്തെ ഹൈന്ദവ പുനരുത്ഥാനവാദിയുടെ പക്ഷത്തുനിന്ന് നോക്കിക്കാണാനാവും. മുസ്‌ലിം മൂല തത്വവാദത്തിന്റെ കാഴ്ചപ്പാടില്‍ കാണാനാവും. മതനിരപേക്ഷമായ വിശാല മനുഷ്യത്വത്തിന്റെ വീക്ഷണത്തില്‍ നിന്നവതരിപ്പിക്കാനാവും.
മറിച്ച് ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഒരുപോലെ ഒരു ന്യൂനപക്ഷത്തിന്റെ ചൂഷണത്തിന് വിധേയമാകുന്ന ഭൂരിപക്ഷം വരുന്ന പീഡിത വര്‍ഗങ്ങളുടെ നിലപാടില്‍ നിന്ന് അവതരിപ്പിക്കാനും കഴിയും. ഒരു ഇസ്‌ലാമിക പത്രത്തില്‍ മുസ്‌ലിമിനു ലഭിക്കുന്ന പ്രാധാന്യത്തെ ‘വര്‍ഗീയത’യായി നോക്കിക്കാണുന്ന ഹിന്ദു, ഹൈന്ദവ മുദ്രയില്ലാത്ത ‘മതേതര’ നാട്യമുള്ള പല പത്രങ്ങളിലും ഹൈന്ദവ സംഘടനകള്‍ക്കും നേതാക്കള്‍ക്കും വാര്‍ത്തകള്‍ക്കും ലഭിക്കുന്ന പ്രാധാന്യത്തെ ‘സ്വാഭാവിക’മായി കാണുന്നു. (സച്ചിദാനന്ദന്‍-സംസ്‌കാരത്തിന്റെ രാഷ്ട്രീയം. പേജ്: 76, 77)
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളത്രയും സത്യമാകണമെന്നില്ല. മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെതിരെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്ന് പണം വാങ്ങി വാര്‍ത്ത നല്‍കിയതായി സണ്‍ മുന്‍ എഡിറ്റര്‍ റെബേക്ക ബ്രൂക്‌സ് പറഞ്ഞത് നമ്മള്‍ വായിച്ചതാണ്. 1998-ല്‍ സദ്ദാം ആന്ത്രാക്‌സ് വൈറസുകള്‍ ബ്രിട്ടനില്‍ പരത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് താന്‍ നല്‍കിയതെന്ന് റെബേക്ക സമ്മതിച്ചു.
നമ്മള്‍ ഏതൊക്കെ വ്യാജ വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കി എന്ന് ഒരു മലയാളി പത്രപ്രവര്‍ത്തകനും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അക്കാര്യത്തില്‍ സായിപ്പിന്റെ സത്യസന്ധത നമുക്കില്ല എന്നതാണ് സത്യം.(നമ്പിനാരായണന്റെ ചാരക്കേസ് റിപോര്‍ട്ടുകളെക്കുറിച്ചുള്ള ഒരു സത്യസന്ധമായ വെളിപ്പെടുത്തലുകള്‍ നാം പ്രതീക്ഷിക്കേണ്ടതില്ല).
കടക്കെണി കൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പത്രങ്ങള്‍ക്ക് ഇന്ന് ഒന്നാം പേജ് വാര്‍ത്തയല്ല. ഭരണകൂടവും പൊലിസുമൊരുക്കുന്ന കള്ളക്കഥകള്‍ക്ക് വെണ്ടക്ക നിരത്തുകയും പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നത് ആരെയും അലോസരപ്പെടുത്തുന്നില്ല.
അരുന്ധതി റോയ് കേരളത്തില്‍ ഒരിടത്ത് വന്നു പ്രസംഗിച്ചാല്‍ അത് ലോക്കല്‍ വാര്‍ത്തയും ഒരു ബലാല്‍സംഗം ജനറല്‍ വാര്‍ത്തയുമാകുന്ന കാലമാണിത്. ജനങ്ങള്‍ക്ക് വേണ്ടത് കൊടുക്കുന്നു എന്നാണ് പത്രങ്ങള്‍ പറയുന്നത്. നടിയുടെ കല്യാണം മാത്രമല്ല സിനിമാതാരങ്ങളുടെ ഗര്‍ഭധാരണവും തിരുപ്പിറവിയും ഒന്നാം പേജില്‍. പ്രസവത്തിനു ശേഷം 12 മണിക്കൂറിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത കെയ്റ്റ് രാജകുമാരിയുടെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളേക്കാള്‍ പുളകം കൊണ്ടത് മലയാള മാധ്യമങ്ങള്‍.

പത്രഭാഷ മയക്കുമരുന്നല്ല എന്ന് നമ്മോട് പറഞ്ഞത് മാധ്യമരംഗത്തെ ശ്രദ്ധേയനായ ശശികുമാറാണ്. ‘വായനക്കാര്‍ക്ക് വേണ്ടതാണ് ഞങ്ങള്‍ കൊടുക്കാറുള്ളതെന്ന്’ ചില പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാം. മയക്കുമരുന്ന് വില്‍പനക്കാരും അതാണ് പറയുന്നത്. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് മയക്കുമരുന്ന് നല്‍കുന്നത്. അത് വില്‍ക്കുന്നവന്‍ മയക്കുമരുന്ന് കച്ചവടക്കാരന്റെ ഭാഷ പയറ്റുകയല്ല വേണ്ടതെന്ന് ശശികുമാര്‍.
ഇനി മലയാളി പത്രങ്ങള്‍ വായിക്കുമ്പോള്‍ വാര്‍ത്തകള്‍ മാത്രമല്ല വാര്‍ത്തകള്‍ക്കിടയിലും വായിക്കാന്‍ പഠിക്കണം. സൃഷ്ടിക്കുന്നതും മൂടിവയ്ക്കുന്നതുമായ വാര്‍ത്തകള്‍ കൂടിയുണ്ട്.

എന്റെ വാക്കുകള്‍ ഗോതമ്പ് ആയിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു.
എന്റെ വാക്കുകള്‍ ക്ഷോഭമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു.
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ നദിയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടുകള്‍ പൊതിഞ്ഞു.
-മഹമൂദ് ദര്‍വീശിന്റെ ഒരു കവിത

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.