2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഓര്‍മയിലേക്ക് കൂകിപ്പാഞ്ഞ തീവണ്ടി

അശ്‌റഫ് കൊണ്ടോട്ടി#

കോഴിക്കോടിന്റെ ഗതകാല സ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മ വറ്റാത്ത ഒരു കിണറുണ്ട് ചാലിയം തീരത്ത്. കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ചരിത്രം ഇവിടെനിന്നു തുടങ്ങുന്നു. കിണറും പുഴയോരത്തെ കരിത്തറയും മരങ്ങള്‍ എത്തിക്കാനായുള്ള കനാലും മണ്ണില്‍ പൊതിഞ്ഞ കല്‍ക്കരിയും മാത്രമാണ് കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്റെ ഇനി അവശേഷിക്കുന്ന അടയാളങ്ങള്‍. ഒന്നര നൂറ്റാണ്ടുമുന്‍പ് ഈ കിണറ്റിന്‍കരയില്‍നിന്നാണ് പുക പരത്തി, കൂകി വിളിച്ചു നാട്ടുകാരെ ഭയപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും ആദ്യ തീവണ്ടി കേരളത്തിന്റെ മണ്ണിലൂടെ ചൂളംവിളിച്ചു പാഞ്ഞത്. പുതുതലമുറയ്ക്കു പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയാത്ത വിധത്തിലാണ് ചാലിയത്ത് സായിപ്പ് പണിത ആദ്യ റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇപ്പോഴുള്ളത്.
ബേപ്പൂര്‍ തെക്ക് ചാലിയം മുതല്‍ തിരൂര്‍ വരെ 30.5 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു കേരളത്തിലെ ആദ്യ തീവണ്ടിപ്പാതയും ആദ്യ തീവണ്ടിയുടെ ഓട്ടവും. പിന്നീട് പാത ഇരുവശത്തേക്കും നീണ്ടുനീണ്ട് ഇപ്പോഴത്തെ ചെന്നൈ-മംഗലാപുരം പാതവരെയെത്തി. റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടുമായി. ചരിത്രത്തില്‍ അടയാളപ്പെടുത്തി ഈ പാത പിന്നീട് 1921ലെ വാഗണ്‍ ട്രാജഡിക്കും കടലുണ്ടി തീവണ്ടി ദുരന്തത്തിനും മൂകസാക്ഷിയായി. ആവി വണ്ടിയും കരിവണ്ടിയും ഡീസല്‍ വണ്ടിയും ഓടിത്തളര്‍ന്ന ഈ പാതയില്‍ വൈദ്യുതി എന്‍ജിനുമായി തീവണ്ടികള്‍ ഇന്നു കുതിച്ചോടുന്നു. അപ്പോഴും വനംവകുപ്പിന്റെ അധീനതയിലുള്ള ചാലിയത്തെ കിണറും പരിസരവും പറയുന്നത് ചരിത്രത്തിലിടം നേടിയ ആദ്യ റെയില്‍വേ സ്റ്റേഷന്റെ കഥയാണ്.

കടല്‍കടന്നെത്തിയ വണ്ടി

ലോകത്ത് ആദ്യമായി ട്രെയിന്‍ ഓടിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ് ഇന്ത്യയില്‍ ആദ്യമായി തീവണ്ടിപ്പാതയ്ക്കും തുടക്കമിട്ടത്. 1825ല്‍ ഇംഗ്ലണ്ടിലെ സ്റ്റോക്ക്ടണ്‍ മുതല്‍ ഡാര്‍ലിങ്ടണ്‍ വരെയായിരുന്നു ആദ്യ റെയില്‍പാത. 1853ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആദ്യമായി മുംബൈ-താനെ വരെ 30 കിലോമീറ്റര്‍ തീവണ്ടിപ്പാത ഒരുക്കി. ഇതും കഴിഞ്ഞാണ് പിന്നീട് സാമൂതിരിയുടെ തട്ടകമായ കോഴിക്കോട് തുറമുഖം ലക്ഷ്യമായി ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ തീരുമാനിച്ചത്. മലബാറിനെ മദ്രാസുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ഇതോടൊപ്പം മര ഉരുപ്പടികള്‍ അടക്കമുള്ളവ കൊണ്ടുപോകാനുള്ള തന്ത്രം കൂടി ബ്രിട്ടീഷുകാര്‍ക്ക് ഇതിനു പിന്നിലുണ്ടായിരുന്നു.
മലബാര്‍ കലക്ടറായിരുന്ന കനോലി സായിപ്പ് കോഴിക്കോട്ടെ ബംഗ്ലാവില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യവും റെയില്‍വേയെ കുറിച്ച് ഗൗരവപൂര്‍വം ബ്രിട്ടീഷുകാരെ ചിന്തിപ്പിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ പട്ടാളത്തെ എത്തിക്കുന്നതിനും റെയില്‍വേ ഉപകരിക്കുമെന്നായിരുന്നു അവരുടെ ചിന്ത. തുടര്‍ന്നാണ് 1860ല്‍ ബേപ്പൂരിന്റെ തെക്ക് ചാലിയം മുതല്‍ തിരൂര്‍വരെ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്.
എന്നാല്‍ ഇതിന് എഴുപതു വര്‍ഷംമുന്‍പ് തന്നെ ടിപ്പുസുല്‍ത്താന്‍ തന്റെ പടയോട്ടത്തിനായി ചാലിയം മുതല്‍ തിരൂര്‍ വരെ റോഡ് വെട്ടിയിരുന്നു. ഈ റോഡിനു സമാന്തരമായാണ് ബ്രിട്ടീഷുകാര്‍ ആദ്യ റെയില്‍പാത നിര്‍മിച്ചത്. ബ്രിട്ടനില്‍നിന്ന് ചെന്നൈ വഴി കപ്പലിലാണ് തീവണ്ടിയുടെ എന്‍ജിനും കോച്ചും ഉള്‍പ്പെടെയുള്ളവ എത്തിച്ചത്. പുറം കടലില്‍നിന്ന് പത്തേമാരിയില്‍ അവ ബേപ്പൂരില്‍ കൊണ്ടുവരികയായിരുന്നു. അവ ഘടിപ്പിച്ചു പാളമൊരുക്കി ഒരു വര്‍ഷം കൊണ്ടാണ് തീവണ്ടി ഓടിത്തുടങ്ങിയത്. തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഇന്ത്യന്‍ റെയില്‍വേക്ക് ആയിരുന്നു റെയില്‍പാതയുടെ നിര്‍മാണച്ചുമതല. 1886 മാര്‍ച്ച് 12നായിരുന്നു തീവണ്ടിയുടെ കന്നിയാത്ര. ഇരുനില കെട്ടിടമായിരുന്നു അന്ന് ചാലിയം റെയില്‍വേ സ്റ്റേഷന്‍.

വണ്ടിക്കിണറും കരിയാപ്പീസും

യാത്രക്കാര്‍ വര്‍ധിക്കുകയും ബ്രിട്ടീഷുകാരുടെ ആവശ്യങ്ങള്‍ ഏറുകയും ചെയ്തതോടെയാണ് റെയില്‍പാത 1888ല്‍ കോഴിക്കോട്ടേക്കു നീട്ടിയത്. ബേപ്പൂര്‍-തിരൂര്‍ റൂട്ടില്‍ യാത്രക്കാര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടേക്ക് റെയില്‍വേ സ്റ്റേഷന്‍ മാറ്റിയതോടെ ആദ്യത്തെ ചാലിയം സ്റ്റേഷന്‍ ഓര്‍മയായി. സ്റ്റേഷനും റെയില്‍പാളങ്ങളും പൊളിച്ചു കടലുണ്ടിയിലേക്കും ഫറോക്കിലേക്കും മാറ്റുകയായിരുന്നു. ഇതോടെ ചാലിയം റെയില്‍വേ സ്റ്റേഷന്‍ തീര്‍ത്തുമില്ലാതെയായി. എങ്കിലും അന്നത്തെ ഓര്‍മ പേറിനില്‍ക്കുന്ന ചില അടയാളങ്ങളിന്നും ഇവിടെയുണ്ട്.
തീവണ്ടിയുടെ എന്‍ജിന്‍ ബോഗികള്‍ ദിശമാറ്റുന്നതിനായി ഉപയോഗിക്കുന്ന വണ്ടിക്കിണര്‍ ഇതില്‍ പ്രധാനമാണെന്നു പ്രാദേശിക ചരിത്രം അടയാളപ്പെടുത്തിയ എഴുത്തുകാരന്‍ കെ.പി അശ്‌റഫ് വിശദീകരിക്കുന്നു. ചുണ്ണാമ്പും ശര്‍ക്കരയും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കിണറാണിത്. ഇതിനു സമീപത്തുള്ള സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ അവശിഷ്ടങ്ങളും കാണാം. മണ്ണ് കുഴിച്ചാല്‍ കല്‍ക്കരിയും ലഭിക്കും. കൂടുതല്‍ ഖനനം ചെയ്താല്‍ പഴയ റെയില്‍വേ സ്റ്റേഷന്റെ ശേഷിപ്പുകള്‍ കൂടുതല്‍ കണ്ടെത്താനാകും. പുഴയോട് ചേര്‍ന്നാണ് കല്‍ക്കരി ഓഫിസ് സ്ഥിതി ചെയ്യുന്നത്. പഴമക്കാര്‍ ഇതിനെ കരിയാപ്പീസ് എന്നാണു പറയുക. ഇവിടെയുണ്ടായിരുന്ന കെട്ടിടം ജീര്‍ണിച്ചില്ലാതെയായി. തീവണ്ടി ഓടാനുള്ള കല്‍ക്കരി സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
പുഴയില്‍നിന്നു മരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കാനുള്ള കനാലുകളും ഇന്നും അവശേഷിക്കുന്നു. ആദ്യ റെയില്‍വേയുടെ 25 ഏക്കര്‍ സ്ഥലം ഇന്നു വനം വകുപ്പിനു കീഴിലാണുള്ളത്. 15 ഏക്കര്‍ ഔഷധസസ്യ സംരക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചെങ്കിലും ഇന്നും ഫലവത്തായിട്ടില്ല. ഇതിനാല്‍ തന്നെ അവശേഷിപ്പുകള്‍ക്കുമേല്‍ കാടുമൂടിക്കൊണ്ടിരിക്കുകയാണ്. സംരക്ഷകരില്ലാതെ നശിക്കുന്നു എല്ലാം.

വാഗണ്‍ ട്രാജഡിയുടെ പാത

ചാലിയം-തിരൂര്‍ റെയില്‍പാത കുറ്റിപ്പുറം, പട്ടാമ്പി പോത്തന്നൂര്‍ വഴി ചെന്നൈയുമായി ബന്ധപ്പെടുത്തിയത് ഒരുവര്‍ഷം കൊണ്ടായിരുന്നു. മലബാറില്‍നിന്നു സാധന സാമഗ്രികള്‍ കയറ്റി അയക്കുന്നതിലപ്പുറം ബ്രിട്ടീഷ് ഭരണത്തിനെതിരേ തിരിയുന്നവരെ നാടുകടത്താനും ഇവര്‍ ഈ മാര്‍ഗം കണ്ടെത്തി. 1921ലെ മലബാര്‍ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ട്രാജഡി ഈ പാതയിലാണ്. തിരൂരില്‍നിന്ന് കലാപകാരികളെന്നു മുദ്രകുത്തി കൊട്ടിയടച്ച ബോഗിക്കുള്ളില്‍ ഒരുകൂട്ടം മനുഷ്യരെ കുത്തിക്കയറ്റി അയക്കുകയായിരുന്നു.
നൂറുപേര്‍ക്കു നില്‍ക്കാവുന്ന ബോഗിയില്‍ 600ഓളം പേരെ കുത്തിനിറച്ചായിരുന്നു യാത്ര. തിരൂരില്‍നിന്നു പുറപ്പെട്ട വാഗണ്‍ പോത്തന്നൂരില്‍ എത്തിയപ്പോഴാണു ശ്വാസം മുട്ടിമരിച്ചവരുടെ ഭീകരകാഴ്ച പുറംലോകം അറിയുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പൊള്ളുന്ന ഓര്‍മയാണ് ഇന്നും വാഗണ്‍ ട്രാജഡി.

കടലു@ി ദുരന്തം

ചാലിയത്തുനിന്ന് കോഴിക്കോടിന് വടക്ക് ഭാഗത്തേക്ക് റെയില്‍വേ പാത നീട്ടിയത് കാല്‍നൂറ്റാണ്ടു കഴിഞ്ഞാണ്. പാളങ്ങളും വണ്ടിയുമില്ലാതെ സ്റ്റേഷന്‍ നേരത്തെ നിര്‍മിച്ചായിരുന്നു കോഴിക്കോടുമായി ബന്ധിപ്പിച്ചത്. 1888ലാണ് പാത കോഴിക്കോട് വരെ നീട്ടിയതും വണ്ടിയോടി തുടങ്ങിയതും. ഫറോക്ക് പാലം വഴിയാണ് ഇപ്പോഴുള്ള ട്രെയിന്‍ ഗതാഗതം. എന്നാല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിലൂടെയായിരുന്നു ആദ്യത്തെ തീവണ്ടികള്‍ കോഴിക്കോട്ടേക്ക് ഓടിയിരുന്നത്.
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ തീവണ്ടി അപകടം നടന്നതും ഈ ചരിത്ര പാതയിലാണെന്നതു യാദൃശ്ചികം. 2001 ജൂണ്‍ 22നായിരുന്ന കടലുണ്ടിയില്‍ ചെന്നൈ മെയില്‍ അപകടത്തില്‍പെട്ട് 53 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടലുണ്ടിപ്പാലം കയറിയപ്പോള്‍ താഴേക്കു പതിക്കുകയായിരുന്നു. പുതിയ പാലം നിര്‍മിക്കപ്പെട്ടതും ഇതോടെയാണ്.

അവഗണനയുടെ പാത

കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പാത എന്നും അവഗണനയാണു നേരിട്ടിട്ടുള്ളത്. ചാലിയത്തുനിന്ന് വടക്കോട്ടുള്ള പാതയുടെ വികസനം കാല്‍നൂറ്റാണ്ടുകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും പാത മംഗളൂരുവില്‍ എത്താന്‍ വീണ്ടും 22 വര്‍ഷമെടുത്തു. കണ്ണൂര്‍-കാസര്‍ക്കോട് വഴി പാത മംഗളൂരുവില്‍ എത്തിയത് 1910ലാണ്.
ആദ്യ തീവണ്ടിപ്പാതയോടു കാണിച്ച അവഗണന ഇന്നും തുടരുന്നു. തെക്കന്‍ കേരളത്തില്‍നിന്നും മധ്യകേരളത്തില്‍നിന്നും ഇന്ത്യയിലെ ഏതാണ്ട് എല്ലാഭാഗത്തേക്കും ട്രെയിന്‍ സര്‍വിസുള്ളപ്പോള്‍ മലബാറില്‍നിന്ന് കൊങ്കണ്‍ വഴിയല്ലാതെ നേരിട്ട് സര്‍വിസുകളൊന്നും ഇപ്പോഴുമില്ല. ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും മാത്രമാണ് സര്‍വിസുള്ളത്. അവയാകട്ടെ തിങ്ങിനിറഞ്ഞുള്ള ഓട്ടവുമാണ്. പുതിയ ട്രെയിനും പിറ്റ് ലൈനും വേണമെന്ന് ആവശ്യത്തിനു പഴക്കമേറെയാണ്.

ഓര്‍മയായ റെയില്‍വേ സ്റ്റേഷനുകള്‍

കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഓര്‍മയായതു പോലെയാണ് കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രഥമ സ്റ്റേഷനുകളുടെ ഗതിയും. മലബാറില്‍ ബ്രിട്ടീഷുകാര്‍ തീവണ്ടിപ്പാത ഒരുക്കിയപ്പോള്‍ കൊച്ചി രാജാവ് സ്വര്‍ണത്തിന്റെ നെറ്റിപ്പട്ടം വിറ്റാണു പാതയൊരുക്കിയതെന്നു ചരിത്രം. 1902ല്‍ 65 മൈല്‍ നീളത്തിലാണ് ഷൊര്‍ണൂര്‍-കൊച്ചിന്‍ പാതയൊരുക്കിയത്. കൊച്ചിയില്‍ ഇന്നത്തെ ഹൈക്കോടതി നില്‍ക്കുന്ന സ്ഥാനത്തായിരുന്നു ആദ്യ റെയില്‍വേ സ്റ്റേഷന്‍ ആസ്ഥാനം. കൊച്ചി വികസിച്ചതോടെ എറണാകുളം ടൗണ്‍, ജങ്ഷന്‍ സ്റ്റേഷനുകളുമുണ്ടായി. ഇതോടെയാണ് ആദ്യ സ്റ്റേഷന്‍ ഓര്‍മയില്‍ മറഞ്ഞത്.
തിരുവനന്തപുരത്ത് തലസ്ഥാന നഗരിയില്‍ തമ്പാനൂര്‍ സ്റ്റേഷന്റെ വരവോടെയാണ് ചാക്കയിലെ സ്റ്റേഷന്‍ മാഞ്ഞത്. 1918ലാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം ചാക്കയിലേക്കു തീവണ്ടി ഓടിത്തുടങ്ങിയത്. 1931ല്‍ തമ്പാനൂര്‍ സ്റ്റേഷന്‍ വന്നതോടെ ചാക്ക സ്റ്റേഷന്‍ ഇല്ലാതെയായി. ചരിത്ര വിവരങ്ങള്‍ തേടിയെത്തുന്നവര്‍ക്കു മുന്‍പില്‍ പൂര്‍വികര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ചില അടയാളങ്ങള്‍ ശേഷിക്കാറുണ്ട്. ഇത്തരത്തിലുള്ള അടയാളം മാത്രമായി ചാലിയത്ത് ഒരു കിണറും ചില ശേഷിപ്പുകളും ഇന്നും അവശേഷിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.