2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇത്രയൊക്കെ സമരവീര്യം പോരേ പ്രതിപക്ഷത്തിന്

വി. അബ്ദുല്‍ മജീദ്‌

പ്രതിപക്ഷത്തിനു സമരവീര്യം പോരെന്നും ചെയ്യുന്ന സമരങ്ങളൊന്നും ഏശുന്നില്ലെന്നുമുള്ള പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. പുറത്തുനിന്നു മാത്രമല്ല യു.ഡി.എഫിന് അകത്തുനിന്നുപോലും ഇതിന്റെ പേരില്‍ മുറുമുറുപ്പുയരുന്നു. പ്രതിപക്ഷനേതാവിനെ കാണുന്നിടത്തുവച്ചൊക്കെ പത്രക്കാര്‍ ഇതിനെക്കുറിച്ചു ചോദിക്കുന്നു. ഇനി അങ്ങനെയൊരു പരാതി വേണ്ടെന്നു കരുതിയാവണം ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലും പ്രതിപക്ഷം  നന്നായി കയറിപ്പിടിച്ചത്.
ബാലാവകാശ കമ്മിഷന്‍ നിയമനത്തിന്റെ പേരില്‍ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ചു പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാകവാടത്തിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹം തുടരുന്നതിനിടയിലാണ് ഇന്നലെ സഭാനടപടികള്‍ ആരംഭിച്ചത്. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുമായാണു പ്രതിപക്ഷം സഭയിലെത്തിയത്. പതിവില്ലാത്തവിധം ചോദ്യോത്തരവേളയില്‍തന്നെ തുടങ്ങി പ്രതിപക്ഷ ബഹളം. ചോദ്യങ്ങള്‍ക്കു മന്ത്രി ശൈലജ മറുപടി പറയുമ്പോഴൊക്കെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു ബഹളംവച്ചു.

ശൂന്യവേളയെത്തിയപ്പോള്‍ സ്വാശ്രയവിഷയത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം വീണ്ടും ആക്രമണം തുടങ്ങി. ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മന്ത്രി ശൈലജ എഴുന്നേറ്റ ഘട്ടങ്ങളിലെല്ലാം അതു സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷത്തിനു നിര്‍ബന്ധം. എന്നാല്‍, ആരു മറുപടി പറയണമെന്നു തീരുമാനിക്കുന്നതു സര്‍ക്കാരാണെന്നും അതില്‍ ചെയറിന് ഇടപെടാനാവില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

ഒടുവില്‍, സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു ബഹളം വച്ചു. തുടര്‍ന്നു സഭയില്‍നിന്ന് ഇറങ്ങിപ്പോയി പുറത്തുള്ള സഹപ്രവര്‍ത്തകരോടൊപ്പം സത്യഗ്രഹത്തിനു കൂടി. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു പിന്നീടുള്ള സഭാനടപടികള്‍. ഇതിനിടയില്‍ സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കെ.എം മാണി എത്തിയപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ക്കു ബഹുസന്തോഷം.

പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പതാകയുയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ എഴുന്നേറ്റു ബഹളം തുടങ്ങി. ബഹളത്തില്‍ രാജഗോപാലിന്റെ  വാക്കുകള്‍ മുങ്ങി. ഇതാണ് അസഹിഷ്ണുതയെന്നു രാജഗോപാല്‍ പറഞ്ഞെങ്കിലും അദ്ദേഹം സംസാരിച്ചു തീരുന്നതുവരെ ബഹളം തുടര്‍ന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പരിഗണനയ്ക്കു വന്ന മൂന്നു ബില്ലുകളും കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ വളരെ വേഗത്തില്‍ സഭ പാസാക്കി. കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിനുള്ള ബില്ലിന്മേല്‍ ഭരണപക്ഷാംഗങ്ങള്‍ക്കു പ്രത്യേകിച്ചൊന്നും പറയാനുണ്ടായില്ല.

മദ്യവുമായി ബന്ധപ്പെട്ടതായതിനാല്‍ പ്രതിപക്ഷത്തിനു കത്തിക്കയറാന്‍ ഏറെ സാധ്യതകളുള്ളതായിരുന്നു തുടര്‍ന്നു വന്ന പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകളെങ്കിലും സഭയില്‍ പ്രതിപക്ഷമില്ലാത്തതിനാല്‍ ഭരണപക്ഷത്തിനു കാര്യങ്ങള്‍ എളുപ്പമായി. പ്രതിപക്ഷം സഭയിലില്ലെങ്കിലും ബില്ലുകള്‍ അവതരിപ്പിച്ച മന്ത്രി എ.കെ ബാലനു ചിലതൊക്കെ പറയാതിരിക്കാനാവാത്ത അവസ്ഥ. മദ്യം വ്യാപിപ്പിക്കുന്നുവെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നുവെന്നുമൊക്കെയുള്ള പ്രതിപക്ഷ ആരോപണം ഒട്ടും ശരിയല്ലെന്നു ബാലന്‍.
യഥാര്‍ഥത്തില്‍ 50 ശതമാനം വനിതാസംവരണമടക്കം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു നിരവധി അധികാരങ്ങളും ആനുകൂല്യങ്ങളും നല്‍കിയത് ഇടതുപക്ഷമാണ്. മദ്യവര്‍ജനം ഇടതുപക്ഷത്തിന്റെ നയവുമാണ്. എന്നാല്‍, മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കുന്നതിലും അവയുടെ നിയന്ത്രണത്തിലും എക്‌സൈസ് വകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിങ്ങനെ രണ്ട് അധികാരകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നതു സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് അബ്കാരിവിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്നത്. പ്രതിപക്ഷം സഭയിലില്ലെങ്കിലും ഇതൊക്കെ സഭാരേഖകളില്‍ വന്നോട്ടെ എന്നു കരുതിയാണ് ഇത്രയും പറഞ്ഞതെന്നു ബാലന്റെ വിശദീകരണം.     


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.