2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മമതയെ ഒറ്റപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കം പാളി; സംഘര്‍ഷത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ ഒന്നിച്ച് പ്രതിപക്ഷം

 

ന്യൂഡല്‍ഹി: ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലിയോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായി. പ്രതിപക്ഷനിരയിലെ പ്രധാനമുഖമായ മമതയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ പ്രതിപക്ഷം ഒന്നടങ്കം നേരിട്ടതോടെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിവിരുദ്ധ ചേരി ഒരിക്കലൂടെ ഒന്നിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാളിലെ അവസാന പ്രചാരണറാലി നടത്താന്‍ അനുവദിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ പരസ്യപ്രചാരം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.
കമ്മീഷന്‍ നടപടി ജനാധിപത്യത്തിലെ കറുത്തപൊട്ടാണെന്നും മോദിക്കും ബി.ജെ.പിക്കും വേണ്ടിയാണ് കമ്മീഷന്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു. മധുര്‍പൂര്‍, ഡംഡം മണ്ഡലങ്ങളില്‍ മോദി നിശ്ചയിച്ച റാലികള്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ രാത്രി 10 മണിവരെയാക്കിയത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. ബംഗാളിലെ നടത്തിയ അക്രമങ്ങള്‍ക്ക് അമിത്ഷാ നേതൃത്വം നല്‍കുന്ന ഗുണ്ടകളെയും തെമ്മാടികളെയും ശിക്ഷിക്കുന്നതിന് പകരം കമ്മീഷന്‍ ജനാധിപത്യത്തെ ശിക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയില്ലായ്മയെയാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനയെ വഞ്ചിക്കുന്ന മാപ്പര്‍ഹിക്കാത്ത നടപടിയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ രാജ്യത്തെ ജനങ്ങളെല്ലാം ചോദ്യം ചെയ്യുകയാണ്. മോദി-ഷാ ദ്വയങ്ങളുടെ കയ്യിലെ കരുവാണോ കമ്മീഷന്‍. ഭരിക്കുന്ന ബി.ജെ.പി ജനാധിപത്യത്തിന് നേരെ ആക്രമണം നടത്തുകയാണ്.
മോദിക്കും അമിത്ഷായ്ക്കുമെതിരേ 11 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ ഫയല്‍ ചെയ്തത്. പെരുമാറ്റച്ചട്ടലംഘനം നടന്നുവെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കും ഷായ്ക്കും മുമ്പില്‍ കീഴടങ്ങി. മോഡല്‍ കോഡ് ഓഫ് കോണ്‍ടാക്ടിനെ (പെരുമാറ്റചട്ടം) കമ്മീഷന്‍ മോദി കോഡ് ഓഫ് കോണ്‍ടാക്ട് (മോദിയുടെ ചട്ടം) ആക്കി മാറ്റിയെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന നടപടിക്രമം തന്നെ പരിശോധിക്കേണ്ട സമയമാണിത്. സര്‍ക്കാറിന്റെ വിശ്വസ്തരെ നിയമിക്കുന്ന രീതി ഒഴിവാക്കണം. 23ന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ഇക്കാര്യം പുനര്‍പരിശോധിക്കുകയും ചെയ്യുമെന്നും സുര്‍ജെവാല പറഞ്ഞു.
നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും സമ്മര്‍ദ്ദം കാരണമാണ് കമ്മിഷന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. മമതാ ബാനര്‍ജിയെ മോദിയും അമിത്ഷായും ഭയപ്പെടുകയാണ്. അതിനാല്‍ അവരെ മോദിയും അമിത്ഷായും ലക്ഷ്യംവയ്ക്കുകയാണ്. ഇതുവളര കൃത്യമായുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. വളരെ അപകടകരമായ നടപടിയാണിതെന്നും മായാവതി പറഞ്ഞു. മോദിക്ക് അദ്ദേഹത്തിന്റെ പ്രചാരണം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയാണ് കമ്മിഷന്‍ പ്രചാരണം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മായാവതി ആരോപിച്ചു.
ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡ്, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും മമതക്കു പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കി. കോണ്‍ഗ്രസ്, ടി.ഡി.പി, എ.എ.പി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളാണ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പ്രതഷേധം രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ അഹ്മദ് പട്ടേല്‍, അഭിഷേക് മനു സിംഗ്‌വി, ജയ്‌റാം രമേശ്, രാജീവ് ശുക്ല, ടി.ഡി.പി നേതാക്കളായ കെ. രാമ മോഹന റാവു, സി.എം രമേശ്, എ.എ.പി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണ് കമ്മീഷനെ കണ്ടത്. തങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടെന്നും തങ്ങളുടെ പരാതികള്‍ അറിയിച്ചുവെന്നും എ.എ.പി പ്രിതിനിധി സഞ്ജയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി അനീതിയാണെന്നും ഇക്കാര്യത്തിലുള്ള തങ്ങളുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.