2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഓപണ്‍ യൂനിവേഴ്‌സിറ്റികളുടെ ദേശീയചിത്രം

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി 9400577531

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി അഥവാ ഇഗ്നോ അടക്കമുള്ള പതിനാല് യൂനിവേഴ്‌സിറ്റികളാണ് യു.ജി.സിയുടെ അംഗീകാരത്തോടെ രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നത്. ഹൈദരബാദ്, കോട്ട, പാറ്റ്‌ന, നാസിക്, ഭോപ്പാല്‍, അഹമ്മദാബാദ്, മൈസൂര്‍, കൊല്‍ക്കത്ത, അലഹബാദ്, ചെന്നൈ, ബിലാസ്പൂര്‍, നൈനിറ്റാള്‍, ഗോഹട്ടി എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അതത് സംസ്ഥാന സര്‍ക്കാരുകള്‍, വിദൂരവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഇത്തരം സര്‍വകലാശാലകള്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
എന്നാല്‍, യാഥാര്‍ഥ്യബോധമില്ലാതെ നടപ്പിലാക്കിയ നിരവധി പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ട് പോലും ഇത്തരമൊരു സര്‍വകലാശാല നമ്മുടെ പ്രായോഗിക വിദ്യാഭ്യാസ പരിസരങ്ങളില്‍ ഒരിടത്ത് പോലും സാന്നിധ്യമറിയിച്ചില്ല എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്നതാണ്.ഉന്നത ബിരുദങ്ങള്‍ക്കായുള്ള ക്ലാസ് റൂം പഠനമെന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രം പ്രിവിലെജ് ആയിക്കൊണ്ടിരിക്കുന്ന സമകാലീന യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ട് വേണം ഓപണ്‍ യൂനിവേഴ്‌സിറ്റി എന്ന ആശയത്തെ നാം സമീപിക്കേണ്ടത്.

ജോലി, കുടുംബ ജീവിതം, സംരംഭകത്വം തുടങ്ങിയ നിരവധി സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടുക എന്ന പൗരാവകാശത്തെ ഈ സര്‍വകലാശാലകള്‍ പൂര്‍ത്തീകരിക്കുന്നു. ഒരു സംസ്ഥാനത്തുള്ള മുഴുവന്‍ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ആവശ്യങ്ങളെയും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പഠനങ്ങളെയും ഒരേ കുടക്കീഴിലാക്കാന്‍ ഇത്തരമൊരു സര്‍വകലാശാലക്ക് മാത്രമേ സാധ്യമാകൂ.ഇന്ന് നമ്മുടെ സര്‍വകലാശാലകളുടെ സാമ്പത്തിക സ്ഥിതി പിടിച്ചുനിര്‍ത്തുന്നതില്‍ ഏറിയ പങ്കും വഹിച്ചുകൊണ്ടിരിക്കുന്നത് അവയുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തന്നെയാണ്. പരീക്ഷകള്‍ പതിവായി മുടങ്ങുക, പഠനകുറിപ്പുകള്‍ യഥാസമയം വിതരണത്തിന് എത്തിക്കാതിരിക്കുക, ആവശ്യമായ യോഗ്യതയോ പരിചയമോ ഇല്ലാത്തവരെ ഉപയോഗിച്ച് കോണ്‍ടാക്റ്റ് ക്ലാസുകള്‍ തട്ടിക്കൂട്ടുക, കൃത്യസമയത്ത് പരീക്ഷാഫലം പ്രഖ്യാപിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ അവകാശ ലംഘനങ്ങള്‍ നടമാടുന്നുണ്ടെങ്കിലും ഈ പരിമിതികള്‍ക്കൊക്കെ അകത്ത് നിന്നുകൊണ്ട് ആയിരക്കണക്കിന് ആവശ്യക്കാര്‍ ഈ വഴികളിലൂടെ ഉന്നതപീഠം കയറിയിട്ടുണ്ട്. റെഗുലര്‍ വിദ്യാര്‍ഥികളെ അപേക്ഷിച്ച്, രണ്ടാം തരക്കാരെന്ന പെരുമാറ്റവും ഇടപെടലും മാത്രം ലഭിച്ചിട്ടും ഇവിടങ്ങളില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ കുറവാണ്.

ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് ഏറെ സാമ്പത്തിക ചിലവോ നിക്ഷേപമോ ഒന്നും വേണ്ട എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. കാരണം ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന സ്ഥലം, അതിവിശാലമായ ക്യാംപസ്, മുഴുവന്‍ സൗകര്യങ്ങളുമുള്ള ക്ലാസ് റൂം തുടങ്ങിയ ഒരു സൗകര്യവും വിപുലമായ രീതിയില്‍ ഇത്തരം സര്‍വകലാശാലകള്‍ക്ക് ആവശ്യമില്ല.
പ്രസ്തുത സൗകര്യങ്ങള്‍ അനുഭവിക്കുന്ന സ്ഥാപനങ്ങളുമായി കൊളാബൊറേറ്റ് ചെയ്യുക എന്ന ഏറ്റവും എളുപ്പമുള്ള പ്രവര്‍ത്തനരീതിയിലാണ് ലോകമെമ്പാടുമുള്ള ഓപണ്‍ സര്‍വകലാശാലകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഏതാനും ചില അധ്യാപക, അനധ്യാപക തസ്തികകളും വിവരസാങ്കേതികതയുടെ പിന്തുണയുമുണ്ടെങ്കില്‍ വിദൂരവിദ്യാഭ്യാസമെന്ന പ്രക്രിയയിലൂടെ ആയിരക്കണക്കിന് പൗരന്മാരെ നമുക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും വര്‍ഷം തോറും ഒരു നിശ്ചിത തുക പൊതുഖജനാവിലേക്ക് തടസ്സമേതുമില്ലാതെ ഒഴുകിയെത്തുന്ന സംവിധാനമാക്കി മാറ്റാനും കഴിയും.ശക്തമായ ഇച്ഛാശക്തി, വ്യക്തമായ ആക്ഷന്‍ പ്ലാന്‍ എന്നീ രണ്ട് പ്രാണന്‍ നിലനിര്‍ത്താന്‍ ഉതകുന്ന മരുന്നുകള്‍ ഉപയോഗിക്കാന്‍ ഭരണയന്ത്രം തിരിക്കുന്നവര്‍ തയാറായാല്‍ മാത്രമേ ഈ വെന്റിലേറ്ററില്‍ നിന്നും വിദൂരവിദ്യാഭ്യാസ മേഖല ആരോഗ്യത്തോടുകൂടി പുറത്തുവരുകയുള്ളൂ.

(കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.