2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പില്‍ വീണ്ടുവിചാരം വേണം

പിണങ്ങോട് അബൂബക്കര്‍

 

കൊറോണ വൈറസ് ലോകക്രമത്തെ പുനര്‍ക്രമീകരിച്ചിരിക്കുന്നു. അതിനാല്‍ വ്യാവസായിക, വാണിജ്യ രംഗങ്ങളില്‍ മാത്രമല്ല സംഘടിത, അസംഘടിത മേഖലകളിലും നവ കാഴ്ചപ്പാടുകള്‍ പരിശോധിക്കപ്പെടണം. സ്വാശ്രയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഇവയെല്ലാം പലവിധത്തിലുള്ള നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്. നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു പ്ലാറ്റ്‌ഫോം, അവിടെ അധ്യാപകനും പാഠപുസ്തകവും എന്ന നിലവിലുള്ള പഠന രീതി അധികകാലം തുടരാന്‍ കഴിയണമെന്നില്ല. കൊറോണ വൈറസ് നമുക്കൊപ്പമുണ്ടാകും, അനേക ചരാചരങ്ങള്‍ അടങ്ങിയ ലോക കുടുംബത്തിലെ ഒരു അംഗമായി അടുത്തും അകന്നും പരിഗണിച്ചും അവഗണിച്ചും സ്വയം തീര്‍ക്കുന്ന സുരക്ഷാവലയത്തില്‍ കൂടി ജീവിക്കാന്‍ മാത്രമേ ഇനി ഭൂവാസികള്‍ക്ക് നിര്‍വാഹമുള്ളൂ. കൊറോണക്കൊപ്പമുള്ള ജീവിതത്തിലെ പ്രധാന വെല്ലുവിളി തൊഴില്‍ വിപണി ദുര്‍ബലപ്പെടുമെന്നതാണ്. ഇത് മറികടക്കാനുള്ള ആസൂത്രണങ്ങളാണ് നടത്തേണ്ടത്.

കേരളത്തില്‍ വഖ്ഫ് ബോര്‍ഡിന് കീഴില്‍ ഹെക്ടര്‍ കണക്കായ ഭൂമി തരിശായി കാടുപിടിച്ചു കിടക്കുന്നുണ്ട്. പള്ളി, മദ്‌റസകളില്‍ സേവനം ചെയ്യുന്നവരെ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിച്ചു സ്വയംതൊഴില്‍ എന്ന നിലക്കും കാര്‍ഷിക പോഷണം എന്ന നിലക്കും ഇവ ഉപയോഗപ്പെടുത്താന്‍ കഴിയും. മതസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ സമയം അധികവും ഇപ്പോള്‍ പാഴാകുന്നുണ്ട്. രാവിലെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് സേവനം. ബാക്കി സമയം ദേശീയ നഷ്ടമായി തീരുകയാണ്. മികച്ച വൈദഗ്ധ്യമുള്ളവരും നല്ല ആരോഗ്യമുള്ളവരും ഈ രംഗത്തുണ്ട്. സ്‌കില്‍ പരിശോധന നടത്തി പ്രായോഗിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് മതം വിലക്കില്ല എന്നുമാത്രമല്ല, പ്രോത്സാഹനവുമുണ്ട്.
കേരളത്തിലെ മതസ്ഥാപനങ്ങളില്‍ 90 ശതമാനത്തിലധികവും സ്ഥിരവരുമാനം ഇല്ലാത്തവയാണ്. ദീര്‍ഘകാല വീക്ഷണം ഇല്ലാതെ സ്ഥാപിച്ച നിരവധി സ്ഥാപനങ്ങളുമുണ്ട്. ഇവര്‍ അധ്യാത്മിക പഠനത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് പൗരബോധവും ചുമതല ബോധവുമുള്ള മികച്ച പൗര നിര്‍മ്മിതി സംഭവിക്കുന്നു. മതപാഠശാലകള്‍ ക്ഷയിക്കുന്ന മുറക്ക് പ്രാദേശിക പഠിതാക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും. അത്തരം ബാല്യങ്ങള്‍ വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്നതുപോലെ ബാലവേലകളിലും മാഫിയ സംഘങ്ങളുടെ വലയിലും അകപ്പെടും. അക്ഷരശുദ്ധി ലഭിക്കാത്ത കാരണത്താല്‍ അര്‍ഥം നഷ്ടപ്പെട്ട ജീവിതം സമൂഹത്തിനും രാഷ്ട്രത്തിനും അനര്‍ഥം വലിച്ചു കൊണ്ടുവരും. നാം ഇപ്പോള്‍ അവകാശപ്പെടുന്ന കേരള മാതൃക( ആരോഗ്യമുള്ള യുവതയുടെ സാന്നിധ്യം)നേരിയ തോതില്‍ പോലും താളം തെറ്റുന്നത് അനിയന്ത്രിത സമൂഹത്തെ സംഭാവന ചെയ്യും. ന്യൂക്ലിയര്‍ ബോംബിനേ ക്കാള്‍ മാനവരാശി ഭയപ്പെടേണ്ടത് ചങ്ങല പൊട്ടിയ സമൂഹത്തെയാണ്.

മതസ്ഥാപനങ്ങളുടെ നടത്തിപ്പിന് മതിയായ വരുമാനമില്ലാതെ വന്നാല്‍ നമുക്ക് മുമ്പില്‍ ബദലുകളില്ല. അഞ്ചു പതിറ്റാണ്ടുകളായി നാം പരിചയപ്പെട്ട ധനാഗമന മേഖലകള്‍ താല്‍ക്കാലികമായെങ്കിലും തളര്‍ന്നു. പദ്ധതികള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ശരിയായ പ്രോജക്ട് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തണം. തൊട്ടടുത്ത ഗ്രാമത്തില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ സ്ഥാപനം വന്നു പണപ്പിരിവ് നടത്തുന്നത് കണ്ടാല്‍ വാശിക്ക് അയല്‍ ഗ്രാമത്തിലും ഒരു ഷെഡ് കെട്ടി സ്ഥാപനം തുടങ്ങുന്ന വിഡ്ഢിത്തം ഒട്ടും ഭൂഷണമല്ല. ക്രൈസ്തവ സഹോദരങ്ങളുടെ ദേവാലയങ്ങള്‍ പരിശോധിച്ചുനോക്കുക. ഹൈന്ദവ സഹോദരങ്ങളുടെ ക്ഷേത്രങ്ങളും. നടത്തിപ്പിന് ആവശ്യമായ വഴികള്‍ കൂടി അനുബന്ധമായി അവര്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം നീണ്ടുനിന്നാല്‍ പല മതസ്ഥാപനങ്ങളുടെയും വാതില്‍ താനേ അടയും. ഇപ്പോള്‍ ചെറുപട്ടണങ്ങളില്‍പോലും കൂട്ട ബാങ്കുകള്‍ മുഴങ്ങുന്നു. ഒരു പള്ളി വേണ്ട സ്ഥലത്ത് പത്തു പള്ളി വാശിക്ക് വേണ്ടി ഉണ്ടാക്കിയതാണങ്കില്‍ നടത്തിപ്പ് ഭാരം ചുമക്കാന്‍ ഭാവി തലമുറ തയാറാവണമെന്നില്ല.

നേതൃദാരിദ്ര്യം ഇല്ലാത്ത കേരളീയ അനുഗ്രഹാവസ്ഥ ഉപയോഗപ്പെടുത്താന്‍ കഴിയണം. കാലത്തിന്റെ സ്പന്ദനം കേള്‍ക്കാന്‍ പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ പഠനപ്രക്രിയ ദുഷ്‌കരമാണ്. സാങ്കേതിക സൗകര്യങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചു പഠന വേഗത കൂട്ടണം. നമ്മുടെ സാധ്യതകളെക്കുറിച്ച് അന്വേഷണാത്മക സമീപനങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനവും പരീക്ഷയും പ്രയോഗത്തില്‍കൊണ്ടുവന്നു. മികച്ച വികസന സാധ്യതയുള്ള നവശാസ്ത്ര സാധ്യതകള്‍ അക്കാദമികമായി ബന്ധിപ്പിച്ചു ഉപയോഗപ്പെടുത്താനുള്ള അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ തുടങ്ങാന്‍ വൈകരുത്.
കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് മദ്‌റസകളും പള്ളികളും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക ബാധ്യതയുണ്ട്. നിലവില്‍ മദ്‌റസ ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഉപരിതല സ്പര്‍ശിയായ ചില ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ ബോര്‍ഡിന്റെ അജന്‍ഡയിലുള്ളത്. നമ്മുടെ വിഭവശേഷി ഉപയോഗപ്പെടുത്താനുള്ള ഒരു കൈത്താങ്ങ് കൂടി സര്‍ക്കാര്‍ പക്ഷത്തുനിന്ന് ഉണ്ടാവണം. സാധ്യതാ പഠനങ്ങള്‍ നടത്തി, പ്രായോഗിക യൂണിറ്റുകള്‍ രൂപീകരിച്ച്, പരിശീലനങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കണം. അതോടൊപ്പം പ്രാദേശിക മഹല്ലു കമ്മിറ്റികള്‍ മികച്ച ജാഗ്രതയും കാണിക്കണം. നിലവിലുള്ള ധൂര്‍ത്തുകളും അതിരുവിട്ട ആര്‍ഭാടങ്ങളും നിഷ്‌ക്രിയത്വവും മാറ്റണം. പീടിക മുറി വാടകയും ഉപകരണ വാടകയും ആത്മീയ സദസ്സുകളിലെ ബക്കറ്റ് പിരിവുകളും മാത്രം ആശ്രയിച്ച് സ്ഥാപന നടത്തിപ്പ് അസാധ്യമാവും എന്നാണ് കൊറോണ നല്‍കിയ പ്രധാന ഗുണപാഠം.

സാധാരണപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരും. ഓണ്‍ലൈന്‍ പഠനം 100% പൂര്‍ണമാണ് എന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും മതപഠനം നിശ്ചലമാകാതിരിക്കാന്‍ ഡിജിറ്റല്‍ മേഖല പരിപോഷിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ല. ക്ലാസുകള്‍ തുടങ്ങാന്‍ നിലവില്‍ പരീക്ഷകള്‍ നടത്താന്‍ എല്ലാ സ്ഥലങ്ങളിലും സാധ്യമല്ല. ഹോട്ട്‌സ്‌പോട്ടുകള്‍, മറ്റു സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ ഇവിടങ്ങളിലെല്ലാം മദ്‌റസകളില്‍ അധ്യാപകര്‍ വന്ന് രേഖകള്‍ പരിശോധിച്ച് നിലവിലുള്ള അക്കാദമിക രീതി അനുസരിച്ച് കുട്ടികള്‍ക്ക് ക്ലാസ് കയറ്റം കൊടുക്കുന്നതിന് പ്രതിബന്ധങ്ങളുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കണമെങ്കില്‍ എല്ലാ ക്ലാസുകളിലും കുട്ടികളുണ്ടാവണം. അതുകൂടി പരിഗണിച്ചുകൊണ്ടാണ് മദ്‌റസകളില്‍ ക്ലാസ് കയറ്റം എന്ന നിലവിലുള്ള പ്രഥമ പരിഹാരം പരിഗണിച്ചത്. ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ കഴിയലാണ് നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന പ്രധാനഘടകം. കൊറോണ ഉയര്‍ത്തിയ ലോക സാഹചര്യം ഉള്‍ക്കൊണ്ട്, താല്‍ക്കാലികമായി പുതിയ സമീപനങ്ങളുമായി സമരസപ്പെടുകയാണ് വേണ്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക, അധ്യാപകരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുക, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക, കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യമുള്ള ഡിജിറ്റല്‍ മേഖല പരിധി വിടാതെ ഉപയോഗപ്പെടുത്തുക- ഇതാണ് ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ കരണീയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.