2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പ്രളയം: കേരളത്തിന് ജി.എസ്.ടിക്കു മേല്‍ ഒരു ശതമാനം സെസിന് അനുമതി

  • നികുതി സമാഹരണത്തില്‍ വര്‍ധന ഉണ്ടായെന്ന് ഐസക്

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രളയത്തിന്റെ കെടുതിയെ അതിജീവിച്ചുവരുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ജി.എസ്.ടിക്കു മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ അനുമതി. കേരളത്തില്‍ വിറ്റഴിക്കുന്ന ഉത്പന്നങ്ങള്‍ക്കു രണ്ടുവര്‍ഷത്തേക്കു സെസ് പിരിക്കാനാണ് ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അധ്യക്ഷതില്‍ ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം അനുമതിനല്‍കിയത്.

നികുതിയുടെ കാലയളവും ഏതൊക്കെ ഉത്പന്നങ്ങള്‍ക്കാണ് സെസ് എന്നും അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ പ്രകൃതിദുരന്തം ഉണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എന്ന നിര്‍ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.

ഒരു ശതമാനം സെസ് അന്തര്‍സംസ്ഥാന വ്യാപാരത്തിനു ചുമത്താന്‍ സാധിക്കില്ല. ജി.എസ്.ടിയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് ഇത്തരത്തില്‍ അവകാശം ലഭിക്കുന്നത്. പ്രളയസെസിലൂടെ രണ്ടുവര്‍ഷത്തിനുള്ളില്‍ ആയിരം കോടി ലഭിക്കുമെന്നാണു പ്രതീക്ഷ.

നിലവിലുള്ള പുറംവായ്പയുടെ പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. ഇപ്പോള്‍ മൂന്നുശതമാനമാണ് വായ്പാ പരിധി. കേരളത്തിന്റെ ഇപ്പോഴത്തെ പുറംവായ്പ 22,000 കോടി രൂപയോളം വരും. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ വായ്പയ്ക്കു ചര്‍ച്ച നടത്തിവരുകയാണ്. ഇക്കാര്യത്തില്‍ പ്രത്യേകം ചര്‍ച്ച ആവശ്യമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചിട്ടുണ്ട്.

ജി.എസ്.ടി നിലവില്‍ വന്ന ശേഷം കഴിഞ്ഞ മൂന്നുമാസമായി കേരളത്തില്‍ നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലേക്കുള്ള എല്ലാ ചരക്കുവാഹനങ്ങളും പരിശോധിക്കുന്നതിനു 150 സ്‌ക്വാഡുകള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. ഇ വേ ബില്ലാണ് ഇതിനു വലിയ സഹായകമായത്. അടുത്ത വര്‍ഷം ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് വരുന്നതോടെ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യം എളുപ്പത്തില്‍ അറിയാനാകും. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ത്തന്നെ മികച്ച സംവിധാനമുണ്ട്. ഇതേക്കുറിച്ച് ബജറ്റിനു മുമ്പ് നേരിട്ട് പോയി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.