2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഓണം വന്ന വഴി

 

  • മൂന്നാമത്തെ ഐതീഹ്യം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നവരാണു ശ്രമണര്‍. ശ്രമണപദ പ്രാപ്തരായവര്‍ക്കു ഗൗതമബുദ്ധന്‍ പീതാംബരം നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. അതിന്റെ ഓര്‍മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. പീതാംബരം കൈമാറല്‍ ചടങ്ങിന്റെ ഭാഗമാണ് ഓണക്കോടി.
മുജീബ് തങ്ങള്‍ കൊന്നാര്

 

 

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പുതുവത്സരത്തിന്റെ ആഗമനം കുറിക്കുന്ന കാര്‍ഷികോത്സവവും പുഷ്‌പോത്സവവുമാണ് ഓണം. അത്തം തൊട്ട് പത്തുദിനങ്ങളിലാണ് ഓണാഘോഷം. ഈ പത്തുദിനങ്ങളില്‍ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാലു ദിവസങ്ങളിലെ ആഘോഷങ്ങള്‍ക്കാണ് കേരളീയര്‍ പ്രധാന്യം കല്‍പ്പിക്കുന്നത്.
ആദ്യമായി ഓണമെന്ന സംജ്ഞയുടെ ഉത്ഭവമെങ്ങനെയാണെന്നു പരിശോധിക്കാം. ഗൗതമബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതം സംഘകാലത്ത് കേരളത്തില്‍ സജീവമായിരുന്നു. ഈ കാലഘട്ടങ്ങളില്‍ മഴക്കാലമായാല്‍ ജനങ്ങള്‍ പഠനത്തിലും ഭജനത്തിലുമെല്ലാം കഴിഞ്ഞുകൂടുക പതിവായിരുന്നു. മഴ ശമിച്ചു വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നു.
സംസ്‌കൃതഭാഷയിലെ ‘ശ്രാവണ’ത്തിനു പാലി (മധ്യകാല ഇന്തോആര്യന്‍ ഭാഷയില്‍ നിന്നുത്ഭവിച്ച പഴയ ഭാരതീയ ഭാഷ) ഭാഷയിലുള്ള തത്സമയപദമാണ് ‘സാവണം.’ കാലഗതിയില്‍ ‘സാവണം’ ലോപിച്ച് ‘ആവണ’മായി. കാലാന്തരത്തില്‍ ആവണം ലോപിച്ച് ‘ഓണ’വുമായി.
ഓണത്തെ ‘പൊന്നോണ’മെന്നു വിളിക്കുന്നതിനു പിന്നിലുമുണ്ട് ഒരു ചരിത്രം. മഴക്കെടുതി മൂലം നിശ്ചലമായിരുന്ന വാണിജ്യരംഗത്ത് ഓണത്തിന്റെ ആദ്യദിനം മുതല്‍ അതുവരെ ദൂരെ നങ്കൂരമിട്ടിരുന്ന കപ്പലുകള്‍ സ്വര്‍ണവുമായി തീരത്തെത്തും. പൊന്നു നല്‍കി വിളകള്‍ വാങ്ങാനാണു വരുന്നത്. സ്വാഭാവികമായും ഓണം ‘പൊന്നോണ’മാകുമല്ലോ.
ഇനി ഓണാഘോഷത്തിനു പിന്നിലെ ഐതീഹ്യത്തെക്കുറിച്ചാണറിയേണ്ടത്.
ഒന്നാമത്തെ ഐതീഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. സത്യസന്ധനും നീതിമാനുമായ ചക്രവര്‍ത്തിയായിരുന്നു മഹാബലി. ‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ’എന്നു തുടങ്ങുന്ന ഓണപ്പാട്ടില്‍ നീതിമാനായ മഹാബലിയുടെ ചരിത്രമാണു കവി വരച്ചിരിക്കുന്നത്.
കൊല്ലവര്‍ഷം ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ രചിച്ച ഈ പാട്ടിന്റെ കര്‍ത്താവ് ആരെന്നു വ്യക്തമല്ല. മഹാബലിയെക്കുറിച്ചുള്ള ഒരു മാപ്പിള പാട്ട് തുടങ്ങുന്നത് ഇപ്രകാരമാണ്:
‘മാവേലി എന്നൊരു തമ്പുരാന്‍പണ്ട്
മലയാളനാടു ഭരിച്ചിരുന്നു.
മക്കത്തു വാണ ഖലീഫയാം ഉമറിന്റെ
ഭരണം മലയാളനാട് കണ്ടിരുന്നു.’
ഹൈന്ദവവിശ്വാസ പ്രകാരം മൂന്നുലോകവും അടക്കിവാണ മഹാബലിയുടെ ഭരണകാലം ജനങ്ങള്‍ക്കു സമ്പല്‍സമൃദ്ധിയുടെ ദിനങ്ങളായിരുന്നു. നീതിമാനായ മഹാബലിയുടെ ഭരണത്തിലെ സമ്പല്‍സമൃദ്ധിയിലും ഐശ്വര്യത്തിലും ഉയര്‍ച്ചയിലും അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചതു പ്രകാരം അദ്ദേഹം വാമനനെന്ന ബ്രഹ്മണബാലനായി അവതരിച്ചു.
അതിഥികളെ ആദരിക്കുന്നതിലും അവരുടെ ഇംഗിതം നടപ്പാക്കിക്കൊടുക്കുന്നതിലും തല്‍പ്പരനായ മഹാബലിയോട് വാമനന്‍ തപസ്സിനായി മൂന്നടി മണ്ണു ചോദിക്കുന്നു. അതു കൊടുക്കാമെന്നു സത്യംചെയ്ത നിമിഷത്തില്‍ വാമനന്‍ ഭീമാകൃതി പ്രാപിച്ചു മഹാബലിയുടെ സാമ്രാജ്യം രണ്ടടി കൊണ്ട് അളന്നു. മൂന്നാമത്തെ ചുവടിനു സ്ഥലമില്ലാതെ വന്നപ്പോള്‍ സ്വന്തം ശിരസ്സ് കുനിച്ചു കൊടുത്ത മഹാബലിയെ പാതളത്തിലേക്കു ചവിട്ടിത്താഴ്ത്തി.
മഹാബലിയുടെ അഭ്യര്‍ഥനയനുസരിച്ചു വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ ഭൂലോകത്തു വരാന്‍ അനുവാദവും നല്‍കി. അതുപ്രകാരം മഹാബലി ആണ്ടിലൊരിക്കല്‍ കേരളത്തിലെത്തുന്ന വേളയാണത്രേ കേരളീയര്‍ തിരുവോണമായി ആഘോഷിക്കുന്നത്.
രണ്ടാമത്തെ ഐതീഹ്യം പരശുരാമനുമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ വിശ്വാസപ്രകാരം കേരളത്തിന്റെ സ്രഷ്ടാവാണു പരശുരാമന്‍. മഴുവെറിഞ്ഞു കടല്‍ മാറ്റി വീണ്ടെടുത്ത പ്രദേശമാണു കേരളമെന്നാണ് ഐതീഹ്യം. താന്‍ സൃഷ്ടിച്ച കേരളം പരശുരാമന്‍ ബ്രഹ്മണര്‍ക്കു വീതിച്ചു നല്‍കിയത്രേ. ആപല്‍ഘട്ടങ്ങളില്‍ ബ്രാഹ്മണര്‍ സ്മരിച്ചാല്‍ താന്‍ പ്രത്യക്ഷനാകുമെന്നു വാക്കും കൊടുത്തു. ചില ബ്രാഹ്മണര്‍ പരശുരാമന്റെ വാക്കുകള്‍ ദുരുപയോഗപ്പെടുത്തി. ഇതില്‍ ക്ഷുഭിതനായ പരശുരാമന്‍ ബ്രാഹ്മണര്‍ക്കു മുന്നില്‍ ഇനി പ്രത്യക്ഷനാവില്ലെന്നു തീരുമാനിച്ചു.
ഒടുവില്‍ ബ്രാഹ്മണപ്രമുഖര്‍ പരശുരാമനു മുന്നില്‍ മാപ്പപേക്ഷിച്ചു.
സംപ്രീതനായ പരശുരാമന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍ കേരളത്തില്‍ വരാമെന്ന് ഉറപ്പുകൊടുത്തു. ആണ്ടിലൊരിക്കലെത്തുന്ന പരശുരാമനെ സ്വീകരിക്കാനുള്ള ആഘോഷമാണ് ഓണമെന്നാണ് ഈ ഐതീഹ്യം.
മൂന്നാമത്തെ ഐതീഹ്യം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നവരാണു ശ്രമണര്‍. ശ്രമണപദ പ്രാപ്തരായവര്‍ക്കു ഗൗതമബുദ്ധന്‍ പീതാംബരം നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. അതിന്റെ ഓര്‍മയ്ക്കായാണ് ഓണം ആഘോഷിക്കുന്നത്. പീതാംബരം കൈമാറല്‍ ചടങ്ങിന്റെ ഭാഗമാണ് ഓണക്കോടി.
നാലാമത്തെ ഐതീഹ്യപ്രകാരം ശൈവമതത്തെ പുറന്തള്ളി വൈഷ്ണവര്‍ ആധിപത്യം സ്ഥാപിച്ചതിന്റെ ആഘോഷമാണ് ഓണം.
അഞ്ചാമത്തെ ഐതീഹ്യം അസീറിയയിലെ രാജാവുമായി ബന്ധപ്പെട്ടതാണ്. അസീറിയന്‍ രാജാവായിരുന്ന ‘ബലെ’ ആണ് സംസ്‌കൃതരൂപം പ്രാപിച്ചു ‘ബലി’യായതെന്നും അസീറിയയിലെ ഒരുത്സവം മധ്യധരണ്യാഴി വംശജരായ ദ്രാവിഡര്‍ ഇവിടെ കൊണ്ടുവന്ന് ഓണമായി ആഘോഷിച്ചതാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്.
ആറാമത്തെ വീക്ഷണം മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്റേതാണ്. പെരുമാള്‍ രാജവംശത്തിലെ അവസാനത്തെ രാജവായ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കയിലേക്കു യാത്രയായത് തിരുവോണനാളിലായിരുന്നെന്നും അതിന്റെ ഓര്‍മയ്ക്കാണ് ഓണമാഘോഷിക്കുന്നതെന്നുമാണ് ലോഗന്‍ അഭിപ്രായപ്പെടുന്നത്. മക്കയിലെത്തിയ ചേരമാന്‍ പെരുമാള്‍ പ്രവാചകസന്നിധിയിലെത്തി താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ചു.
ഹസ്രത്ത് അബൂസഈദുല്‍ ഖുദ്രി നിവേദനം ചെയ്ത ഹദീസ് കാണുക: ‘ഇന്ത്യയിലെ ഒരു രാജാവ് ഇഞ്ചി ഉള്ളടക്കം ചെയ്ത ഒരു ഭരണി നബി(സ)ക്കു സമ്മാനിച്ചു. തിരുനബി(സ) അവിടുത്തെ അനുയായികള്‍ക്ക് അത് ഓരോ കഷണമായി തിന്നാന്‍ നല്‍കി. (അതില്‍) ഒരു കഷണം തിന്നാന്‍ എനിക്കും തന്നു.’
നബി(സ)യുടെ കാലത്ത് ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചതിനു തെളിവായി ചരിത്രകാരന്മാര്‍ ഉദ്ധരിക്കാറുള്ളത് ഈ ഹദീസാണ്. എ.ഡി 825 ലാണ് ഓണാഘോഷം ആരംഭിച്ചതെന്നു ലോഗന്‍ അഭിപ്രായപ്പെടുന്നു. എ.ഡി 625,685 കാലത്ത് ഭാസ്‌കര രവിവര്‍മ പെരുമാള്‍ ഒന്നാമന്‍ ആരംഭിച്ചതാണ് ഓണമെന്നാണ് ആറ്റുരിന്റെ അഭിപ്രായം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.