2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

എപ്പോഴും ഓണ്‍ലൈനിലുള്ള ഉമര്‍ അബ്ദുല്ല 25 ദിവസമായി ഓഫ് ലൈനില്‍, മുഖത്ത് താടിരോമങ്ങളും വളര്‍ന്നു, പാചകത്തിലും വായനയിലും സമയം ചെലവിടുന്നു, സൗകര്യങ്ങള്‍ കുറഞ്ഞ് മഹ്ബൂബ, ഇരുവര്‍ക്കും കുടുംബത്തെ കാണാന്‍ അനുമതി; ഫാറൂഖ് അബ്ദുല്ല കാത്തിരിക്കണം

 

ശ്രീനഗര്‍: ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം സജീവമായ രാഷ്ട്രീയ നേതാവാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. എന്നാല്‍, കഴിഞ്ഞ 25 ദിവസമായി അദ്ദേഹം ഓഫ് ലൈനിലാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ശ്രീനഗറിലെ കൊട്ടാര സമാനമായ ഹരിനിവാസിലാണ് ഉമര്‍ അബ്ദുല്ല കഴിയുന്നത്. അതേസമയം, അത്ര സൗകര്യങ്ങളില്ലാത്ത ടൂറിസം വകുപ്പിനു കീഴിലുള്ള കെട്ടിടത്തിലാണ് പി.ഡി.പി അധ്യക്ഷയും ഉമറിനെ പോലെ സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ മഹ്ബൂബ കഴിയുന്നത്. ആകെയുള്ള ഒരാശ്വാസം ഇരുവര്‍ക്കും കുടുംബത്തെ കാണാന്‍ അനുമതി ലഭിച്ചുവെന്നതാണ്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്.

ജമ്മുകശ്മീരിനെ വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുന്നോടിയായി കഴിഞ്ഞമാസം അഞ്ചിനാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്. വീട്ടുതടങ്കലിലായതിന് ശേഷം ഉമര്‍ അബ്ദുല്ലയ്ക്ക് അദ്ദേഹത്തിന്റെ കുടുംബവുമായി രണ്ടുതവണ ബന്ധപ്പെടാന്‍ കഴിഞ്ഞു. ഒന്ന് നേരിട്ടും, മറ്റൊന്ന് ടെലിഫോണിലൂടെയും. ഇന്നലെയാണ് ആദ്യ കൂടിക്കാഴ്ച. മക്കളും സഹോദരി സഫിയയും ഹരിനിവാസിലെത്തി 20 മിനിറ്റോളം ഉമര്‍ അബ്ദുല്ലയുമായി സംസാരിച്ചു. പൊതുവേ താടിയും മീശയും വടിച്ച് ക്ലീന്‍ഷേവായി പ്രത്യക്ഷപ്പെടാറുള്ള ഉമര്‍ അബ്ദുല്ലയുടെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നതായി ഇവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സഫിയയും ഉമറിന്റെ മക്കളും ശ്രീഗനര്‍ ഡപ്യൂട്ടി കമ്മിഷനറുടെ വസതിയില്‍ പലതവണ കയറിയിറങ്ങിയ ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് അവര്‍ക്ക് അവസരം ലഭിച്ചത്. ബലിപെരുന്നാള്‍ ദിനത്തില്‍ (ഓഗസ്റ്റ് 12) ആണ് ആദ്യമായി കുടുംബം ഉമര്‍ അബ്ദുല്ലയുമായി സംസാരിച്ചത്. അന്ന് ഫോണിലൂടെ കുടുംബം പെരുന്നാള്‍ ആശംസ കൈമാറി.

 

ഹരി നിവാസ്‌

സബര്‍വന്‍ കുന്നുകളുടെ ഒരുഭാഗത്ത് ദാല്‍ തടാകത്തിന് മുന്നിലായി പ്രൗഡിയോടെ നില്‍ക്കുന്ന ഹരിനിവാസ് നീണ്ട പുല്‍മേടുകള്‍ക്കിടയില്‍ ഒന്‍പത് ഏക്കറോളം സ്ഥലത്തായാണ് സ്ഥിതിചെയ്യുന്നത്. മൂന്നു പ്രസിഡന്‍ഷ്യല്‍സ്യൂട്ടുകളും ഇതിനുണ്ട്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉമര്‍ അബ്ദുല്ലയുടെ പ്രഭാതസവാരിക്കിടെ മാത്രമാണ് അദ്ദേഹത്തെ ഞങ്ങള്‍ക്ക് കാണാനാവുന്നതെന്ന് ഹരി നിവാസിന്റെ കാവല്‍ക്കാരിലൊരാള്‍ പറഞ്ഞു. ജോഗിങ് സമയത്ത് പുറത്തുകാണുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് അദ്ദേഹം ചിരിക്കും. മറ്റു സമയത്തൊക്കെയും അദ്ദേഹം ഉള്ളിലാവും- ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇടയ്ക്കിടെ പത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട ഈ ദിവസങ്ങളില്‍ പാചകം ചെയ്യലും പുസ്തക വായനയിലുമാണ് അദ്ദേഹം ചെലവഴിക്കുന്നത്.

നിലവില്‍ മഹ്ബൂബ കഴിയുന്ന ടൂറിസംവകുപ്പിനു കീഴിലുള്ള ഗസ്റ്റ് ഹൗസ് സബ്ജയില്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേക്ക് വ്യാഴാഴ്ച മഹ്ബൂബാ മുഫ്തിയെ കാണാന്‍ അവരുടെ ഉമ്മയും സഹോദരങ്ങളും എത്തിയിരുന്നു. ഹരിനിവാസില്‍ നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ളതാണ് മഹ്ബൂബ കഴിയുന്ന ചെഷ്മ സാഹി ഗസ്റ്റ് ഹൗസ്. കഴിഞ്ഞവര്‍ഷം വരെ ബി.ജെ.പിയുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മഹ്ബൂബക്ക് പക്ഷേ, ഉമര്‍ അബ്ദുല്ലയ്ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും ഇല്ലെന്നാണ് സൂചന. മഹ്ബൂബക്കും ഉമര്‍ അബ്ദുല്ലക്കും പത്രങ്ങളും കേബിളുകളും ഇല്ലെങ്കിലും ഡി.വി.ഡി പ്ലെയറും ഏതാനും സിനിമ സി.ഡികളും നല്‍കിയിട്ടുണ്ട്.

 

കരുതല്‍ തടങ്കലിലുള്ള മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മകന്‍ ഉമര്‍ അബ്ദുല്ലയ്ക്കും മഹ്ബൂബക്കും കുടുംബത്തെ കാണാന്‍ അനുമതി ലഭിച്ചെങ്കിലും ഫാറൂഖ് അബ്ദുല്ലയുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. തടങ്കലിലായ ആദ്യ ആഴ്ചയില്‍ എന്‍.ഡി.ടി.വിയില്‍ അദ്ദേഹത്തിന്റെ അഭിമുഖം വന്നിരുന്നു. വൈകാരിക വിക്ഷോഭത്തോടെ സംസാരിച്ച അദ്ദേഹം ആ അഭിമുഖത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാക്കു നേരെയും പൊട്ടിത്തെറിച്ചിരുന്നു. എന്നാല്‍, നിലവില്‍ അദ്ദേഹത്തിന് ഇന്റര്‍നെറ്റോ ടെലിഫോണ്‍ സംവിധാനമോ ഇല്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗവും ഇല്ല. ജമ്മുകശ്മീര്‍ പൊലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മൂന്നുതവണയാണ് ഇക്കാലയളവില്‍ അദ്ദേഹത്തെ കണ്ടത്. കുടുംബത്തെ കാണാന്‍ അദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും നിരസിക്കപ്പെട്ടു.

എന്നാല്‍, സംസ്ഥാനത്ത് നിരോധനാജ്ഞയില്‍ അയവുവരുത്തിയിട്ടുണ്ടെന്നും സാധാരണനില കൈവന്നുവെന്നുമാണ് കശ്മീരിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

Omar Abdullah, Mehbooba Mufti Finally Allowed To Meet Relatives


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.