2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കാമുകനെത്തിയപ്പോള്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചു

തയാറാക്കിയത്: ഫൈസല്‍ കോങ്ങാട്, എം.പി മുജീബ് റഹ്മാന്‍, ശഫീഖ് പന്നൂര്‍, ഇസ്മാഈല്‍ അരിമ്പ്ര. ഏകോപനം: സുനി അല്‍ഹാദി

കോഴിക്കോട്ടുകാരിയായ ഹലീമയ്ക്ക് കോളജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. തന്റെ അതേ ബാച്ചിലെതന്നെ വിനീത് കുമാറായിരുന്നു കഥാനായകന്‍.ഇരുവരുംതമ്മിലുള്ള ബന്ധം കോളജില്‍ പാട്ടാകുകയും വിവരം ഹലീമയുടെ വീട്ടിലറിയുകയും ചെയ്തു.മാതാപിതാക്കളുടെ നിരന്തരപരിശ്രമഫലമായി ഹലീമ ആ ബന്ധത്തില്‍നിന്ന് അല്‍പം പിന്നോട്ട് പോകാന്‍ തുടങ്ങി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ആ ബന്ധം അവസാനിച്ചെന്ന ഉറച്ച വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഹലീമയ്ക്ക് വിവാഹാലോചന നടത്തി. 

 

എതിരൊന്നും ഹലീമ പറയാതിരുന്നതിനാല്‍ മകള്‍ പൂര്‍ണസമ്മതത്തോടെയാണ് വിവാഹത്തിന് സമ്മതിക്കുന്നതെന്ന ധാരണയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു വരന്‍.വളരെ ആഘോഷമായി വിവാഹവും നടന്നു.പുതിയ വീട്ടില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം കഴിയുമ്പോഴും വളരെ രഹസ്യമായി ഫോണിലൂടെ തന്റെ കോളജിലെ പഴയ ഇഷ്ടക്കാരനുമായി ഹലീമ ബന്ധം തുടരുകയായിരുന്നു. വീട്ടിലെ ലാന്റ് ഫോണിലൂടെ ഭര്‍ത്താവ് സ്‌കൂളിലായിരുന്ന സമയത്തായിരുന്നു ഇവരുടെ ഫോണ്‍വിളികള്‍. ഒരു ദിവസം കണ്ണൂരില്‍നിന്നു കോഴിക്കോട്ടെ സ്വന്തം വീട്ടിലെത്തിയ ഹലീമ ടൗണില്‍പോകുന്നു എന്നുപറഞ്ഞ് വിനീത് കുമാറിന്റെ അടുത്തേക്കാണ് പോയത്.അഞ്ച് വര്‍ഷം തന്നെ വഞ്ചിച്ച് കൂടെ നിന്ന ഭാര്യയെ ഉപേക്ഷിക്കുകയല്ലാതെ ആ അധ്യാപകന് മറ്റ് മാര്‍ഗമില്ലായിരുന്നു. ഹലീമയുടെ പിതാവ് മൂന്നരവയസുള്ള മകളെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, വിനീത്കുമാര്‍ ഹലീമയെ സ്വീകരിച്ചില്ല എന്നത് മറ്റൊരു വസ്തുത.

തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായിരുന്നില്ല. ഭാര്യയെ നിലനിര്‍ത്തി ഹലീമയുമായി ബന്ധം തുടരാനായിരുന്നു ഇയാളുടെ പരിപാടി.ചതി മനസിലാക്കി തിരികെവന്ന ഹലീമയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചുവിട്ടു. എന്നാല്‍, ആ വിവാഹവും പരാജയമായിരുന്നു. ഇപ്പോള്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അകന്ന് കഴിയുകയാണ് ഹലീമ.

 

 

പ്ലസ്ടു വിദ്യാര്‍ഥിനി ഒളിച്ചോടിയത് ഇതരസംസ്ഥാന തൊഴിലാളിക്കൊപ്പം

മലപ്പുറം ജില്ലയിലെ ഒരുഗ്രാമത്തില്‍നിന്നു മുബീന പത്താംക്ലാസ് മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് അര്‍ഹതനേടിയപ്പോള്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊക്കെ ഒരുപോലെ പ്രതീക്ഷയായിരുന്നു. എന്നാല്‍, സ്വപ്നങ്ങളൊക്കെ പൊലിയാന്‍ അധികനാള്‍വേണ്ടിവന്നില്ല. മുബീന പ്ലസ് വണ്‍ പഠിക്കാന്‍ ചേര്‍ന്ന സ്ഥാപനം വീട്ടില്‍ നിന്നു കുറച്ചകലെയായിരുന്നു. സ്ഥിരമായി പോയിരുന്ന മിനി ബസിലെ കണ്ടക്ടറുമായി മുബീന അടുപ്പത്തിലായി. പഠനത്തില്‍ അശ്രദ്ധകാണിച്ച മുബീനയെ അധ്യാപകര്‍ നിരീക്ഷിച്ചുതുടങ്ങിയപ്പോഴാണ് മുബീനയുടെ മനംമാറ്റത്തിന്റെ യഥാര്‍ഥകാരണം മനസിലാകുന്നത്. ബസ് കണ്ടക്ടറായി ജോലിചെയ്തിരുന്ന ഇതരസംസ്ഥാനക്കാരനായ തമ്പിമാണിക്യവുമായി മുബീന നിരന്തരം ഫോണില്‍ സംസാരിക്കുന്നുണ്ടെന്ന്.മുബീനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തമ്പി സമ്മാനിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നത്. മുബീനയോട് വീട്ടുകാരും അധ്യാപകരുമൊക്കെ ഈ ബന്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ പറഞ്ഞുമനസിലാക്കിയെങ്കിലും മുബീന രഹസ്യമായി ഇയാളുമായുള്ള ബന്ധം തുടരുകയായിരുന്നു. മൊബൈല്‍ഫോണ്‍വിളിയും സ്‌കൂളിലേക്കുള്ള ബസ്‌യാത്രയുമൊക്കെ അവസാനിപ്പിച്ചതോടെ മകള്‍ എല്ലാം മറന്നെന്ന ചിന്തയിലായിരുന്നു മാതാപിതാക്കള്‍.
18വയസു തികഞ്ഞാലുടന്‍ മുബീനയെ വിവാഹം കഴിപ്പിച്ചയക്കാനും തീരുമാനിച്ചു. വിദേശത്തുള്ള സഹോദരന്റെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ മുബീനയുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് ഒരാഴ്ച മുന്നേ സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കാന്‍ വീടുവിട്ടിറങ്ങിയ മുബീന പോയത് തമ്പിയുടെ അടുത്തേക്കായിരുന്നു. രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മുബീനപോയപ്പോള്‍ തനിക്ക് 18 തികഞ്ഞെന്ന് തെളിയിക്കുന്ന രേഖകളെടുക്കാന്‍ മറന്നിരുന്നില്ല.അച്ചടക്കത്തോടെ മാന്യമായ വസ്ത്രവും ജീവിതരീതിയും പിന്തുടര്‍ന്ന മുബീന എങ്ങനെയാണ് അന്യസംസ്ഥാനതൊഴിലാളിയുടെ ഒറ്റമുറി വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിപ്പെട്ടതെന്ന് ഇന്നും നാട്ടുകാര്‍ക്ക് ഉത്തരംകിട്ടാത്ത ചോദ്യമാണ്.

 

എല്ലാം തകര്‍ത്തെറിഞ്ഞ ഫോട്ടോഗ്രാഫി

കണ്ണൂരില്‍ ഒരുവര്‍ഷംമുമ്പ് മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ ഹര്‍ഷന്‍ വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തയായത് ഒരുപെണ്‍കുട്ടിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഹര്‍ഷന്‍ ആത്മഹത്യചെയ്യുന്നതിനുമുന്‍പ് അതിനുകാരണം അന്വേഷിക്കുന്നവര്‍ക്കുള്ള ഉത്തരംകൂടിയായിരുന്നു ആ ചിത്രങ്ങള്‍. ടെക്‌നീഷ്യനു പുറമെ വിഡിയോഗ്രാഫര്‍ ജോലിയും ചെയ്തിരുന്ന ഹര്‍ഷന്‍ ഒരു വിവാഹവീട്ടില്‍ ജോലിക്കു പോയപ്പോള്‍ പരിചയപ്പെട്ട അഖിലയുമായി അടുപ്പത്തിലായി. ഈ ബന്ധം പിന്നീട് ഒരുമിച്ചുള്ള യാത്രയിലും ഒപ്പം താമസിക്കുന്നതിലും വരെയെത്തി. ഒട്ടേറെ ദിവസങ്ങള്‍ അഖിലയുമായി അന്യസംസ്ഥാനത്തടക്കം ചെലവഴിച്ച യുവാവ് വിവാഹത്തിനായി അഖിലയുടെ വീട്ടുകാരെ സമീപിച്ചപ്പോഴാണു മറ്റൊരാളുമായി വിവാഹമുറപ്പിച്ച വിവരമറിയുന്നത്.
പഠിക്കുമ്പോഴാണ് അഖില ഹര്‍ഷനുമായി അടുപ്പത്തിലായത്. വൈകാതെ ന്യൂജനറേഷന്‍ ബാങ്കില്‍ ജോലി ലഭിച്ച അഖിലയ്ക്ക് നല്ല ആലോചന വന്നതോടെ വീട്ടുകാര്‍ വിവാഹമുറപ്പിച്ചു.എന്നാല്‍, ഇക്കാര്യം ഹര്‍ഷനോട് അഖില പറഞ്ഞതുമില്ല. ഇതോടെ കടുത്ത വിഷാദത്തിനടിമപ്പെട്ട യുവാവ് വീട്ടില്‍വച്ച് തന്നെ ജീവിതമവസാനിപ്പിക്കുകയായിരുന്നു. മകന്റെ മരണത്തിനുശേഷമാണ് വീട്ടുകാര്‍ പ്രേമവും നിരാശയുമൊക്കെ അറിയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മകന്റെയും പെണ്‍കുട്ടിയുടെയും ഫോട്ടോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നായിരുന്നു ഇത്. താനും അഖിലയുമായി വിവിധ സ്ഥലങ്ങളില്‍വച്ചെടുത്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുശേഷമായിരുന്നു ഹര്‍ഷന്‍ ജീവിതം അവസാനിപ്പിച്ചത്. അഖിലയുടെ പുതിയ കുടുംബജീവിതത്തില്‍ ഈ ഫോട്ടോകള്‍ എത്രത്തോളം വിള്ളലുണ്ടാക്കിയെന്ന് പറയേണ്ടതില്ലല്ലോ.
(പരമ്പരയില്‍ പരാമര്‍ശിക്കുന്ന
പേരുകള്‍ സാങ്കല്‍പ്പികമാണ്)

 

 

ഒളിച്ചോട്ടങ്ങളിലേക്ക് നയിക്കുന്ന മൊബൈല്‍ ചതിക്കുഴികള്‍

 

മിസ്ഡ് കാള്‍ കുരുക്ക്

അപ്രതീക്ഷിതമായി വഴിതെറ്റിയെത്തുന്ന ചില കാളുകളാണ് വീട്ടമ്മമാര്‍ അടക്കം പലരെയും വേണ്ടാത്ത ബന്ധങ്ങളിലേക്ക് എത്തിക്കുന്നത്. രണ്ടുതരത്തില്‍ മിസ്ഡ് കാളുകള്‍ വില്ലനാകാറുണ്ട്. ഒന്ന്; വേണ്ടപ്പെട്ട ആരെയെങ്കിലും വിളിക്കുമ്പോള്‍ അബദ്ധത്തില്‍ ഒരക്കം തെറ്റിയാല്‍ ഉദ്ദേശിക്കാത്ത മറ്റാര്‍ക്കെങ്കിലുമാകും വിളിയെത്തുക. ‘സോറി’ പറഞ്ഞ് കാള്‍ കട്ടുചെയ്താലും സ്ത്രീ ശബ്ദംകേള്‍ക്കുന്ന മറുവശത്തുള്ളയാള്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കും. നിര്‍ദോഷമായ പരിചയപ്പെടലില്‍ തുടങ്ങി പലപ്പോഴും അരുതാത്ത ബന്ധങ്ങളിലേക്ക് വളരുകയും ചെയ്യും.
രണ്ടാമത്തെ ഒരുവിഭാഗം: ഏതെങ്കിലും ‘ഇരകള്‍’ കൊത്തുമെന്ന പ്രതീക്ഷയില്‍ വിവിധ അക്കങ്ങള്‍ മാറ്റിമാറ്റി വിളിച്ചുകൊണ്ടിരിക്കും. ഫോണ്‍ എടുക്കുന്നത് പുരുഷന്മാരാണെങ്കില്‍ ക്ഷമ പറഞ്ഞ് കാള്‍ കട്ടുചെയ്യും. സ്ത്രീകളാണെങ്കില്‍, വളരെ മധുരമായി സങ്കല്‍പത്തിലുള്ള ഏതെങ്കിലും പേര് ചോദിച്ച് അയാളാണോ എന്ന് ചോദിക്കും. അല്ലെങ്കില്‍, സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്തലും പേര് ചോദിക്കലുമൊക്കെയാകും. ബോധപൂര്‍വം നടത്തുന്ന ഈ മിസ്ഡ് കാളുകളില്‍ പക്വതയില്ലാത്ത പലരും വീഴുകയും ചെയ്യും. ഈയിടെ കോഴിക്കോട് ജില്ലയില്‍ പൊലിസിന്റെ പിടിയിലായ ഒരു കൗമാരക്കാരന്‍ വിവിധ പ്രായത്തിലുള്ള നൂറോളം സ്ത്രീകളുമായി ഇത്തരം മിസ്ഡ്കാള്‍ ബന്ധം സ്ഥാപിച്ചതായാണ് കണ്ടെത്തിയത്.

നമ്പര്‍ കൈമാറും കേന്ദ്രങ്ങള്‍

പെണ്‍ കുട്ടികളുടെ നമ്പര്‍ സംഘടിപ്പിച്ച് കൈമാറുന്ന സംഘത്തെതന്നെ മാസങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ പൊലിസ് പിടികൂടിയിരുന്നു. ഒരു പെണ്‍ കലാലയത്തിലെ കുട്ടികളുടെ നമ്പറുകളിലേക്ക് സ്ഥിരമായി ശല്യപ്പെടുത്തല്‍ കാളുകള്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കലാലയത്തിനടുത്ത് റീചാര്‍ജിങ് കേന്ദ്രത്തില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനെത്തുന്ന വിദ്യാര്‍ഥിനികളുടെ നമ്പര്‍ ശേഖരിച്ച് കൈമാറുകയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതി.
വടക്കന്‍ കേരളത്തില്‍, ഭര്‍ത്താവ് ഗള്‍ഫിലുള്ള സ്ത്രീകളുടെ നമ്പറുകള്‍ ഇങ്ങനെ ശേഖരിച്ച് കൈമാറുന്ന സംഘങ്ങളുമുണ്ടെന്ന് പൊലിസ് വിശദീകരിക്കുന്നു. ഇവിടെയും വില്ലനാകുന്നത് റീചാര്‍ജിങ് കടകള്‍തന്നെ. രാജ്യവ്യാപകമായിത്തന്നെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചില സര്‍വിസ് പ്രൊവൈഡര്‍മാര്‍ നമ്പര്‍ കൈമാറാതെതന്നെ റീചാര്‍ജിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെ നമ്പര്‍ ഇങ്ങനെ മറ്റുള്ളവര്‍ ദുരുപയോഗിക്കാതിരിക്കാന്‍ ഗള്‍ഫില്‍നിന്ന് നേരിട്ട് മൊബൈല്‍ റീചാര്‍ജ് ചെയ്ത് കൊടുക്കുന്നവരും ഏറെയാണ്. കരുതെലന്ന നിലക്ക് സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ റീചാര്‍ജിങ് നടത്തുന്ന സ്ത്രീകളുമുണ്ട്.
(തുടരും)

 

 


അവര്‍ കടന്നുവരുന്നു; മൊബൈല്‍ ഫോണിലൂടെയും

 

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ മനുഷ്യരാശി ഏറ്റവുമധികം അടിപ്പെട്ട ഒരു കണ്ടുപിടുത്തം മൊബൈല്‍ ഫോണ്‍ ആണ്. കണ്ണടച്ചുതുറക്കുന്നതിനേക്കാള്‍ വേഗത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്മുടെയൊക്കെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയത്. 1990കളുടെ മധ്യത്തില്‍,വിവരമറിയിക്കുന്നതിനുള്ള പേജര്‍ സംവിധാനമായാണ് കടന്നുവരവ്. പേജര്‍ പെട്ടന്നുതന്നെ അപ്രസക്തമായി. പകരം സെല്‍ ഫോണുകള്‍ വ്യാപകമായി.
ഇന്ന് ലോകത്ത് ഏറ്റവുമധികം കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത് സെല്‍ ഫോണുകളുടെ രംഗത്താണ്. ആദ്യകാലത്ത് സംസാരിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഫോണുകള്‍ പിന്നീട് സന്ദേശങ്ങള്‍ അയക്കാനും ചിത്ര സന്ദേശങ്ങള്‍ അയക്കാനുമൊക്കെയായി വികസിച്ചു. പിന്നീട്, അതിവേഗത്തിലാണ് ഫോണ്‍ സ്മാര്‍ട്ടായി മാറിയത്. മൊബൈല്‍ ഇന്റര്‍നെറ്റുകൂടി വ്യാപകമായതോടെ ചിത്രങ്ങളെടുക്കാനും അയക്കാനും മുതല്‍ പരസ്പരം കണ്ട് സംസാരിക്കാനുമൊക്കെ ഉപകാരപ്പെടുന്നതായി മാറി. ഓരോ പരിഷ്‌കാരവും ഒരുപാട് സൗകര്യങ്ങള്‍ നമുക്ക് കൊണ്ടുതരുന്നുണ്ട്. പക്ഷേ, മൊബൈല്‍ ഫോണ്‍ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളുടെ അതേവേഗത്തില്‍തന്നെ അതില്‍ ചതിക്കുഴികളും രൂപപ്പെടുന്നുണ്ടെന്നത് മറന്നുകൂടാ.

 

 

 ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.