2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

അന്താരാഷ്ട്ര എണ്ണവില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഉത്പാദനം കൂട്ടാമെന്ന് സഊദി

റിയാദ്: എണ്ണവിപണിയില്‍ ഇറാനെ മാറ്റി നിര്‍ത്തുമ്പോഴുണ്ടാകുന്ന കുറവിലേക്ക് ലഭ്യമായ എണ്ണയുടെ ഉത്പാദനം വര്‍ധിപ്പിക്കാനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ എണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കൂടിയ വിലയിലാണ് എണ്ണ വിപണനം നടക്കുന്നത്. 2014 നവംബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കായി കഴിഞ്ഞ ദിവസം 81 ഡോളറാണ് ഒരു ബാരല്‍ വില.

അള്‍ജീരിയയോഗത്തിലെ ഉല്‍പാദനം ഉയര്‍ത്തേണ്ടെന്ന തീരുമാനമാണ് വിപണി വില വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. ഇറാനെതിരെ ഉപരോധം ശക്തമാകുമ്പോള്‍ മറ്റു രാജ്യങ്ങള്‍ എണ്ണയുല്‍പാദനം വര്‍ധിപ്പിക്കണമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ നിലവില്‍ വിപണിയും സന്തുലിതാവസ്ഥയാണുള്ളതെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഉത്പാദനം വര്‍ധിപ്പിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്.

വിപണിക്ക് ആവശ്യമെങ്കില്‍ ഏതു സമയത്തും ഉത്പാദനം കൂട്ടാന്‍ സഊദി സന്നദ്ധമാണെന്നും പ്രതിദിന എണ്ണ ഉല്‍പാദന ശേഷിയില്‍ പതിനഞ്ചു ലക്ഷം ബാരലിന്റെ അധിക ശേഷിയുള്ളതായും സഊദി ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി.

തങ്ങളുടെ പക്കലുള്ള അധിക ഉല്‍പാദന ശേഷി ദിവസങ്ങള്‍ക്കുള്ളില്‍ പ്രയോജനപ്പെടുത്തുന്നതിന് സഊദിക്ക് സാധിക്കുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭദ്രത ഉറപ്പു വരുത്തുന്നതിന് അനിവാര്യമായ എല്ലാ നടപടികളും സഊദി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണവില അനിയന്ത്രിതമായി താഴ്ന്നതിനെ തുടര്‍ന്ന് 2016 അവസാനമാണ് എണ്ണവിപണി കരകയറ്റാനുള്ള ശ്രമം തുടങ്ങിയത്. ഇതേ തുടര്‍ന്ന് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും പുറത്തുള്ള പ്രമുഖ രാജ്യമായ റഷ്യയും കൂടിചേര്‍ന്നെടുത്ത തീരുമാനപ്രകാരം ദിനേന 18 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാണ് തീരുമാനിച്ചത്. വിപണി സ്ഥിരപ്പെടുന്ന 2019 വരെ ഇത് തുടരാനാണ് ഒപെക് റഷ്യ തീരുമാനം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.