2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഓഖി: കണ്ടെത്താനുള്ളത് 261 പേരെയെന്ന് കേന്ദ്രം, 143 പേരെ മാത്രമെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ എത്ര പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭിന്നത തുടരുന്നു. കേരളത്തില്‍ നിന്ന് 261 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ പറഞ്ഞത്. തൊട്ടുപിന്നാലെ, ഈ കണക്കിനെ തള്ളി സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി.

143 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും എണ്ണം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കേണ്ടെന്നും അവര്‍ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസം പോരെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ആകെ 661 പേരെ കാണാതായെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെ കാണാതായി. ഈമാസം 20 വരെയുള്ള കണക്കാണിത്. ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ഇരുവരും ഇക്കാര്യം ചർച്ച ചെയ്യാന്‍ വേണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് വ്യത്യസ്തമായ കണക്കുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓഖി ദുരന്ത വ്യാപ്തി വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലെ സംഘം എത്തിയിരുന്നു. അടിയന്തര സഹായമായി 133 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 422 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.