2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘ഞങ്ങളുടെ മുസ്ലിം സമുദായത്തിലെ 50 പേരുടെ ജീവന്‍ നഷ്ടമായി’, ഇരകള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വെല്ലിങ്ടണ്‍: വെള്ളിയാഴ്ച ക്രിസ്റ്റ് ചര്‍ച്ചിലെ രണ്ടുമുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ആദ്യമായി സമ്മേളിച്ച പാര്‍ലമെന്റില്‍ ഇരകള്‍ക്കൊപ്പമെന്ന് ഒരിക്കലൂടെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. സലാം പറഞ്ഞു തുടങ്ങിയ പ്രസംഗത്തില്‍ ക്രിസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ‘ഞങ്ങളുടെ മുസ്ലിം സമുദായത്തിലെ 50 പേരുടെ ജീവന്‍ നഷ്ടമായി’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അക്രമിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നടക്കാന്‍ പോവുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തോക്കുധാരി ആഗ്രഹിച്ചതുപോലുള്ള പൊതുജനപിന്തുണ അദ്ദേഹത്തിനു ലഭിച്ചില്ല. അതുകൊണ്ട് അയാളുടെ പേര് ഇനി ഉച്ചരിക്കില്ല. അദ്ദേഹമൊരു ഭീകരനാണ്, ക്രിമിനലാണ്, തീവ്രവാദിയാണ്, അതിനാല്‍ അദ്ദേഹത്തെ കുറിച്ചു പറയുമ്പോള്‍ ഒരിക്കലും പേരുപരാമര്‍ശിക്കില്ല. കുപ്രസിദ്ധി ആഗ്രഹിച്ചാവും അദ്ദേഹം ഇങ്ങിനെയൊക്കെ ചെയ്തത്. എന്നാല്‍, നാം ന്യൂസിലാന്‍ഡുകാര്‍ അദ്ദേഹത്തെ ഏറ്റെടുത്തില്ല, ഭീകരന്റെ പേരുപോലും. തോക്കുധാരി ആസ്‌ത്രേലിയന്‍ പൗരനാണ്. അദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ കടുത്ത കുറ്റങ്ങള്‍ ചുമത്തും. ഇരകളുടെ കുടുംബങ്ങള്‍ക്കു തീര്‍ച്ചയായും ഈ സര്‍ക്കാര്‍ നീതിലഭ്യമാക്കിയിരിക്കും. ആക്രമണം പ്രചരിപ്പിക്കുന്നതില്‍ സമാഹൂഹിക മാധ്യമങ്ങളുടെ പങ്ക് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് ഏതുവിധത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ആലോചിക്കും. ഇനിയൊരു ക്രിസ്റ്റ്ചര്‍ച്ച് ആക്രമണം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതുപോലെ രാജ്യത്തെ തോക്കുനിയമത്തില്‍ കാതലായ പരിഷ്‌കാരങ്ങളും കൊണ്ടുവരുമെന്നും അവര്‍ അറിയിച്ചു.
നേരത്തെ, ഖുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം തുടങ്ങിയത്. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് പാര്‍ലമെന്റിലെത്തിയ ഇമാം നിസാമുല്‍ ഹഖ് തന്‍വിയാണ്, ഖുര്‍ആനിലെ രണ്ടാം അധ്യയമായ അല്‍ ബഖറയിലെ 153 മുതല്‍ 156 വരെയുള്ള സുക്തങ്ങള്‍ പാരായണം ചെയ്തത്. ‘സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നിസ്‌കാരവും മുഖേന അല്ലാഹുവിനോട് സഹായം അഭ്യര്‍ത്ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലര്‍ക്കൊപ്പമാണ്. ദൈവമാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് മരിച്ചവര്‍ എന്ന് പറയരുത്. അവര്‍ ദൈവത്തിങ്കല്‍ ജീവിക്കുന്നവരാണ്. ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും ഉണ്ടായാല്‍ ക്ഷമാശീലര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരാണ് എന്നും’ എന്ന അര്‍ത്ഥം വരുന്ന സുക്തങ്ങളാണ് ഇമാം പാരായണംചെയ്തത്. ഈ സമയമൊക്കെയും പാര്‍ലമെന്റംഗങ്ങള്‍ ആദരസൂചകമായി സഭയില്‍ എഴുന്നേറ്റു നിന്നു. ഖുര്‍ആന്‍ പാരായണ ശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പാര്‍ലമെന്റംഗങ്ങളെ കേള്‍പ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.