
പാട്ന: മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. താന്‍ നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നുവെങ്കിലും അതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു. നോട്ട് നിരോധനത്തിന്റെ ഗുണം സാധാരണക്കാരിലെത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരില്‍ നിന്നും വായ്പ കുടിശ്ശിക ബാങ്കുകള്‍ തിരിച്ചുപിടിക്കുന്നു. എന്നാല്‍, സ്വാധീനമുള്ളവര്‍ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തത് അത്ഭുതകരമാണ്. നിലവിലെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.