2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പൂര്‍ണ വിലക്കില്ല; റഷ്യ റിയോയിലേക്ക്

ജനീവ: റഷ്യയ്ക്ക് ആശ്വസിക്കാം. ഉത്തേജക വിവാദങ്ങളെ തുടര്‍ന്നു വരാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ നിന്നു റഷ്യയെ പൂര്‍ണമായി വിലക്കില്ല. ഇന്നലെ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തു.
വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒളിംപിക് കമ്മിറ്റി ഒഴിവാക്കി. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അതത് ഇനങ്ങളുടെ സംഘടനകള്‍ക്ക് തീരുമാനമെടുക്കാം. മറ്റിനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഐ.ഒ.സി വിധിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 15 അംഗങ്ങള്‍ ടെലികോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് റഷ്യന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തത്.
അധികൃതരുടെ ഒത്താശയോടെ താരങ്ങള്‍ വ്യാപക മരുന്നടി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റഷ്യയുടെ ഒളിംപിക്‌സ് പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്.
അന്വേഷണത്തിനായി ഒളിംപിക് കമ്മിറ്റി നിയോഗിച്ച മക്‌ലാരന്‍ സമിതിയാണ് 2014ലെ സോച്ചി ശീതകാല ഒളിംപിക്‌സില്‍ റഷ്യന്‍ അധികൃതരുടെ ഒത്താശയില്‍ താരങ്ങള്‍ മരുന്നടിച്ചതായി വ്യക്തമാക്കിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മക്‌ലാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയെ വിലക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ഒളിംപിക് കമ്മിറ്റി പരിഗണിച്ചത്.
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു 68 റഷ്യന്‍ അത്‌ലറ്റുകള്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളിയിരുന്നു. ഹരജി തള്ളിയതോടെ പോള്‍ വാള്‍ട്ടിലെ ലോക റെക്കോര്‍ഡുകാരി ഇസിന്‍ ബയേവയടക്കമുള്ള താരങ്ങള്‍ വിരമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഒളിംപിക് കമ്മിറ്റിയുടെ പുതിയ വിധി വന്നിരിക്കുന്നത്. ഇസിന്‍ബയേവയടക്കമുള്ള താരങ്ങള്‍ക്ക് വിധി ആശ്വാസം നല്‍കുന്നു.
68 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ അടക്കം 387 പേരുടെ പട്ടികയാണ് ഒളിംപിക്‌സിനായി റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.