2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആ നോമ്പുകള്‍ക്ക് ഓര്‍മയില്‍ ഇന്നും മധുരമാണ്

കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വര്‍ഷങ്ങളായി എല്ലാ റമദാനിലും നോമ്പുതുറയുണ്ടാവാറുണ്ടായിരുന്നു. യാത്രക്കാരും കച്ചവടക്കാരുമായി അനേകം മനുഷ്യര്‍ക്ക് നോമ്പ് കാലത്തെ അഭയമായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ ആസ്ഥാനത്ത് ഒരുക്കിയിരുന്ന ഈ നോമ്പു തുറ. രുചികരമായ ഭക്ഷണവും ഒരു പാത്രത്തില്‍ നിന്നും ഒരുമിച്ചുള്ള നോമ്പുതുറയുമെല്ലാം ഇസ്ലാമിക് സെന്ററിലെ നോമ്പുതുറയുടെ സവിശേഷതയായിരുന്നു. ഇസ്ലാമിക് സെന്ററില്‍ തന്നെയുള്ള ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളായിരുന്നു ഭക്ഷണമൊരുക്കാന്‍ നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ കോവിഡ് കാരണം ഈ തവണ ഒന്നുമുണ്ടായിരുന്നില്ല. ഈ സദുദ്യമത്തിനു നേതൃത്വം നല്‍കിയിരുന്നത് വര്‍ഷങ്ങളോളമായി ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുന്ന ആക്കോട് സ്വദേശി സി.വി.എ കബീറാണ്. ഈ തവണ ഈ പുണ്യ കര്‍മ്മത്തിനു നേതൃത്വം നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കബീര്‍.

ഇസ്ലാമിക് സെന്ററിലെ നോമ്പുതുറാ അനുഭവങ്ങളാണ് കബീര്‍ പങ്കുവെക്കുന്നത്. ഒരു റമദാന്‍ കൂടി കടന്നുപോയിരിക്കുന്നു… വര്‍ഷങ്ങളായി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ റമദാന്‍. ഇസ്ലാമിക് സെന്റര്‍ പള്ളിയിലായിരുന്നു നമ്മുടെ നോമ്പുതുറ. വൈകുന്നേരം നാല് മണിയോടെ തന്നെ നമ്മുടെ കുട്ടികള്‍ നോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഏത് തിരക്കിലും മറക്കാതെ ഇസ്ലാമിക് സെന്ററിലെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും പോലെ സ്വന്തം കാര്യമായാണ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ നോമ്പുതുറക്കുള്ള സജ്ജീകരണങ്ങളിലും സജീവമായിരുന്നത്. നോമ്പ്തുറക്കായി പള്ളിയില്‍ എത്ര ആളുകള്‍ എത്തിയാലും അവരെയൊക്കെ സസന്തോഷം സ്വീകരിക്കുന്ന ആതിഥേയരായിരുന്നു നമ്മുടെ വിദ്യാര്‍ത്ഥികള്‍.

ഭക്ഷണം എത്തിക്കാനും വിതരണം ചെയ്യാനുമൊക്കെ നിങ്ങള്‍ ഓടിനടന്നു. അങ്ങനെ ഓരോ നോമ്പുകാലവും നമുക്ക് അള്ളാഹു പൊരുത്തപ്പെട്ട മാര്‍ഗത്തിലുള്ള ആഘോഷമായിരുന്നു. മഹാനായ അത്തിപ്പറ്റ ഉസ്താദ് കാണിച്ചുതന്ന വഴിയേ ആണ് നമ്മള്‍ നടന്നത്. ഒരേ പാത്രത്തില്‍ നാലുപേര്‍ പങ്കിട്ടുകഴിക്കണമെന്നപോലെ നിരവധി അമൂല്യ പാഠങ്ങളാണ് അദ്ദേഹം നമുക്ക് പകര്‍ന്നുതന്നത്. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സാഹോദര്യത്തോട് കൂടി തോളോട് തോള്‍ ചേര്‍ന്നാണ് നമ്മുടെ കുട്ടികള്‍ ഇസ്ലാമിക് സെന്ററില്‍ കഴിഞ്ഞിട്ടുള്ളത്. ഇസ്ലാമിക് സെന്ററിന്റെ ചരിത്രത്തില്‍ ഭാഗമായിട്ടുള്ള ഉമറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി ഉസ്താദ്, കോയക്കുട്ടി ഉസ്താദ് തുടങ്ങിയ മഹാന്മാരേയും ഈ വേളയില്‍ ഓര്‍ക്കുകയാണ്.

ഇന്ന് കൊവിഡ് എന്ന മഹാമാരി ലോകത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ റമദാന്‍ നമ്മള്‍ വീടുകളില്‍ കഴിച്ചുകൂട്ടി. വീട്ടില്‍ നോമ്പുതുറക്കുമ്പോഴും, തറാവീഹ് നിസ്‌കരിക്കുമ്പോഴുമൊക്കെ ഇസ്ലാമിക് സെന്ററിലെ എന്റെ പ്രിയപ്പെട്ട കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആ റമദാന്‍ കാലമായിരുന്നു മനസില്‍ നിറയെ. കര്‍ശനമായി കുട്ടികളോട് പെരുമാറുമ്പോഴും ആ കൂട്ടികള്‍ എനിക്കേറെ പ്രിയപ്പെട്ടവരായി മാറുകയും ചെയ്തു. സുബഹിക്ക് മുന്‍പ് പള്ളിയിലെത്തുകയും സേവനങ്ങളില്‍ സജീവമാവുകയും ചെയ്യുന്ന നിങ്ങളെയോര്‍ത്ത് എനിക്കെന്നും അഭിമാനവും സന്തോഷവുമാണ്.

കോഴ്‌സ് കഴിഞ്ഞ് നമ്മുടെ കുട്ടികള്‍ വിവിധ മേഖലകളില്‍ ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗള്‍ഫിലടക്കം ജോലിചെയ്യുന്ന കുട്ടികളുടെ സ്വഭാവഗുണം കണ്ട് നമ്മുടെ നേതാക്കളടക്കം പ്രശംസിച്ചതിന്റെ സന്തോഷവും ഈ വേളയില്‍ പങ്കുവെക്കട്ടെ. ഇസ്ലാമിക് സെന്ററിന്റെ ഭാഗമായി ചെയ്ത സേവനങ്ങള്‍ അള്ളാഹു പരലോകത്തേക്കുള്ള വലിയ നിധിയായി നമുക്ക് മാറ്റിത്തരട്ടെ. ആ സേവനങ്ങളുടെ ഫലമായി നമുക്ക് ബറകത്തും നിഅ്മത്തും നല്‍കട്ടെ, മരിച്ചുപോയ മാതാപിതാക്കള്‍ക്ക് പൊറുത്തുകൊടുക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ, ജീവിച്ചിരിപ്പുള്ള മാതാപിതാക്കള്‍ക്ക് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് നല്‍കട്ടെ, പഠനം കഴിഞ്ഞ് ജോലി ആകാത്തവര്‍ക്ക് മികച്ച ജോലി ലഭിക്കട്ടെ, വിവാഹം കഴിക്കാനുള്ളവര്‍ക്ക് സ്വാലിഹത്തായ ബന്ധം ലഭിക്കട്ടെ, നമ്മുടെ എല്ലാ കച്ചവടത്തിലും അല്ലാഹു ബറകത്ത് ചൊരിയട്ടെ,

ഈ മഹാമാരിയെത്തൊട്ട് നമ്മെയും നമ്മുടെ നാടിനെയും കാത്തുരക്ഷിക്കട്ടെ, ഗള്‍ഫ് നാടിലുള്ളവര്‍ക്കും അള്ളാഹു സംരക്ഷണം നല്‍കട്ടെ, ഇനിയും ഒരുപാട് റമദാനുകള്‍ നല്ലനിലയില്‍ സ്വീകരിക്കാന്‍ നാഥന്‍ തുണക്കട്ടെ,

മസ്ജിദുകള്‍ സജീവമാകനും, നമ്മുടെയൊക്കെ ഇസ്ലാമിക് സെന്റര്‍ പഴയപോലെ സജീവമാകാനും, സ്വലാത്തിന്റെ പുണ്യം ഇനിയും ഒരുപാട് നേടാനും, കോളേജുകള്‍ തുറന്ന് പഠനം തുടരാനും ഏകനായ അള്ളാഹു തുണക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുകയാണ്. എന്റെ മക്കളെക്കാളേറെ ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.