2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സബ്‌സിഡിയില്ല; ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍

ആഷിഖ് അലി ഇബ്രാഹിം

മുക്കം: കൃഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരം വീട്ടില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച സംസ്ഥാനത്തെ നിരവധി കര്‍ഷകര്‍ ദുരിതത്തില്‍. പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത സബ്‌സിഡികള്‍ ഒന്നുംതന്നെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്. പ്ലാന്റുകള്‍ സ്ഥാപിച്ച് ഉപയോഗ യോഗ്യമായതായി കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ സബ്‌സിഡി ലഭിക്കുമെന്നായിരുന്നു കൃഷിവകുപ്പിന്റെ വാഗ്ദാനം.

എന്നാല്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സബ്‌സിഡി തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നാഷനല്‍ ബയോഗ്യാസ് ആന്‍ഡ് മാനുവല്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ 894 പേരാണ് സംസ്ഥാനത്ത് പ്ലാന്റുകള്‍ സ്ഥാപിച്ചത്. 94.4 ലക്ഷം രൂപ ഈയിനത്തില്‍ സബ്‌സിഡിയായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ആവശ്യമായ ഫണ്ട് വകയിരുത്താത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പദ്ധതിക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തും. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കും. ശേഷം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ ചെലവായ തുക കേന്ദ്രം അനുവദിക്കും. ഇതോടെ സംസ്ഥാനം നേരത്തെ നല്‍കിയ തുക സംസ്ഥാനത്തിന് തിരികെ ലഭിക്കും. ഇതായിരുന്നു വാഗ്ദാനംചെയ്ത നടപടിക്രമങ്ങള്‍. എന്നാല്‍ 2017-18 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഫണ്ട് നീക്കിവച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 94.4 ലക്ഷം വേണ്ടിടത്ത് ബജറ്റില്‍ നീക്കിവച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. ഇതോടെ കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കാത്ത അവസ്ഥയായി. ഇതോടെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല. ഇത് ഹാജരാക്കിയാല്‍ മാത്രമേ കേന്ദ്രം ഫണ്ട് അനുവദിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ ഈ നയം മൂലം പ്രതിസന്ധിയിലായത് ചെറിയ തോതില്‍ പശുവളര്‍ത്തിയും കൃഷി ചെയ്തും ഉപജീവനം കണ്ടെത്തുന്ന സാധാരണക്കാരായ നിരവധി കര്‍ഷകരാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.