2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഓണത്തിനു മുന്‍പ് പെന്‍ഷന്‍ എല്ലാവര്‍ക്കുമില്ല..!

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: സംസ്ഥാനത്തു പുതുതായി സാമൂഹ്യസുരക്ഷാ പെന്‍ഷന് അപേക്ഷിച്ച ഗുണഭോക്താക്കളില്‍ പതിനായിരങ്ങള്‍ക്ക് ഓണത്തിനും ബലിപെരുന്നാളിനും മുന്‍പു പെന്‍ഷന്‍ ലഭിക്കില്ല.
പുതിയ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷകളില്‍ പുനഃപരിശോധന കഴിഞ്ഞു സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തല്‍ ഇന്നലെ രാത്രി പന്ത്രണ്ടോടെ നിര്‍ത്തലാക്കിയതോടെയാണിത്.
രണ്ടു വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസം 25 മുതലാണ് സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയറില്‍ പെന്‍ഷന്‍ രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സൈറ്റ് തുറന്നത്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ വായ്പയെടുക്കേണ്ട അവസ്ഥ വന്നതോടെ ഇന്നലെ രാത്രി ഇതു നിര്‍ത്തലാക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.
ഇതോടെ ശനിയാഴ്ച രാത്രിയിലും അവധി ദിവസമായ ഇന്നലെയും സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും പെന്‍ഷന്‍ അപേക്ഷകള്‍ മുഴുവന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിക്കാനായില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍, വികലാംഗ പെന്‍ഷന്‍ അപേക്ഷകള്‍ ഒഴികെ മറ്റൊന്നും സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ കൃത്രിമം കണ്ടെത്തിയതോടെ നിലവില്‍ സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷകളും പുനഃപരിശോധിക്കാന്‍ കഴിഞ്ഞ 13നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അപേക്ഷകളത്രയും മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പരിശോധിക്കണമെന്നായിരുന്നു നിര്‍ദേശം.

മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്കു പരിശോധന നടത്താന്‍ കഴിയാത്ത ഗുണഭോക്താക്കളുടേ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു തദ്ദേശ സെക്രട്ടറിമാരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പുതുതായി വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കാന്‍ മിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇതോടെ സോഫ്റ്റ്‌വെയറില്‍ അപേക്ഷകള്‍ ഉള്‍പ്പെടുത്താനുമായിരുന്നില്ല. ഇതിനിടയിലാണ് ഇന്നലെ സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കുന്നതു നിര്‍ത്തി പഞ്ചായത്ത് ഡയരക്ടറുടെ ഉത്തരവ് വന്നത്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലായി പതിനായരിത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
ഒരു ഗ്രാമപഞ്ചായത്തില്‍ 300 മുതല്‍ 400 വരെ അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നുണ്ട്.
നഗരസഭകളില്‍ ഗുണഭോക്താക്കള്‍ ആയിരത്തിനു മുകളിലാണ്. ഇവരില്‍ പകുതി പേരെ പോലും സോഫ്റ്റ്‌വെയറില്‍ ചേര്‍ക്കാനായിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.