2018 May 11 Friday

ബജറ്റിലും വര്‍ഗീയത കലര്‍ത്തി യോഗി; താജ്മഹല്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല

ലക്‌നൗ: സംസ്ഥാന ബജറ്റിലും വര്‍ഗീയതകലര്‍ത്തി യുപി സര്‍ക്കാര്‍. യോഗി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ലോകത്തിലെ പ്രധാന അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനു ഒരുരൂപ പോലും നീക്കിവച്ചിട്ടില്ല. താജ്മഹല്‍ ഉത്തര്‍പ്രദേശിലെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് യുപി സര്‍ക്കാറിന്റെ നിലപാട്.

കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ തങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക തുകയില്‍ ഒരിടത്തും താജ്മഹലിന്റെ പേരില്ല. ലോക പൈതൃകങ്ങളില്‍ ഒന്നായി യുനസ്‌കോ അംഗീകരിച്ച താജ്മഹല്‍ ഉത്തര്‍പ്രദേശ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.

ഹിന്ദുക്കളുടെ തീര്‍ഥാടന കേന്ദ്രമായ അയോധ്യ, വാരണാസി, മഥുര, ചിത്രകൂട് എന്നിവയുടെ വിപുലീകരണത്തിനു ആവശ്യത്തിലധികം പണം അനുവദിച്ചിട്ടുമുണ്ട്.

സ്വദേശ് ദര്‍ശന്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1240 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അയോധ്യ, വാരണാസി, മഥുര എന്നിവിടങ്ങളിലെ വികസനത്തിനായി രാമായണ സര്‍ക്യൂട്ട്, ബുദ്ധ സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട് എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. ഇതു കൂടാതെ പ്രസാദ് യോജന എന്നപേരില്‍ 800 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

അതേസമയം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹലിനു തുക അനുവദിക്കാത്തത് വിമര്‍ശനത്തിനു കാരണമായി. പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് ബജറ്റിനെ വിമര്‍ശിച്ചത്. ആദ്യ ബജറ്റില്‍തന്നെ യോഗി ആദിത്യനാഥ് തങ്ങളുടെ നയം വ്യക്തമാക്കിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.