2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇത്തവണ ബജറ്റ് സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ സഭയില്‍ ഉണ്ടാവില്ല

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ബജറ്റ് സമ്മേളനം മറ്റന്നാള്‍ തുടങ്ങുമ്പോള്‍ പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ ആരും ഉണ്ടാവില്ല. നിലവില്‍ ഡോ. മന്‍മോഹന്‍ സിങ്ങും എച്ച്.ഡി ദേവഗൗഡയുമാണ് ജീവിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രിമാരായി ഉള്ളത്. ഇതില്‍ മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാ കാലാവധി ഇന്നലെ അവസാനിച്ചു. ദേവഗൗഡ തുംകൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ചതുമില്ല. ഇതോടെയാണ് മുന്‍ പ്രധാനമന്ത്രിമാരില്ലാത്ത സഭയെന്ന വിശേഷണം ഈ ബജറ്റ് സമ്മേളനത്തിന് ലഭിച്ചത്.

ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായ ദേഗൗഡ, തുംകൂറില്‍ ബി.ജെ.പിയുടെ ജി.എസ് ബസവരാജിനോട് 13,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 1996 – 97 കാലത്താണ് ദേവ ഗൗഡ പ്രധാനമന്ത്രി പദത്തിലിരുന്നത്. പതിവായി ഹാസന്‍ മണ്ഡലത്തില്‍ നിന്നാണ് ഗൗഡ മല്‍സരിക്കാറുള്ളതെങ്കില്‍ സീറ്റ് ഇത്തവണ ചെറുമകന്‍ പ്രജ്വാല്‍ രേവണ്ണക്കു വിട്ടുനല്‍കുകയായിരുന്നു. ഹാസനില്‍ രേവണ്ണ ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. മുത്തച്ഛന് വേണ്ടി സീറ്റില്‍ നിന്ന് രാജിവയ്ക്കാന്‍ തയാറാണെന്ന് രേവണ്ണ അറിയിച്ചിട്ടുണ്ട്.

അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോ. സിങ്ങിനെ, സംസ്ഥാനത്തെ കോണ്‍ഗ്രസിന് മതിയായ അംഗബലമില്ലാതിരുന്നതോടെയാണ് വീണ്ടും രാജ്യസഭയിലേക്കു പറഞ്ഞയക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ 30 വര്‍ഷമായി രാജ്യസഭയില്‍ കോണ്‍ഗ്രസിന് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിവന്നിരുന്നയാളാണ് മന്‍മോഹന്‍. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഡോ. സിങ്ങിന്റെ അളന്നുമുറിച്ച പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് വലിയ തലവേദനസൃഷ്ടിച്ചിരുന്നു.

അതേസമയം, അസമില്‍ നിന്ന് വീണ്ടും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മന്‍മോഹനെ തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. യു.പി.എ ഘടകകക്ഷി കൂടിയായ ഡി.എം.കെ.യുടെ സഹായത്തോടെ അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ആറുസീറ്റുകളിലാണ് ഒഴിവുവരുന്നത്. ഇതില്‍ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. അതില്‍ ഒന്ന് മന്‍മോഹന്‍ സിങ്ങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയില്‍നിന്ന് ഡി.എം.കെ സ്ഥാനാര്‍ഥിയായി വിജയിച്ച കനിമൊഴി, സി.പി.ഐ നേതാവ് ഡി. രാജ, അണ്ണാ ഡി.എം.കെ നേതാവ് വി. മൈത്രേയന്‍ അടക്കമുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് ജൂലൈയില്‍ അവസാനിക്കുക. ഒരാളെ വിജയിപ്പിക്കാന്‍ 34 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസിന്റെ ഏഴ് എം.എല്‍.എമാര്‍ അടക്കം നിലവില്‍ 109 എം.എല്‍.എമാരുടെ പിന്തുണ ഡി.എം.കെ സഖ്യത്തിനുണ്ട്. അതിനാല്‍ മത്സരമില്ലാതെതന്നെ മൂന്നുപേരെ രാജ്യസഭയിലേക്ക് അയക്കാന്‍ സഖ്യത്തിനാവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.