2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചിദംബരത്തിന് സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യമെന്നും നിര്‍ഭാഗ്യവശാല്‍ ഉന്നത കോടതികളും ഇതില്‍ ഉള്‍പ്പെട്ടുവെന്നും എന്‍. റാം

 

ചെന്നൈ: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ അറസ്റ്റ്‌ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി വിഖ്യാത മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍. റാം. ചിദംബരത്തിനു സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമാണ് ഈ അറസ്റ്റ് ആസൂത്രണം ചെയ്തവരുടെ ഉദ്ദേശ്യമെന്നും നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഉന്നത കോടതികള്‍ വരെ ഇതില്‍ ഇരകളായെന്നും എന്‍. റാം പറഞ്ഞു. പൈശാചികമായ അനീതിയാണ് ചിദംബരത്തോട് ചെയ്തത്. ഷീന ബോറാ കൊലപാതകക്കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും നല്‍കിയ മൊഴിയല്ലാതെ ചിദംബരത്തിനെതിരെ മറ്റു തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചിദംബരത്തിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റാം.

കേസില്‍ ഇതുവരെ പുറത്തുവന്ന ഒരു രേഖയും അപകടത്തിലല്ല. ഒന്നും ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടുമില്ല. സാക്ഷികള്‍ക്കു ഭീഷണിയുമില്ല. ഈ കേസില്‍ ചിദംബരത്തിന് നീതിലഭിച്ചില്ലെങ്കില്‍ അത് നീതിന്യായ സംവിധാനത്തിന് എക്കാലത്തും വലിയ അപമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസില്‍ ഉന്നത കോടതികളുടെ ഭാഗത്തുനിന്നുണ്ടായ നടപടികളും രൂക്ഷമായി വിമര്‍ശനവിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച്, കേസില്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡല്‍ഹി ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ഫലത്തില്‍ കോടതി പ്രോസിക്യൂഷന്റെ കേസ് എടുക്കുക മാത്രമാണു ചെയ്തത്. ഏഴുമാസത്തേക്ക് വിധി മാറ്റിവച്ചു. ശേഷം ജഡ്ജി വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ചിദംബരത്തിന് അപ്പീല്‍ പോകാനാവാത്ത വിധം വിധി പുറപ്പെടുവിക്കുകയും ചെയ്തു. സുപ്രിംകോടതിയില്‍ കേസ് എത്തിയപ്പോള്‍ ജഡ്ജിമാരായ ആര്‍. ഭാനുമതിയും ബൊപ്പണ്ണയും ജാമ്യം നിഷേധിച്ച് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഒട്ടേറെ വസ്തുതാപരമായ പിശകുകളുണ്ട്. ഉദാഹരണത്തിന്, ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നാണ് അതില്‍ പറഞ്ഞത്. അതു പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

No evidence against Chidambaram, says N. Ram


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.