2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

അഗസ്റ്റ വെസ്റ്റ്‌ലാന്റ്: അഴിമതിയില്ലെന്ന് ഇറ്റാലിയന്‍ കോടതി, രണ്ടു പ്രതികളെയും വെറുതെവിട്ടു

മിലാന്‍: അഗസ്റ്റ വെസ്റ്റ്‌ലാന്റ് വി.വി.ഐ.പി ഹെലികോപ്റ്ററുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതിയില്ലെന്ന് ഇറ്റാലിയന്‍ കോടതിയുടെ വിധി. അഴിമതി നടന്നുവെന്ന് വ്യക്തമായ തെളിവില്ലാത്തതിനാല്‍ പ്രതികളായ ഗ്വസെപ് ഓര്‍സി, ബ്രൂണോ സ്പാങ്‌നോളിനി എന്നിവരെ വെറുതെവിടുന്നതായും കോടതി ഉത്തരവിട്ടു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ മേലാണ് ഇറ്റാലിയന്‍ കോടതി കേസെടുത്തിരുന്നത്. ഇവര്‍ക്കു നേരെ ചമുത്തിയിരുന്ന കണക്കില്‍ ക്രമക്കേടോ, കൈക്കൂലിയോ നടന്നിട്ടില്ലെന്ന് മിലാന്‍ കോടതി വ്യക്തമാക്കി. 

ഇന്ത്യയിലും കേസ് നിലവിലുണ്ട്. സി.ബി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഇറ്റാലിയന്‍ കോടതി വിധി കേസിലെ ബാധിക്കില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇരുവര്‍ക്കെതിരെയും ഞങ്ങളില്‍ ശക്തമായ കേസുകളുണ്ടെന്നും ഞങ്ങളുടെ അന്വേഷണം സ്വതന്ത്രമായിരിക്കുമെന്നും സി.ബി.ഐ പ്രതികരിച്ചു.

ഇറ്റലിയിലെ ഔദ്യോഗിക പ്രതിരോധ സംഘമായ ഫിന്‍മെക്കാനിക്കയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവായ ഓര്‍സിയെ 2014 ലാണ് അറസ്റ്റ് ചെയ്തത്. കണക്കില്‍ ക്രമക്കേട് നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നുമുള്ള കേസില്‍ ഇയാളെ നാലര വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ഫിന്‍മെക്കാനിക്കയുടെ ഹെലികോപ്റ്റര്‍ യൂണിറ്റ് അഗസ്റ്റ വെസ്റ്റ്‌ലാന്റ് മുന്‍ മേധാവിയായ ബ്രൂണോയെ നാലു വര്‍ഷത്തിനും ശിക്ഷിച്ചിരുന്നു. കീഴ്‌ക്കോടതിയുടെ ഈ വിധിക്കെതിരെ 2016 ഡിസംബറിലാണ് ഇറ്റലിയുടെ സുപ്രിം കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്കു ഉപയോഗിക്കാന്‍ വേണ്ടി അത്യാധുനിക സൗകര്യമുള്ള 12 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാര്‍ 2007 ലാണ് ഒപ്പിട്ടത്.

362 കോടി രൂപ ഇരുവരും കൈക്കൂലിയായി നേടിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2013 ല്‍ ഇടപാട് റദ്ദാക്കുകയും ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍റണി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും കരാര്‍ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.