2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ഇവിടെ നമുക്കുമൊരു ആമസോണ്‍ കാട്

ബോബന്‍ സുനില്‍#

ബരിമലയ്ക്കു പിറകെ സ്ത്രീപ്രവേശത്തിന്റെ പേരില്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് അഗസ്ത്യകൂടം അല്ലെങ്കില്‍ അഗസ്ത്യമല. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ കൊടുമുടി പക്ഷെ വെറുമൊരു സ്ത്രീപ്രവേശത്തിന്റെ പേരില്‍ മാത്രം അറിയപ്പെടേണ്ടതല്ല. നിരവധി ജൈവവൈവിധ്യങ്ങളും പക്ഷി, മൃഗസമ്പത്തുമുള്ള ഈ മലനിരകള്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ പങ്കിട്ടാണു നിലകൊള്ളുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകള്‍ സ്ഥിതി ചെയ്യുന്നത്.
ദശലക്ഷകണക്കിനുവര്‍ഷം പഴക്കമുള്ള അഗസ്ത്യമല എന്ന ഈ മഴക്കാടുകള്‍ ഇന്നു നമ്മുടേതു മാത്രമല്ല. ഈ കൊടുമുടിയിപ്പോള്‍ ആഗോള പൈതൃകസ്വത്താണ്. കേരളം ലോകത്തിനു സമ്മാനിച്ച ജൈവപുരസ്‌ക്കാരം. മഴുവിന്റെ ഒച്ച കേള്‍ക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തില്‍പ്പെടുന്ന അഗസ്ത്യമല ഐക്യരാഷ്ട്രസഭയുടെ പൈതൃക പദവി സ്വന്തമാക്കിയിരിക്കുകയാണ്. 2016ലാണ് ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്‌കോയുടെ ണീൃഹറ ചലംേീൃസ ീള ആശീുെവലൃല ഞലലെൃ്‌ല െപട്ടികയില്‍ ജൈവമണ്ഡല സംവരണ മേഖല എന്ന പേരില്‍ അഗസ്ത്യമല ഇടംപിടിക്കുന്നത്. പെറുവില്‍ ചേര്‍ന്ന ഇന്റര്‍നാഷനല്‍ കോ-ഓഡിനേറ്റിങ് കൗണ്‍സില്‍ ഓഫ് മാന്‍ ആന്‍ഡ് ബയസ്ഫിയര്‍ ആണു പ്രഖ്യാപനം നടത്തിയത്. ബയോസ്ഫിയര്‍ റിസര്‍വ് വനമായി അഗസ്ത്യമലയെ യുനെസ്‌കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകള്‍ ആഗോള പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്.

ആദിവാസികളായ കാണിക്കരാണ് അഗസ്ത്യമലയുടെ അരയന്മാര്‍. 200ഓളം കാണി കുടിലുകളിലായാണ് അവര്‍ ഇവിടെ കഴിയുന്നത്. ജൈനമതവും ബുദ്ധമതവുമൊക്കെ നമ്മുടെ നാട്ടിലേക്കു കടന്നുവന്നതും കാണിക്കരുടെ ഈ മലനിരകള്‍ വഴിയാണ്. ഈ മലനിരയില്‍ നിരവധി ബുദ്ധവിഹാരങ്ങളും ജൈനവിഹാരങ്ങളും ഉണ്ടായിരുന്നതായി അതിനു തെളിവായി ചരിത്രകാരന്മാര്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു.

അമ്മമടിത്തട്ട്

കേരളത്തിന്റെ തലസ്ഥാന ജില്ലയിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ടതാണ് അഗസ്ത്യകൂട പര്‍വതം. പര്‍വതത്തിനു താഴെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മഴക്കാടുകള്‍ ലോകത്തെ തന്നെ ഏറ്റവും സംരക്ഷണം അര്‍ഹിക്കുന്ന വനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴക്കാടുകളില്‍ ഉള്‍പ്പെട്ടതാണ്. ഐക്യരാഷ്ട്ര സഭാ കണക്കുപ്രകാരം ആമസോണ്‍ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോര്‍, പെറു, മധ്യ അമേരിക്ക, ബ്രസീല്‍, ദക്ഷിണ പൂര്‍വേഷ്യ, വടക്കുകിഴക്കനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്, സുമാത്ര, ന്യൂഗിനി, സാബാ, ആസ്‌ത്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംരക്ഷണമര്‍ഹിക്കുന്ന മഴവനങ്ങളുടെ കൂട്ടത്തിലും അഗസ്ത്യമലനിരകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അമ്മവനമാണ് അഗസ്ത്യമലനികരകള്‍. നെയ്യാര്‍, പേപ്പാറ, കോട്ടൂര്‍, മുണ്ടന്‍തുറൈ, കളയ്ക്കാട്, മഹേന്ദ്രഗിരി, മുക്കോത്തി വയല്‍, പാപനാശം, ശിങ്കംപെട്ടി, കളമലൈ, വീരപുലി, അഷാംബു വനങ്ങള്‍ എന്നിവ അഗസ്ത്യകൂടത്തിന്റെ പല ശാഖകളാണ്. നാച്ചിയാര്‍മൊട്ട, മഞ്ഞപ്പുല്ല്, ഏഴുമടക്കന്‍തേരി തുടങ്ങി ഒട്ടേറെ പുല്‍മേടുകളും ഇലപൊഴിയും കാടുകളും മുള്‍വനങ്ങളുമൊക്കെ ഇതേ വനത്തിന്റെ ഭാഗങ്ങള്‍ തന്നെ.
സമുദ്രനിരപ്പില്‍നിന്ന് 1,890 മീറ്റര്‍ പൊക്കമുള്ള ഈ പര്‍വതം നിരവധി നദികളുടെയും അമ്മയാണ്. നെയ്യാര്‍, കരമനയാര്‍, താമ്രപര്‍ണി, കോതയാര്‍, കല്ലാര്‍ തുടങ്ങിയ വന്‍നദികള്‍ക്കും അസംഖ്യം ചെറുനദികള്‍ക്കും ജന്മമേകുന്നു ഈ മലനിരകള്‍.

ജൈവവൈവിധ്യങ്ങള്‍

പ്രകൃതിദത്തമായ വേലിക്കെട്ടുകള്‍ക്കുള്ളില്‍ വൈവിധ്യമാര്‍ന്ന ഉയര്‍ച താഴ്ചകളുള്ള പ്രത്യേക കാലാവസ്ഥയും മഴയുടെ സ്വഭാവവും തീര്‍ത്തും അമൂല്യമായ സസ്യശേഖരം തന്നെ ഈ മലനിരകള്‍ക്കുണ്ടാക്കിക്കൊടുത്തു. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന 400 ഇനം സസ്യങ്ങള്‍ അഗസ്ത്യമലയിലുണ്ടെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു. ഇവയില്‍ 125 എണ്ണവും ഓര്‍ക്കിഡുകളാണ്. ലേഡീസ് സ്പ്പിലര്‍ എന്നു വിളിക്കുന്ന ഡ്രൂറി ഓര്‍ക്കിഡ് ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ഈ പഠനവും യുനെസ്‌കോ പ്രഖ്യാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണു സത്യം.

ആരോഗ്യപ്പച്ച എന്ന അപൂര്‍വയിനം സസ്യത്തെ ലോകത്തിനു സമ്മാനിച്ചതും ഈ മലനിരകളാണ്. അപൂര്‍വയിനം കാപ്പി, നെല്‍ചെടി, ഇഞ്ചി, ഏലയ്ക്ക എന്നിവയും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന 35 ഇനം സസ്യങ്ങള്‍ വേറെയും അഗസ്ത്യമലയിലുണ്ടെന്നു പഠനം കാണിക്കുന്നു. ഔഷധസസ്യങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ഈ വനഭൂമി. മാറാവ്യാധികള്‍ക്കുള്ള ഒറ്റമൂലികളും അപൂര്‍വങ്ങളായ സസ്യങ്ങളും ഇവിടെയുണ്ട്.
ഒരൊറ്റ ദിവസംകൊണ്ടു നാമ്പെടുത്തു വളര്‍ന്നു പുഷ്പിച്ചു മരിക്കുന്ന സസ്യവുമുണ്ട് ഇവിടെ. എരുമയുടെ മാത്രം വലിപ്പമുള്ള കുള്ളനാനയുണ്ട്. കോഴിപ്പൂവന്‍ പാമ്പ്, ഇരുതലമൂഴി പാമ്പ്, അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വിവിധയിനം തവളകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവന്റെ സഞ്ചയമാണീ മലമടക്കുകള്‍. ഇവിടെയാണ് കളക്കാട് മുണ്ടന്‍തുറെ കടുവാസങ്കേതവുമുള്ളത്.

മലമുകളിലെ വാനനിരീക്ഷണ നിലയം

164 വര്‍ഷം മുന്‍പ് ഈ കൊടുമുടിയില്‍ ഒരു വാനനിരീക്ഷണ നിലയമുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിര്‍ദേശപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ മക്കര്‍ സ്റ്റൂണ്‍ ഒബ്‌സര്‍വേറ്ററി ഡയരക്ടറായിരുന്ന ജോണ്‍ അലണ്‍ ബ്രൗണ്‍ സ്ഥാപിച്ചതായിരുന്നു ഇത്. 1855 ജൂണിലാണ് അലന്‍ ബ്രൗണ്‍ നിലയം സ്ഥാപിച്ചത്. തടികൊണ്ടു തീര്‍ത്ത ഇരുനിലക്കെട്ടിടം പൊളിച്ചടുക്കി തലച്ചുമടായി കൊണ്ടുചെന്നാണു നിലയം സ്ഥാപിച്ചതെന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

നിലയം സ്ഥാപിച്ച ശേഷം പ്രത്യേകം പരിശീലനം നല്‍കിയ ഒരു ജീവനക്കാരനെയും അവിടെ നിയമിച്ചിരുന്നു. 1855 മുതല്‍ 1858 ജൂണ്‍ വരെ രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ ഓരോ മണിക്കൂറും ഇടവിട്ടു കാലാവസ്ഥാ നിരീക്ഷണങ്ങള്‍ നടത്തി അവ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു മണിക്കൂര്‍ ഇടവിട്ടായി നിരീക്ഷണം. തിരുവനന്തപുരത്തെ ഒബ്‌സര്‍വേറ്ററി കുന്നില്‍നിന്നു വലിയൊരു കണ്ണാടിയില്‍ സൂര്യവെട്ടം പ്രതിഫലിപ്പിച്ചു മിന്നല്‍ പിണറുകളാക്കി അഗസ്ത്യ ഒബ്‌സര്‍വേറ്ററിയില്‍ അയച്ചാണു നിരീക്ഷണസമയം അറിയിച്ചിരുന്നത്. രണ്ടിടത്തെയും നിരീക്ഷണങ്ങള്‍ താരതമ്യം ചെയ്തു പിശകുപറ്റാത്ത നിഗമനങ്ങളിലെത്താന്‍ ഈ സംവിധാനം സഹായിച്ചിരുന്നു.

സംരക്ഷിത വന്യജീവി സങ്കേതമാണെങ്കിലും മലനിരകളില്‍ കാട്ടുമൃഗവേട്ട സജീവമാണ്. ആനകളും കാട്ടുപോത്തുകളും വേട്ടയാടപ്പെടുന്നു. ഔഷധ നിര്‍മാണത്തിനായി കരിംകുരങ്ങുകളെ കൊന്നൊടുക്കുന്നവരും കുറവല്ല. വനത്തിലെ വിവിധയിടങ്ങളില്‍ വൈഡൂര്യ ഖനനവും നടക്കുന്നു. കാട്ടുമൃഗവേട്ടയ്ക്കായെത്തുന്നവര്‍ ഉണ്ടാക്കുന്ന കൃത്രിമ കാട്ടുതീ ഇവിടുത്തെ ജലസമ്പത്തിന്റെ ഉറവിടമായ പുല്‍മേടുകളെയാണു നശിപ്പിക്കുന്നത്. വന്‍കാട്ടുതീയായി പടര്‍ന്നു വന്‍ദുരന്തങ്ങളും വനത്തില്‍ സംഭവിക്കാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.