2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഓര്‍മക്കടലില്‍ സുനാമിയുടെ തിരയിളക്കം

റിയാസ് പുളിയംപറമ്പ്

ക്രിസ്മസ് അവധിക്കാലത്ത് ആന്തമാന്‍ ദ്വീപ് സമൂഹത്തിലെ പോര്‍ട്ട് ബ്ലെയറില്‍ ചെന്നിറങ്ങുമ്പോള്‍ മനസുപോലെ കടലും ശാന്തമായിരുന്നു. മരതക പച്ചയുടുത്ത മണവാട്ടിയെപ്പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ സാമൂഹിക-ഭൂമിശാസ്ത്ര വൈവിധ്യങ്ങളെ അറിയാനും അനുഭവിക്കാനുമായിരുന്നു ഈ ‘സ്വപ്നാടനം’. നക്ഷത്രങ്ങള്‍ ശോഭ പരത്തുന്ന ക്രിസ്മസിന്റെ ആഘോഷാരവങ്ങളിലേക്കു നാടും നഗരവും കാതോര്‍ത്തിരിക്കുന്ന ഒരു ഡിസംബറിന്റെ സായാഹ്നത്തിലാണ് പോര്‍ട്ട് ബ്ലെയര്‍ തുറമുഖനഗരിയില്‍ ഞങ്ങളുടെ കപ്പല്‍ നങ്കൂരമിടുന്നത്. ചെന്നൈയില്‍നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പോര്‍ട്ട് ബ്ലെയര്‍ ആന്തമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരി കൂടിയാണ്.
വാസയോഗ്യവും അല്ലാത്തതുമായ 572ഓളം ദ്വീപുകളുടെ സമുച്ചയമാണ് ആന്തമാന്‍ നിക്കോബാര്‍. വംസമുദ്രത്തിന്റെ അഗാധവിസ്തൃതിയില്‍ മഴവില്ലുപോലെ വളഞ്ഞുകിടക്കുന്ന പച്ചത്തുരുത്തുകള്‍. നീലാകാശം തൊട്ടുകിടക്കുന്ന ഗിരി ഭീമന്‍ സഡല്‍ പീക്കിന്റെയും ചരിത്രത്തിന്റെ വിളംബര ഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന മൗണ്ട് ഹാരിയറ്റിന്റെയും നീലമേഘങ്ങള്‍ മഴക്കാപ്പ് ചാര്‍ത്തുന്ന തലീതറിന്റെയും തണലില്‍ സ്വര്‍ഗീയ വിരുന്നൊരുക്കുന്ന കന്യാവന ഭൂമിക. വിപ്ലവകാരികളുടെ ചോരയും കണ്ണീരും വീണ സെല്ലുലാറെന്ന കൊടും തടവറ, ജപ്പാന്‍ സൈന്യം കൊലവിളി നടത്തിയ ഹംഫ്രി ഗഞ്ച്, ബ്രിട്ടീഷ് വൈസ്രോയി നെഞ്ചില്‍ കുത്തേറ്റു പിടഞ്ഞുവീണ ഹോപ് ടൗണ്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ കൊലക്കളമായി മാറിയ വൈപ്പര്‍, കാടിന്റെ നിഗൂഢതയില്‍ ഇരുന്ന് ആധുനിക മനുഷ്യനുനേരെ വില്ലുകുലക്കുന്ന ജാരവാസ്. പ്രാക്തന ചരിതങ്ങളുടെ നിഗൂഢതകളുറങ്ങുന്ന ആന്തമാന്‍ ‘ജലതടവറകള്‍’ കാഴ്ചാവിരുന്നുകളുടെ മാസ്മരലോകമാണ്.
അതിര്‍വരമ്പില്ലാത്ത സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ആഘോഷ മനസാണ് ദ്വീപ് നിവാസികളുടെ ക്രിസ്മസിനെന്നു തോന്നി. ക്രിസ്മസ് രാത്രി നഗരത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങി. എവിടെയും സന്തോഷം കളിയാടുന്ന മുഖങ്ങള്‍ മാത്രം. രാവേറെ വൈകി താമസസ്ഥലത്തേക്കു മടങ്ങി. ദ്വീപിന്റെ തനതുശൈലിയില്‍ തടിയില്‍ തീര്‍ത്ത ഫ്‌ളാറ്റിലായിരുന്നു താമസം.
പ്രത്യാശയുടെ കിരണങ്ങളുമായെത്തുന്ന ഓരോ പുലരിക്കും പുതിയൊരു കഥ പറയാനുണ്ടാകും. അങ്ങനെയാണ് 2004 ഡിസംബര്‍ 26, ഞാനുള്‍പ്പെടെ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിലൂടെയും ഓര്‍മകളിലൂടെയും ചരിത്രത്തിലേക്കു നടന്നുകയറിയത്. പതഞ്ഞൊഴുകുന്ന സമുദ്രത്തിന്റെ ഓളങ്ങളില്‍ സ്വര്‍ണത്തരികള്‍ വിതറി സൂര്യന്‍ എത്തിനോക്കുന്ന ആന്തമാനിലെ പ്രഭാതങ്ങള്‍ ഏറെ വശ്യവും മനോഹരവുമാണ്. എന്നാല്‍ ഒരു മഹാദുരന്തം ചെപ്പിലൊളിപ്പിച്ചായിരുന്നു 26ന്റെ ഉദയസൂര്യന്‍ കണ്‍തുറന്നത്.
ഉറക്കമുണര്‍ന്നതു ചില പദ്ധതികളുമായിട്ടായിരുന്നു. ജാരവാസിന്റെ വാസസ്ഥലങ്ങള്‍ കാണാനും അവരുടെ ജീവിതചുറ്റുപാടുകള്‍ അടുത്തറിയാനുമുള്ള യാത്രാതയാറെടുപ്പുകള്‍ക്കിടെ കെട്ടിടം ചെറുതായൊന്നു കുലുങ്ങിയോ എന്നു സംശയം. അപ്പോള്‍ സമയം ഉദ്ദേശം 6.30 ആയിക്കാണും. തോന്നിയതാകാമെന്നു കരുതി ജോലിയിലേക്കു തിരിയുന്നതിനിടെ കുലുക്കം ശക്തമായി. താമസിക്കുന്ന കെട്ടിടം തകരുകയാണെന്നു ബോധ്യം വന്നു. ഭയം നല്‍കിയ മുന്നറിയിപ്പുമായി മുകള്‍ നിലയില്‍നിന്നു താഴേക്ക് ഓടാന്‍ ശ്രമിച്ചു. കോണിപ്പടി ലക്ഷ്യംവച്ച എനിക്ക് അത്ര പെട്ടെന്ന് അവിടെ എത്താനായില്ല. എങ്ങനെയൊക്കെയോ കോണിപ്പടികളിറങ്ങി താഴെയെത്തി. നാഴേനിലയില്‍നിന്നു പുറത്തേക്കുള്ള വാതില്‍ക്കലെത്തിയ നിമിഷം ഭൂകമ്പത്തിന്റെ തുടര്‍ച്ചയില്‍ വാതിലടഞ്ഞു. എത്ര പിടിച്ചുവലിച്ചിട്ടും വാതില്‍ തുറക്കാനായില്ല. അല്‍പ നേരത്തെ പരിശ്രമത്തിനൊടുവില്‍ വാതില്‍ തുറന്നു. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മുറ്റത്തേക്ക് എടുത്തുചാടി.
സന്തോഷം ഭയത്തിനു വഴിമാറാന്‍ നിമിഷങ്ങളുടെ ഇടവേള. കാല് നിലത്ത് ഉറച്ചുനില്‍ക്കുന്നില്ല. സംഭവിക്കുന്നതെന്താണെന്നറിയാതെ ചുറ്റും നോക്കി. മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം ഒരേ താളത്തിലാടുന്ന അപൂര്‍വ കാഴ്ച! നിസഹായതയുടെ പരകോടിയില്‍ സഹസ്രങ്ങള്‍ അലറിവിളിക്കുന്നു. വെപ്രാളത്തിനിടയില്‍ ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. വായിച്ചും കേട്ടും മാത്രം പരിചയമുള്ള പ്രതിഭാസം. ഭൂകമ്പം!!
ഏറിയും കുറഞ്ഞുമുള്ള തുടര്‍ചലനങ്ങള്‍ക്കുശേഷം ക്രമേണ ഭൂമി ശാന്തമായി. അട്ടഹാസങ്ങള്‍ക്കും ആര്‍ത്തനാദങ്ങള്‍ക്കും ശമനം വന്നു. പരിഭ്രാന്തരായ ജനങ്ങള്‍ പേടിപ്പെടുത്തുന്ന വര്‍ത്തമാനങ്ങളും വാര്‍ത്തകളും പരസ്പരം കൈമാറി വിഹ്വലതകള്‍ക്ക് ആക്കംകൂട്ടി. 9.2 റിക്ടര്‍ സ്‌കെയിലില്‍ അടിച്ചുവീശിയ, ലോകത്തു നാല്‍പതു വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പം! എല്ലാം തികഞ്ഞവനെന്നു നടിക്കുന്ന മനുഷ്യനു പക്ഷേ, അതു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. അതേസമയം മൃഗങ്ങള്‍ക്കു നേരത്തെ വിവരം ലഭിച്ചെന്നു തോന്നി. പരിസരത്തെ ആടുകളും നായകളുമൊക്കെ ആദ്യത്തെ ഭൂചലനത്തിനു കുറച്ചുമുന്‍പു തന്നെ അത്യുച്ഛത്തില്‍ കരയാന്‍ തുടങ്ങിയിരുന്നു.
തകര്‍ന്നുവീണ കെട്ടിടങ്ങളും കടപുഴകിയ മരങ്ങളും മനസിനെയും മരുപ്പറമ്പാക്കി. വിണ്ടുകീറിയ റോഡിലൂടെ രക്ഷതേടി കടപ്പുറം ഭാഗത്തേക്ക് ഓടി. അതിനിടെ കടപ്പുറം ഭാഗത്തുനിന്നു വെള്ളം കരയിലേക്കു വരുന്നേയെന്ന് അലറിക്കൊണ്ട് ആള്‍ക്കൂട്ടം പാഞ്ഞുവരുന്നു. സംഹാരരൂപിണിയായ കടലിന്റെ പകര്‍ന്നാട്ടത്തിന് അരങ്ങൊരുങ്ങുകയാണെന്നു തോന്നി. എന്താണു സംഭവിക്കുന്നതെന്നറിയാതെ അവരുടെ പിന്നാലെയോടി. തിരിഞ്ഞുനോക്കുമ്പോള്‍ വിവരിക്കാനാകാത്തതരം ഭീകരദൃശ്യമാണു കണ്ടത്. തീരം നക്കിത്തുടച്ചു തിരികെപ്പോവുന്ന രാക്ഷസത്തിരമാലകള്‍. ജീവിതത്തില്‍ കണ്ട ഏറ്റവും ഭീകരദൃശ്യം! ചെറിയ ഇടവേളയില്‍ ഉണ്ടാകുന്ന കൂറ്റന്‍തിരമാലകളുടെ സംഹാരതാണ്ഡവം മിനിറ്റുകള്‍ ദീര്‍ഘിക്കുന്നു. ഓരോ തവണയും ശക്തിയും ദൂരവും കൂടുതല്‍ കണ്ടെത്തുന്ന തിരമാലകള്‍ കടലിലേക്കു മടങ്ങുന്നത് കെട്ടിടങ്ങളും വാഹനങ്ങളുമായി. അവയില്‍ പലതിലും ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. മരണത്തിന്റെ ഗന്ധമുള്ള തിരമാലകള്‍ക്കൊപ്പം ഒരുപാടു സ്വപ്നങ്ങളും കടലിലേക്ക് ഒഴുകുന്നു.
കരയും കടലും ഒരുപോലെ പ്രതികരിച്ചു തുടങ്ങിയതോടെ ലോകം അവസാനിക്കുകയാണോ എന്നു പോലും ചിന്തിച്ചു. അവശേഷിച്ച ധൈര്യവും ചോര്‍ന്നുകൊണ്ടിരുന്നു. വൈദ്യുതിബന്ധവും വാര്‍ത്താ വിതരണ സംവിധാനവും തകരാറിലായതോടെ അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടവരെയും കടലില്‍ കുടുങ്ങിയവരെയും രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കു തുടക്കമായി. സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സന്നദ്ധപ്രവര്‍ത്തകരും ഉണര്‍ന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമായി. വീണ്ടെടുപ്പിന്റെയും തിരിച്ചുവരവിന്റെയും അതിനിര്‍ണായക മണിക്കൂറുകള്‍.
എത്രയും പെട്ടെന്നു നാട്ടിലേക്കു തിരിക്കണം. അതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ചിന്ത. പരസഹായമെത്താന്‍ ദിവസങ്ങളെടുക്കുന്ന ഈ അപരിചിതദേശത്ത് മരണം യാഥാര്‍ഥ്യമായി മുന്നില്‍ കണ്ടപ്പോള്‍ നാട്ടിലെത്താനുള്ള സാധ്യത ദൈവത്തിനു വിട്ടു. അലക്ഷ്യമായി ദുരന്തപ്രദേശങ്ങളിലൂടെ നടന്നു. മൃതശരീരങ്ങളും പരുക്കേറ്റവരുടെ രോദനവും തകര്‍ന്നടിഞ്ഞ വാസസ്ഥലങ്ങളുമെല്ലാം ചേര്‍ന്നു ഭീകരകാഴ്ച തന്നെയായിരുന്നു എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ ദയനീയത മനസിനെ നൊമ്പരപ്പെടുത്തി. ദുരന്തമുഖത്തുനിന്നു തന്നെ രക്ഷപ്പെടുത്തുന്നതിനിടെ മരണത്തിനുകീഴടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെയോര്‍ത്തു വിലപിക്കുന്ന മലയാളിയായ ഒരമ്മയുടെ മുഖം ഇപ്പോഴും മനസില്‍ തെളിയുന്നു. അങ്ങനെയെത്ര വിലാപങ്ങള്‍… ശബ്ദം നിലച്ച രോദനങ്ങള്‍…
നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്കൊപ്പം അസ്തമയത്തോടടുക്കുന്ന പകല്‍. ഭയത്തിന്റെ കരിമ്പടം പുതച്ചെത്തുന്ന രാത്രിക്കായി സൂര്യന്‍ മിഴിയടക്കുന്നു. ജനക്കൂട്ടം നിറഞ്ഞ ഭാഗത്തേക്കു ചെന്നു. ഭൂമിയുടെ തുടര്‍ചലനം ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പില്‍ ചകിതരായ ജനങ്ങള്‍. കൂറ്റന്‍ തിരമാലകളുടെ ആക്രമണം മുന്നില്‍കണ്ട് അഭയം കണ്ടെത്തിയ ഒരു ഖബര്‍സ്ഥാന്റെ പരിസരമായിരുന്നു അത്. മരിച്ച് ഖബറില്‍ കിടക്കുന്നവര്‍ക്കു മരണം കാത്തിരിക്കുന്നവരുടെ കാവല്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു. പലതവണ ഭൂമിയുടെ തുടര്‍ചലനങ്ങളുണ്ടായി. ചെന്നൈയിലേക്കുള്ള മടക്ക ടിക്കറ്റ് ലഭിച്ചതോടെ ദുരന്തകഥകള്‍ അയവിറക്കുന്ന ഒരുകൂട്ടം മനുഷ്യജന്മങ്ങള്‍ക്കൊപ്പം എം.വി നിക്കോബാര്‍ കപ്പലില്‍ ചെന്നൈയിലേക്കു തിരിച്ചു. പതിനേഴ് ദിവസത്തെ ആന്തമാന്‍ സന്ദര്‍ശനത്തിനു പരിസമാപ്തി. ദുരന്തം മണക്കുന്ന തുറമുഖനഗരത്തില്‍നിന്ന് ഞങ്ങളുടെ കപ്പല്‍ നടുക്കടലിലേക്കു നീന്തിത്തുടങ്ങി. കപ്പല്‍ രണ്ടു ദിവസത്തെ ദൂരം പിന്നിട്ട ശേഷം, ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പെത്തിയത് യാത്രക്കാരില്‍ വീണ്ടും ഭയം ജനിപ്പിച്ചു. ദൈവാനുഗ്രഹം കൊണ്ട് ആപത്തൊന്നും സംഭവിക്കാതെ മൂന്നാംദിനം കപ്പല്‍ ചെന്നൈ തുറമുഖമണഞ്ഞു.
ചെന്നൈയിലെത്തി വാര്‍ത്താമാധ്യമങ്ങള്‍ കണ്ട ശേഷമാണു ലോകത്തെ പിടിച്ചുകുലുക്കിയ ദുരന്തത്തിന്റെ യഥാര്‍ഥവും ഭീകരവുമായ മുഖം തിരിച്ചറിഞ്ഞത്. കണ്ടതിനെക്കാള്‍ എത്രയോ ഭീകരമായിരുന്നു കാണാകാഴ്ചകള്‍. ആര്‍ത്തലച്ചെത്തിയ തിരമാലയുടെ പേര് സുനാമി എന്നാണെന്നും ലോകചരിത്രത്തില്‍ കഴിഞ്ഞ നൂറുവര്‍ഷത്തിനിടെയുണ്ടായ അഞ്ചാമത്തെ ശക്തമായ ഭൂകമ്പത്തിനാണു ഞാന്‍ സാക്ഷ്യംവഹിച്ചതെന്നും മനസിലായി. ദുരന്തത്തോടൊപ്പം മരണം നേരില്‍കണ്ട നിമിഷങ്ങള്‍ ഓര്‍മയുടെ സ്‌ക്രീനില്‍ ഒരുവട്ടം കൂടി തെളിഞ്ഞുവന്നു.
തെറ്റാത്ത പ്രകൃതിനിയമങ്ങള്‍ക്കുമേല്‍ ഉണ്ടാകുന്ന എല്ലാ ദുരന്തങ്ങള്‍ക്കും ഒരു കാരണമുണ്ടാകും. അതിനിരയായി മരിച്ചുപോയവര്‍ക്ക് അറിയാന്‍ കഴിയാത്ത കാരണം. അതു കണ്ടെത്തുന്നതും കാലത്തിന്റെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തുന്നതും ആ ദുരന്തത്തിന്റെ നേര്‍സാക്ഷികളത്രെ! ഓരോ ദുരന്തങ്ങളും നമുക്ക് പാഠങ്ങളാവട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.