2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സാമ്പത്തിക മാന്ദ്യം: വിചിത്ര ന്യായീകരണങ്ങളുമായി കേന്ദ്രമന്ത്രിമാര്‍

* തൊഴിലില്ലായ്മക്ക് കാരണം യുവാക്കളുടെ അയോഗ്യതയെന്ന് സന്തോഷ് ഗാംഗ്‌വര്‍

* ജീവിതത്തില്‍ വിജയവും പരാജയവും സാധാരണയെന്ന് വ്യവസായികളോട് ഗഡ്കരി

* സാങ്കേതിക പുരോഗതിയാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് അത്താവ്‌ലെ

 

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രസിന്ധിയെയും തൊഴിലില്ലായ്മയെയും വിചിത്രമായ രീതിയില്‍ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍. രാജ്യത്തെ തൊഴിലില്ലായ്മയുടെ കാരണം ഉത്തരേന്ത്യയിലെ തൊഴിലന്വേഷകരായ യുവാക്കളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തത് കൊണ്ടാണെന്ന് കേന്ദ്ര തൊഴില്‍സഹമന്ത്രി സന്തോഷ് ഗാംഗ്‌വര്‍ പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന തൊഴില്‍ റിക്രൂട്ട്‌മെന്റുകളിലേക്കു വരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ആവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വിവിധ കമ്പനികള്‍ക്ക് പലപ്പോഴും തന്നോട് പരാതിപ്പെടാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ സംബന്ധിച്ച് ദിവസേന സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് തൊഴില്‍ ക്ഷാമം ഇല്ല. തൊഴില്‍ അവസരങ്ങള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഉണ്ട്. ഇതിന് പുറമെ ഒരു പ്രത്യേക സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഗാംഗ്‌വര്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 2017- 18 വര്‍ഷത്തില്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനമായി ഉയര്‍ന്നിരിക്കെയാണ് കേന്ദ്ര തൊഴില്‍സഹമന്ത്രിയുടെ പ്രസ്താവന. അതേസമയം, വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിസഭയിലെ പ്രതിനിധിയായ സന്തോഷ് ഗാംഗ്‌വറിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. ബറേലി എം.പി ഉത്തരേന്ത്യയിലെ യുവാക്കളെയും യുവതികളെയും അപമാനിച്ചുവെന്നും സാമ്പത്തിക മാന്ദ്യത്തിന്റെ കുറ്റം അവരുടെമേല്‍ ചാര്‍ത്തുകയാണ് അദ്ദേഹം ചെയ്തതെന്നും കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകളോട് ജീവിതം ഒരു ചക്രമാണെന്നും ചില സമയത്ത് സന്തോഷമുണ്ടാവുമെന്നും ചിലപ്പോള്‍ ദു:ഖവുമെന്നുമായിരുന്നു കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. ഈ അടുത്ത് ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളുടെ അഖിലേന്ത്യ കന്‍വെണ്‍ഷനില്‍ എല്ലാവരും നിരാശരായി ഇരിക്കുന്നത് കണ്ടു. ഞാന്‍ അവരോട് പറഞ്ഞു. ചില സമയങ്ങളില്‍ സന്തോഷവും, ചില സമയങ്ങളില്‍ ദു:ഖവുമുണ്ടാവും. ചിലപ്പോള്‍ നിങ്ങള്‍ക്ക് വിജയമുണ്ടാവും. ചില സമയങ്ങളില്‍ പരാജയവും. ജീവിതമൊരു ചക്രമാണ്- നിതിന്‍ ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വ്യവസായികളോടുള്ള കേന്ദ്രമന്ത്രിയുടെ ഉപദേശം.

അതേസമയം, സാങ്കേതിക വിദ്യയുടെ പുരോഗതി കാരണമാണ് തൊഴിലില്ലായ്മ വര്‍ധിച്ചതെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി രാംദാസ് അത്താവ്‌ലെ പറഞ്ഞു. സാങ്കേതിക വിപ്ലവം കാരണമാണ് ആളുകള്‍ക്ക് ജോലി ഇല്ലാതാവുന്നത്. നേരത്തെ ഒരു ഫാക്ടറിയില്‍ 1000 തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 200 പേരെ കൊണ്ട് നടത്താന്‍ കഴിയുന്നുണ്ടെന്നും അത്താവ്‌ലെ പറഞ്ഞു.

ഓട്ടോ മൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. യുവാക്കള്‍ ഓലയും യഊബറും അടക്കമുള്ള സര്‍വിസുകള്‍ ഉപയോഗിക്കുന്നത് കാരണം ആളുകള്‍ വാഹനങ്ങള്‍ വാങ്ങുന്നത് കുറച്ചെന്നും ഇതാണ് ഓട്ടോമൊബൈല്‍ വ്യവസായം തകരാന്‍ കാരണമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.

Nitin Gadkari asks industries to not lose hope over slowdown


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.