2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നീതി ആയോഗ് യോഗത്തില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി; പ്ലാനിങ് കമ്മീഷനു പകരമാകാന്‍ നീതി ആയോഗിനു കഴിഞ്ഞിട്ടില്ല

 

ന്യൂഡല്‍ഹി: സംസ്ഥാന മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പ്ലാനിംഗ് കമ്മീഷനു പകരമാകാന്‍ ഇതിന് കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രധാന പോയിന്റുകള്‍:

* പ്ലാനിംഗ് കമ്മീഷനില്‍ നിന്നും നീതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പഞ്ചവത്സര പദ്ധതികളില്‍ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കി.

* രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പൊതുതാല്പര്യമുള്ള വിഷയങ്ങളില്‍ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാന്‍ കഴിയും വിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപപ്പെടണം.

* 15 ാം ധനകാര്യ കമ്മീഷന്റെ പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച് കേരളം പങ്കുവച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം.

* കേന്ദ്രതലത്തില്‍ പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്രപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന ഗവണ്‍മെന്റ്ുകളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നു.

* കുടിവെള്ളക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഴകൊയ്ത്തിന് വലിയ പ്രാധാന്യമുണ്ട്.

* കേരളത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനപങ്കാളിത്തത്തോടെ കെട്ടിടങ്ങളോടനുബന്ധിച്ച് മഴവെള്ള സംഭരണികളും ഭൂഗര്‍ഭജല പോഷണത്തിനായി കിണര്‍ റീചാര്‍ജ്ജിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്.

* സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരള മിഷന്റെ ഭാഗമായി പരിസര ശുചീകരണവും ജലസ്രോതസുകളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

* മുന്‍സിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ മഴവെള്ള സംഭരണ സംവിധാനം നിര്‍മ്മിക്കുന്നത് ഉറപ്പു വരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

* നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കി ധാരാളം പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

* 2018 – 19 ല്‍ താരതമ്യം ചെയ്യാനാകാത്ത വലിയ പ്രളയം കേരളം അഭിമുഖീകരിച്ചു. അതേസമയം വടക്കു കിഴക്കന്‍ മണ്‍സൂണില്‍ കുറവുണ്ടായി. ഇതു പലയിടത്തും വരള്‍ച്ചക്കും സൂര്യാഘാതത്തിനും കാരണമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വരള്‍ച്ച പരിഹരിക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി വരുന്നു.

* ഈ പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ച് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജില്ലകളുടെ വികസനം സാധ്യമാക്കുകയെന്നതാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിന് എതിരായാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. ഒരു കേന്ദ്ര പ്രതിനിധി ഈ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുകയും ജില്ലകള്‍ നീതി ആയോഗിന്റെയും വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണെന്നുള്ള പ്രതീതി ഉളവാക്കുകയും ചെയ്യുന്നു. ഈ ജില്ലകളുടെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തവും ഇടപെടലുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത്തരം ഇടപെടലുകള്‍ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ അധികാര വികേന്ദ്രീകരണ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ്.

* ഭരണഘടന വിഭാവനം ചെയ്യുന്ന മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പാക്കുക എന്നത് എല്ലാ തലത്തിലുമുള്ള ഗവണ്‍മെന്റെുകളുടെയും ഉത്തരവാദിത്വമാണ്.

* കാര്‍ഷിക ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് സംബന്ധിച്ച എ.പി.എം.സി ആക്ട് (കാര്‍ഷികോല്പന്ന മാര്‍ക്കറ്റിംഗ് കമ്മിറ്റി, അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി) കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ ആക്ട് കാര്‍ഷിക രംഗത്ത് വന്‍കിട കമ്പനികളുടെ ഇടപെടലിന് കാരണമാകും. സാധാരണ കര്‍ഷകര്‍ക്ക് ഇത്തരം കമ്പനികളുടെ വ്യാപാര വ്യവസ്ഥകള്‍ക്കും വിധേയമാകേണ്ടി വരുന്നു.

* പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിലൂടെ മാത്രമേ ഇടതു തീവ്രവാദവും വിധ്വംസക പ്രവണതകളും അവസാനിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കേണ്ടത് ആവശ്യമാണ് ഇവ രണ്ടിനും തുല്യപ്രാധാന്യമാണ് സംസ്ഥാനം നല്‍കുന്നത്.

* അധികാരവികേന്ദ്രീകരണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പാകണം. മഹാപ്രളയത്തിനു ശേഷം കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണ് സഹിക്കേണ്ടി വന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News