2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചെറുകിട വ്യാപാര മേഖലയിലെ സ്വദേശിവത്ക്കരണം ചൊവ്വാഴ്ച മുതല്‍; ആശങ്കയോടെ പ്രവാസി മലയാളികള്‍

13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴില്‍മന്ത്രാലയം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി

 

 

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയിലെ ചെറുകിട വ്യാപാര മേഖലകളിലടക്കം പന്ത്രണ്ട് മേഖലകളില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. അതേ സമയം ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്‌ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴില്‍മന്ത്രാലയം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
അതേ സമയം 12 മേഖലകളില്‍ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍.

സഊദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഇലക്‌ട്രോണിക്, ഒപ്റ്റിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താന്‍ തീരുമാനിച്ചത്.
100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെങ്കിലും അപ്രായോഗികമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുകയായിരുന്നു.

എന്നാല്‍, കടകള്‍ പൂട്ടുകയാണെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ഒട്ടേറെ പ്രവാസികള്‍ പറയുന്നു. അതേസമയം പലരും കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും. മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സഊദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് ചൊവ്വാഴ്ച മുതല്‍. രണ്ടാംഘട്ടം നവംബര്‍ ഒമ്പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.