2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നിസാന്റെ ശ്രദ്ധ ഇനി കിക്‌സില്‍

എ വിനീഷ്‌

‘ബാഡ്ജ് എന്‍ജിനിയറിങ് ‘എന്നൊരു പ്രയോഗമുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സ്റ്റിക്കര്‍ മാറ്റിയൊട്ടിക്കുക എന്നു പറയാം.  ഒരു കമ്പനിയുടെ ഉല്‍പ്പന്നം പേരുമാറ്റി മറ്റൊരു കമ്പനിയുടേതാക്കി വില്‍ക്കുക എന്നു സാരം. ഒന്നിലധികം ബ്രാന്‍ഡുകള്‍ കൈയിലുള്ള വന്‍കിട കമ്പനികളില്‍ ഇത്തരം പ്രവണത കാണാറുണ്ട്.  

ഈ സ്റ്റിക്കര്‍  മാറ്റിയൊട്ടിക്കല്‍ വാഹനരംഗത്തും ഉണ്ട്. നിസ്സാന്റെ സണ്ണിയും റെനോയുടെ സ്‌കാലയും ഇത്തരത്തില്‍  ബാഡ്ജ് എന്‍ജിനിയറിങ് എന്ന എളുപ്പപ്പണിക്ക് ഉദാഹരണങ്ങളാണ്. ഒരു വാഹനം ഡിസൈന്‍ ചെയ്ത് നിരത്തിലിറക്കാന്‍ വേണ്ടിവരുന്ന നൂറുകണക്കിനു കോടികള്‍ ലാഭിക്കാമെന്നതാണു ബാഡ്ജ് എന്‍ജിനിയറിങ് എന്നറിയപ്പെടുന്ന ഈ ലൊടുക്കുവിദ്യയുടെ മെച്ചം.

ഫോക്‌സ്‌വാഗണ്‍ ആണ് വാഹനരംഗത്ത് ആഗോളതലത്തില്‍ ബാഡ്ജ് എന്‍ജിനിയറിങ്ങിനു തുടക്കമിട്ടത്.  ഫോക്‌സ്‌വാഗന്റെ വെന്റോയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ തന്നെയുള്ള കമ്പനിയായ സ്‌കോഡയുടെ റാപ്പിഡുമെല്ലാം ഇതിനുദാഹരണമാണ്. പുറത്തുകാണുന്ന സ്റ്റിക്കറിലല്ലാതെ കാര്യമായ മാറ്റം രണ്ടു കാറുകള്‍ക്കുമില്ല.

ഒരുതരത്തില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്ന ബാഡ്ജ് എന്‍ജിനിയറിങ്ങിനു മിക്ക കമ്പനികളും മുതിരാറില്ല എന്നതാണു സത്യം. ബാഡ്ജ് എന്‍ജിനിയറിങ് ക്ലച്ച്പിടിക്കില്ല എന്നതിന് മികച്ച ഉദാഹരണമാണു നിസാന്‍ ഈയിടെ ഇറക്കിയ ടെറാനോ. ഇന്ത്യന്‍ വാഹനവിപണിയെ അമ്പരപ്പിച്ച വിജയം നേടിയ റെനോയുടെ ഡസ്റ്ററിനെ പേരുമാറ്റി അവതരിപ്പിക്കുകയായിരുന്നു നിസാന്‍ ചെയ്തത്. എന്നാല്‍ സംഗതി നിലംതൊട്ടില്ല.

ഒരു റീബാഡ്ജിങ് മാത്രമായിരുന്നില്ല ടെറാനോ. ബംപറിലും ഗ്രില്ലിലും ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങളോടെയായിരുന്നു നിസാന്‍ ടെറാനോയെ നിരത്തിലിറക്കിയത്. എന്നിട്ടും മാര്‍ക്കറ്റില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയി.
ഏതായാലും തങ്ങള്‍ക്കു കാര്യമായ ഗുണം ചെയ്യാത്ത ബാഡ്ജ് എന്‍ജിനിയറിങ്ങിനെപ്പറ്റി നിസാന്‍ ഇനി അധികം ചിന്തിക്കുമെന്ന് തോന്നുന്നില്ല. കാരണം ‘കിക്‌സ് ‘ എന്ന കോംപാക്ട് എസ്. യു.വി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍.

nissan-kicks-2

 2017ല്‍  കിക്‌സ് ഇവിടെ എത്തുമെന്നാണു പ്രതീക്ഷ. ഈയിടെ മുംബൈയില്‍ നടന്ന ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലോഞ്ചിങ്ങില്‍ വച്ച് നിസാന്‍ ഇന്ത്യ പ്രസിഡന്റ്  ഗില്യൂം സികാര്‍ഡ് ആണ്  ഇക്കാര്യം വെളിപ്പെടുത്തിയത്.

കമ്പനി ഇനി എസ്.യു.വികളിലും ക്രോസ് ഓവറുകളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന് അനുയോജ്യമായ, കിക്‌സ് അല്ലാതെ മറ്റൊരു എസ്. യു.വി നിസാന് ഇല്ലെന്നതും ശ്രദ്ധേയമാണ്.
ഈയിടെ ബ്രസീലിലെ റിയോഡി ജനീറോയില്‍ അവതരിപ്പിച്ച കിക്‌സ് ഈ വര്‍ഷം അവസാനത്തോടെ അവിടുത്തെ ഷോറൂമുകളില്‍ സ്ഥാനം പിടിക്കും.

തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എത്തും. കിക്‌സിനെ ഇന്ത്യയ്ക്ക് അനുയോജ്യമായി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് നിസാന്‍ ഇന്ത്യ. ടെറാനോയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും കിക്‌സിലും സ്ഥാനം പിടിക്കുക. 83.3 ബി.എച്ച്. പി കരുത്തുള്ള ഈ എന്‍ജിന് ട്യൂണിങില്‍ മാറ്റം വരുത്തിയാല്‍ ശേഷി 108. 5 ബി. എച്ച്.പി വരെ ഉയര്‍ത്താം.

Nissan Kicks combines emotion and practicality by blending familiar Nissan design signatures with striking modern themes that presage future models. Among those established design signatures are Nissan’s V-motion grille, boomerang head- and taillights and the floating roof with a "wrap-around visor" look to the windscreen and side glass.

 കൂടിവരുന്ന ഡിമാന്റ് കണക്കിലെടുത്ത് പെട്രോള്‍ എന്‍ജിനെക്കുറിച്ചും നിസാന്‍ ആലോചിക്കുന്നുണ്ട്.   നിസാന്റെ പ്രസിദ്ധമായ വി മോഷന്‍ ഗ്രില്ലുകളും ബൂമറാങ് ആകൃതിയിലുള്ള ഹെഡ്, ടെയില്‍ ലാംപുകളും ആണ് കിക്‌സിന്. മധ്യത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഏഴിഞ്ച് കളര്‍ ഡിസ്‌പ്ലേയോടുകൂടിയ ഗ്ലൈഡിങ് വിങ് ഡാഷ്‌ബോര്‍ഡുകളും ഉള്ളിലെ മനോഹാരിത കൂട്ടുന്നു. ഹ്യുണ്ടായി ക്രീറ്റ, മാരുതി വിറ്റാറ ബ്രെസ, റെനോ ഡസ്റ്റര്‍, ഹോണ്ട ബി.ആര്‍.വി എന്നിവയെയായിരിക്കും കിക്‌സിന് എതിരിടേണ്ടിവരിക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.