നിഷ്ഠൂര ഇന്ത്യയുടെ പുതിയ മുഖമെന്നാണു കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നരേന്ദ്രമോദിയുടെ ഇന്ത്യയെ വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറില്‍ പശു ഭീകരരാല്‍ കൊല്ലപ്പെട്ട റുക്ബര്ഖാന്റെ വധവുമായി ബന്ധപ്പെട്ട് അതിപൈശാചികമായ നിലയില്‍ പെരുമാറിയ രാജസ്ഥാന് പൊലിസിനെയും ഭരണകൂടത്തെയും പരാമര്‍ശിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്തുത പരാമര്‍ശം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ രാജസ്ഥാനിലെ ആല്വാറില്നിന്നു രണ്ടു പശുക്കളെ വാങ്ങി സ്വദേശമായ ഹരിയാനയിലേയ്ക്കു മടങ്ങുകയായിരുന്ന റുക്ബര്ഖാനെയും സുഹൃത്ത് അസ്ലംഖാനെയും പശുക്കടത്തെന്നാരോപിച്ചു പശു ഭീകരര്‍ വളഞ്ഞിട്ട് അതിക്രൂരമാംവിധം തല്ലിച്ചതയ്ക്കുകയായിരുന്നു.
സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയ പണവും കൊണ്ടാണു റുക്ബര്ഖാന് പശുക്കളെ വാങ്ങാന്‍ പോയത്. പശുക്കളെ മക്കളെപ്പോലെ സ്നേഹിച്ച കുടുംബമാണു റുക്ബര്ഖാന്റേത്. പശുവിന്പാല് വിറ്റു കിട്ടുന്ന കാശു കൊണ്ടായിരുന്നു ഇരുപത്തിയെട്ടുകാരനായ റുക്ബര്ഖാന് ഏഴംഗ കുടുംബത്തെ പോറ്റിയിരുന്നത്. ആ കുടുംബം അനാഥമായിരിക്കുന്നു ഇപ്പോള്‍.
2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള പീഡനങ്ങളാണു മുസ്ലിംകളും ദലിതരും അനുഭവിക്കുന്നത്. പശുക്കടത്തെന്നാരോപിച്ചു നിരവധി മുസ്ലിംകളെ പശുഭീകരര്‍ തല്ലിക്കൊന്നു. തൊണ്ണൂറോളം മുസ് ലിംകള്‍ ഗോസംരക്ഷകരെന്നു പറയുന്ന ആള്‍ക്കൂട്ട അക്രമികളുടെ ആക്രമണങ്ങള്‍ക്കിരയായി മരണപ്പെട്ടു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തണമെന്നു നാലുനാള്‍ മുമ്പാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ആ വിധിന്യായത്തിന്റെ മഷിയുണങ്ങും മുമ്പു രാജസ്ഥാനിലെ പശുഭീകരര്ക്കു കോടതിവിധിയെ തൃണംപോലെ അവഗണിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ കോടതികള്‍ക്കു സംഘ്പരിവാര്‍ ഭരണകൂടവും പൊലിസും വിലയും കല്പ്പിക്കുന്നില്ലെന്നാണു മനസ്സിലാക്കേണ്ടത്.
പശു ഭീകരരുടെ കൊടുംക്രൂരതയ്ക്കു വിധേയനായി ജീവനുവേണ്ടി പിടയുന്ന റുക്ബര്ഖാനെ പൊലിസ് വാഹനത്തില്‍ കയറ്റിയ രാജസ്ഥാനിലെ രംഗഡ് പൊലിസ് എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനല്ല ശ്രമിച്ചത്. രണ്ടു പശുക്കളെയും ഗോശാലയിലേയ്ക്ക് അയക്കാനാണു ധൃതിപ്പെട്ടത്.
പശുക്കള്‍ ഗോശാലയില്‍ സുരക്ഷിതരായെത്തിയെന്ന് അറിഞ്ഞ ശേഷമാണ് അവര്‍ റുക്ബര്ഖാനെയും കൊണ്ടു പൊലിസ് സ്റ്റേഷനിലേയ്ക്കു നീങ്ങിയത്. വഴിയില്‍ ബി.ജെ.പി നേതാവ് കിഷോറിന്റെ വീട്ടില്‍ കയറി അയാളുമായി ചര്‍ച്ച നടത്തി.
ഇതും കഴിഞ്ഞാണു മരണത്തോടു മല്ലിടുകയായിരുന്ന റുക്ബര്ഖാനെയും കൊണ്ടു പൊലിസ് വാഹനം നീങ്ങാന്‍ തുടങ്ങിയത്. ഇതിനിടയില്‍ റുക്ബര്ഖാനെ പൊലിസുകാര്‍ അതിക്രൂരമാംവിധം മര്‍ദിക്കുന്നതു താന്‍ കണ്ടുവെന്നു ബി.ജെ.പി നേതാവ് കിഷോറിന്റെ ബന്ധു മായ എന്‍.ഡി.ടിവിയോട് പറഞ്ഞതു വാര്‍ത്തയായിരിക്കുകയാണ്.
അതിഗുരുതരാവസ്ഥയിലായിട്ടും റുക്ബര്ഖാനെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് ധൃതികാണിച്ചില്ല. വഴിയില്‍ ചായക്കടയ്ക്കു മുന്നില്‍ വാഹനം നിര്‍ത്തി ചായ കുടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ നാലു മണിക്കൂറാണെടുത്തത്. അപ്പോഴേക്കും ആ യുവാവിന്റെ ശരീരത്തില്‍നിന്നു ജീവന് വിട്ടുപോയിരുന്നു. ഇതിനെയാണു രാഹുല്‍ഗാന്ധി നിഷ്ഠൂര ഇന്ത്യയുടെ പുതിയ മുഖമെന്നു വിശേഷിപ്പിച്ചത്. അതല്ലാതെ മറ്റെന്തു വിശേഷണമാണ് ഈ പൈശാചികതയ്ക്കു യോജിക്കുക.
ഭരണത്തിന്റെ തുടക്കത്തില്‍ നടുക്കുന്ന ഇന്ത്യയെയാണു ലോകത്തിന് മുമ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാഴ്ചവച്ചതെങ്കില്‍ അത് നിഷ്ഠൂര ഇന്ത്യയുടെ പുതിയ മുഖം കാഴ്ച വയ്ക്കുന്നതിലെത്തിയിരിക്കുന്നു.
ഇന്ത്യയില്‍ മുസ്ലിംകളെക്കാള് സുരക്ഷ പശുക്കള്ക്കാണെന്നു പറഞ്ഞ ശശി തരൂരിനെതിരേ കലിതുള്ളിയ ബി.ജെ.പി നേതാക്കള്‍ക്ക് ഇപ്പോള്‍ എന്തു പറയാനുണ്ട്. ഭരണകൂടത്തിന്റെ പിന്തുണയോടെ, കോടതി വിധികള്‍ക്കു പുല്ലു വിലപോലും കല്‍പ്പിക്കാതെ സംഘ്പരിവാര്‍ ഭീകരര്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യ ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നത് ബീഭല്സമുഖമാണ്