2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

നീരവ് മോദിയുടെ അറസ്റ്റില്‍ മോദി സര്‍ക്കാരിനെന്ത് കാര്യം


പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്നുകളഞ്ഞ വജ്ര വ്യാപാരി നീരവ് മോദിയെക്കുറിച്ച് ഇതുവരെ ബി.ജെ.പി സര്‍ക്കാരിന് ഒരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ മോദി ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലൂടെ സൈ്വരവിഹാരം നടത്തുകയാണെന്നും ടെലഗ്രാഫ് പത്രം പുറത്ത്‌കൊണ്ടുവരികയും അതിനെത്തുടര്‍ന്ന് ലണ്ടന്‍ പൊലിസ് മോദിയെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. നീരവ് മോദി ലണ്ടന്‍ പൊലിസിന്റെ കസ്റ്റഡിയില്‍ ആയതോടെ യാതൊരു ലജ്ജയുമില്ലാതെ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍.
നാട്ടില്‍ അവിഹിത ഗര്‍ഭമുണ്ടായാല്‍ അതിന്റെ പിതൃത്വമെല്ലാം ഏറ്റെടുക്കുന്ന, സന്താനോല്‍പാദനശേഷിയില്ലാത്ത എട്ടുകാലിമമ്മൂഞ്ഞ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമാണ്. എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മിപ്പിക്കുന്നു കേന്ദ്രമന്ത്രിയായ ഹര്‍ദീപ്പുരി. നീരവ് മോദിക്ക് ഒളിവില്‍ പോകാന്‍ കഴിഞ്ഞേക്കും. പക്ഷെ രാജ്യത്തിന്റെ ചൗക്കിദാറില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന ഹര്‍ദീപ്പുരിയുടെ പ്രസ്താവന എന്തുമാത്രം പരിഹാസ്യമാണ്.

ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗം പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോഴാണ് അപഹാസ്യമാം നിലയില്‍ ഹര്‍ദീപ്പുരിയുടെ ട്വിറ്റര്‍. രാഹുല്‍ ഗാന്ധിയുടെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പ്രയോഗത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ നരേന്ദ്രമോദി പ്രയാസപ്പെടുമ്പോഴാണ് മറ്റൊരു കള്ളനായ നീരവ് മോദി ലണ്ടനില്‍ പൊലിസിന്റെ കസ്റ്റഡിയിലായതിന്റെ മേന്മ നരേന്ദ്രമോദിക്ക് ചാര്‍ത്തിക്കൊടുക്കുന്നത്.
2017ല്‍ ലണ്ടനിലേക്ക് കടന്ന നീരവ് മോദിയെ കണ്ടെത്തുന്നതിനോ അയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ 2019 ആയിട്ടും നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ടെലഗ്രാഫ് പത്രത്തിന്റെ കറസ്‌പോണ്ടന്റ് നീരവ് മോദിയെ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഹര്‍ദീപ്പുരിയുടെ ട്വിറ്ററും ഉണ്ടാകുമായിരുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മധ്യലണ്ടനിലെ ഹോള്‍ബോണില്‍ നിന്നാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലിസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. അതുവരെ ലണ്ടനില്‍ സൈ്വരവിഹാരം നടത്തിയിരുന്ന നീരവ് മോദിയെക്കുറിച്ച് ബി.ജെ.പി സര്‍ക്കാരിന് ഒരറിവും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും.
ലണ്ടനില്‍ നീരവ് മോദിയെ യഥേഷ്ടം സുഖജീവിതം നയിക്കാന്‍ അനുവദിക്കുക, ടെലഗ്രാഫ് പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ലണ്ടന്‍ പൊലിസ് അയാളെ അറസ്റ്റ് ചെയ്യുക, കസ്റ്റഡിയിലായ ഉടനെ അതിന്റെ മുഴുവന്‍ ക്രെഡിറ്റും നരേന്ദ്രമോദിക്ക് ചാര്‍ത്തിക്കൊടുക്കുക. ഇതിലും വലിയൊരു അപഹാസ്യനാടകം അരങ്ങേറാനില്ല.
ബി.ജെ.പി സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെയല്ലാതെ ഇത്ര ധൈര്യത്തോടെ ലണ്ടനില്‍ സൈ്വരവിഹാരം നടത്താന്‍ നീരവ് മോദിക്ക് കഴിയുമായിരുന്നില്ല. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിച്ച് അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കൊപ്പം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്.

നീരവ് മോദി ഇന്ത്യവിട്ടു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ബാങ്ക് അധികൃതര്‍ പരാതിയുമായി രംഗത്ത് വന്നത്. വായ്പാതട്ടിപ്പില്‍ ബാങ്ക് അധികൃതര്‍ക്കും പങ്കുണ്ടെന്ന ആരോപണം ഇതോടെ വ്യാപകമായി. തുടര്‍ന്നുണ്ടായ അന്വേഷണങ്ങളൊക്കെയും പ്രഹസനങ്ങളായി കലാശിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ചെന്ന നീരവ് മോദിയെ അവിടത്തെ ബാങ്ക് ജീവനക്കാര്‍ ടെലഗ്രാഫില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയും യഥാസമയം പൊലിസിനെ അറിയിക്കുകയുമായിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിലെ ഉദ്യോഗസ്ഥരും ലണ്ടന്‍ ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്ന് തന്നെ വ്യക്തമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം ചൂടുപിടിച്ചു കൊണ്ടിരിക്കുന്ന ഈയൊരു വേളയില്‍ ഒരു ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഒരുപക്ഷെ ജാമ്യംകിട്ടുന്ന മുറയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കൂടായ്കയില്ല. തെരഞ്ഞെടുപ്പില്‍ അത് പ്രചാരണായുധമാക്കാന്‍ ബി.ജെ.പി ചിലപ്പോള്‍ അതിനുവേണ്ടി ശ്രമിച്ചേക്കാം. തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ വീണ്ടുമൊരു ഒളിച്ചോട്ടത്തിന് നീരവ് മോദിക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യാമല്ലോ.
എന്നാല്‍ ലണ്ടനിലെ നടപടിക്രമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാകുമോ എന്നാണ് കണ്ടറിയേണ്ടത്. മറ്റൊരു ബാങ്ക് തട്ടിപ്പുകാരനായ വിജയ്മല്യ 2017ല്‍തന്നെ ഇന്ത്യവിട്ട മദ്യരാജാവാണ്. അയാളും ലണ്ടനില്‍ സസുഖം കഴിയുന്നു. ലണ്ടന്‍ പൊലിസ് അയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടത് ഇന്ത്യാഗവണ്‍മെന്റിന്റെ വീഴ്ച കാരണമാണെന്ന ആരോപണത്തിന് ഇതുവരെ യുക്തമായ മറുപടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ഇതുവരെ അയാളെ തിരികെ കൊണ്ടുവരാനോ ഇവിടെ വിചാരണ നടത്താനോ കഴിഞ്ഞിട്ടുമില്ല. കുറ്റവാളികളെ കൈമാറുന്ന കരാര്‍പ്രകാരം വിജയ്മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടനിലെ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതാണ്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇതുവരെ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറായിട്ടില്ല. വിജയ്മല്യക്ക് ജാമ്യംകിട്ടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈവഴിക്ക് യാതൊരു ശ്രമവും സര്‍ക്കാര്‍ നടത്താത്തതില്‍നിന്ന് തന്നെ ഒരുകാര്യം വ്യക്തമാണ്; ബി.ജെ.പി സര്‍ക്കാരിന്റെ പരോക്ഷ സഹായം ബാങ്ക് വായ്പാതട്ടിപ്പ് നടത്തിയ കോടീശ്വരന്മാര്‍ക്ക് കിട്ടുന്നുണ്ടാകണം.
രാജ്യത്തിന്റെ കാവല്‍ക്കാരനും രാജ്യത്തെ ധനം കട്ട് കൊണ്ടുപോയവരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണോ ഇതിന് പിന്നിലെന്ന സംശയം ഉയരുമ്പോള്‍ നീരവ് മോദിയുടെ അറസ്റ്റിന് കാരണം നരേന്ദ്രമോദിയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്പുരി അവകാശപ്പെടുന്നത് എന്തുമാത്രം ലജ്ജാവഹമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.