2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

Editorial

നിരര്‍ത്ഥകം മുഖ്യമന്ത്രിയുടെ പരിഭവങ്ങള്‍


 

ക്രമസമാധാന ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ് സേനയിലെ അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരേ ശബ്ദിച്ചിരിക്കുകയാണ്. പൊലിസുകാരോട് നെഞ്ചത്ത് കൈവച്ച് അവരുടെ ജോലിയിലെ ആത്മാര്‍ഥതയെ അളക്കാന്‍വരെ പറയുന്നുണ്ട് മുഖ്യമന്ത്രി. ശബരിമലയില്‍ സര്‍ക്കാരിനെ പൊലിസ് ഒറ്റുകൊടുത്തു എന്നുവരെ പൊലിസിനെ ഭരിക്കുന്ന മുഖ്യമന്ത്രി പരിവേദനങ്ങള്‍ നിരത്തുന്നതിലൂടെ തന്റെ കഴിവുകേടിനെയാണ് വെളിപ്പെടുത്തുന്നതെന്ന് ഒരുനിമിഷം അദ്ദേഹം ആലോചിച്ചിട്ടുണ്ടാവില്ല.
കൊണ്ടുപോയതും നീയേചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേചാപ്പ, നാറാണത്ത് ഭ്രാന്തനെപ്പോലെ തുടങ്ങിയ പഴമൊഴികളും അദ്ദേഹം തന്റെ പരിഭവപ്രസംഗത്തില്‍ ചേര്‍ക്കുന്നുണ്ട്. ആദ്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച പൊലിസ് പിന്നീട് ആര്‍.എസ്.എസിന് വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്ന പരുവത്തിലേക്കെത്തിയത് എങ്ങിനെയാണെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും കണ്ടെത്താന്‍ വകുപ്പ് തല അന്വേഷണം നടത്തി അവരെ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുന്നതിന് പകരം പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരാതികളുടെ ഭാണ്ഡം തുറന്ന് വയ്ക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. മുഖ്യമന്ത്രി എന്താണോ ഉദ്ദേശിച്ചത് അതിന് വിപരീതമായാണ് കാര്യങ്ങള്‍ പരിണമിച്ചത്. നിസ്സഹായനായ ഒരു പൊലിസ് മന്ത്രിയുടെ ചിത്രമല്ലേ ഈ പ്രസംഗം വഴി അദ്ദേഹം പൊതുസമൂഹത്തിന് നല്‍കിയത്.

പൊലിസ് അച്ചടക്കരാഹിത്യത്തോടെ പെരുമാറുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പൊലിസ് ഉപദേശകനായ രമണ്‍ ശ്രീവാസ്തവയുമല്ലേ. ഇവരുടെയൊക്കെ ചുമതലക്കാരനായ മുഖ്യമന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനാകുമോ.പൊലിസിനെ സ്വന്തം താല്‍പര്യങ്ങള്‍ക്കും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുമായി ഉപയോഗിച്ചതിന്റെ അനന്തരഫലങ്ങളാണ് പൊലിസിലെ അച്ചടക്കരാഹിത്യത്തിന് കാരണം. പാര്‍ട്ടിക്കാരെ തൊടാനും പാടില്ല. പാര്‍ട്ടി ഓഫിസില്‍ ക്രിമിനലുകള്‍ ഒളിച്ചിരുന്നാല്‍ അവിടെ കയറാനും പറ്റില്ല. പൊലിസിലെ സി.പി.എം അനുകൂല സംഘടനാ നേതാക്കള്‍ തെറ്റ് ചെയ്താല്‍ കണ്ണടക്കുകയും ഇതര സംഘടനയില്‍പ്പെട്ടവരെ പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ സ്വാഭാവികമായും സര്‍ക്കാരിനെതിരേയുള്ള ഒറ്റുകാരായി മാറും.

വരാപ്പുഴ കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ ഉന്നത പൊലിസ് ഉദ്യോഗസ്ഥന് ഗംഭീരമായ യാത്രയയപ്പ് നല്‍കി കോഴിക്കോട് നിയമിച്ചു. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദിയായ എസ്.പിയെ വഴിവിട്ട് സഹായിച്ചുകൊണ്ടിരിക്കുന്നു. രാജ്കുമാറിനെ മര്‍ദിക്കുവാന്‍ എസ്.പിയാണ് നിര്‍ദേശം നല്‍കിയതെന്ന് അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയത്. എസ്.പിക്കെതിരേ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തോ? ഇങ്ങിനെയൊക്കെ ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം സ്വാഭാവികമായും സര്‍ക്കാരിനെതിരേ തിരിയും.
പൊലിസിലെ അനുകൂലികളെ വഴിവിട്ട് സഹായിക്കുകയും അല്ലാത്തവരെ പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ റെയ്ഡുകള്‍ ചോരും. ശബരിമലയില്‍ ഒറ്റുകളും ഉണ്ടാകും. യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാരനായ അഖിലിനെ കുത്തിയത് എസ്.എഫ്.ഐ നേതാവായത് കൊണ്ടായിരുന്നില്ലേ സര്‍ക്കാര്‍ ചടുലമായ നീക്കത്തിന് തയാറായത്. രണ്ടാം പ്രതി നസീം നേരത്തെ ഒരു പൊലിസുകാരനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചിട്ടും നസീമിനെതിരേ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. അടികൊണ്ട പൊലിസുകാരന്‍ സസ്‌പെന്‍ഷനിലുമായി.
സംഭവിക്കാന്‍ പാടില്ലാത്തതാണ് യൂനിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പരിഭവം പറയുന്നു. സി.പി.എം ജില്ലാ നേതാക്കളുടെ ഒത്താശയായിരുന്നില്ലേ ഇത്തരമൊരു പരിണിതിക്ക് കാരണം. അപ്പോള്‍ പിന്നെ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുമ്പോള്‍ എന്തിനത്ഭുതപ്പെടണം. യൂനിവേഴ്‌സിറ്റി കോളജിലും പൊലിസ് സേനയിലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് പൊലിസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാറിനില്‍ക്കാനാകുമോ.
ഒരു പെണ്‍കുട്ടി യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ മാനസിക പീഡനത്താലാണ്. പെണ്‍കുട്ടിക്ക് ടി.സി വാങ്ങി പോകേണ്ടിവന്നു. നേതാക്കള്‍ക്കൊന്നും സംഭവിച്ചതുമില്ല. ഇതുകൊണ്ട് തന്നെയായിരിക്കണം അഖിലിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കാന്‍ ശിവരഞ്ജിത്തിന് അപാരമായ ആത്മധൈര്യം ഉണ്ടായിട്ടുണ്ടാവുക. എസ്.എഫ്.ഐക്കാരുടെ അഴിഞ്ഞാട്ടത്തിനെതിരേ കണ്ണടയ്ക്കുന്ന ഒരു ഭരണകൂടത്തിന് എങ്ങിനെയാണ് പൊലിസിലെ അഴിഞ്ഞാട്ടത്തെ വിമര്‍ശിക്കാനാവുക.
പൊലിസിന്റെ കൃത്യനിര്‍വഹണത്തില്‍ ഇടപെടുന്ന സി.പി.എം നേതൃത്വത്തെയും എസ്.എഫ്.ഐ നേതൃത്വത്തെയും നിലക്ക് നിര്‍ത്തുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. അങ്ങിനെ ചെയ്തില്ല. അങ്ങിനെ ചെയ്തിരുന്ന ഒരു ആഭ്യന്തര മന്ത്രി പൊലിസ് വകുപ്പ് ഭരിച്ചിരുന്നു. സി.എച്ച് മുഹമ്മദ് കോയ. മുസ്‌ലിം ലീഗുകാരാണെങ്കില്‍പോലും തെറ്റുചെയ്താല്‍ നടപടിയെടുക്കണമെന്നും മുസ്‌ലിം ലീഗുകാര്‍ പൊലിസ് സ്റ്റേഷന്‍ ഭരിക്കാന്‍ പോകരുതെന്നും ചങ്കൂറ്റത്തോടെ പറഞ്ഞ ആഭ്യന്തര മന്ത്രിയായിരുന്നു സി.എച്ച്. അതുകൊണ്ട് തന്നെയാണദ്ദേഹത്തിന് മാവോയിസ്റ്റ് ഭീഷണി കേരളത്തില്‍നിന്ന് തുടച്ച് നീക്കാന്‍ കഴിഞ്ഞതും. അന്നൊന്നും പൊലിസില്‍ ഒറ്റുകാരുണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും മാവോവാദികള്‍ തലപൊക്കുന്നുവെങ്കില്‍ അത് ഭരണകൂടത്തിന്റെ കഴിവ് കേടാണ്. നിര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ പൊലിസിനെ അനുവദിക്കുകയാണെങ്കില്‍ ഇന്നും പ്രാപ്തരായ പൊലിസ് ഉദ്യോഗസ്ഥര്‍ സേനയില്‍ ഉണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് സി.പി.എമ്മിന്റെ ശക്തിദര്‍ഗ്ഗം എന്നറിയപ്പെട്ടിരുന്ന മുടക്കോഴി മലയില്‍ സധൈര്യം കയറിച്ചെന്ന് കേരള പൊലിസ് ടി.പി ചന്ദ്രശേഖരന്റെ കൊലയാളികളെ അറസ്റ്റ് ചെയ്തത്. ഇന്ന് സി.പി.എം ഓഫിസ് റെയ്ഡ് ചെയ്ത വനിതാ പൊലിസ് ഓഫിസര്‍ തിരികെച്ചെന്നപ്പോള്‍ കസേര തെറിച്ചുപോയിരുന്നു.
പൊലിസില്‍ ഇപ്പോള്‍ 1129 ക്രിമിനലുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ശിവരഞ്ജിത്തും നസീമും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവരും ഈ പട്ടികയില്‍ ഇടംകണ്ടെത്തുമായിരുന്നു. 215 ക്രിമിനലുകള്‍ തിരുവനന്തപുരത്ത് തന്നെയുണ്ട്. 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും 230 സിവില്‍ പൊലിസുകാരും ക്രിമിനലുകളാണെന്ന് വിവരാവകാശരേഖ പ്രകാരം വെളിപ്പെട്ടതാണ്. ഇവര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ ഉണ്ടായതായി അറിവില്ല. ഇവരെ പിരിച്ചുവിടാന്‍ ഭരണഘടന സര്‍ക്കാരിന് അവകാശം നല്‍കുന്നുമുണ്ട്. പിന്നെ പൊലിസിലെ ഒറ്റുകാരെക്കുറിച്ചും അച്ചടക്കരാഹിത്യത്തെക്കുറിച്ചും വിലപിച്ചിട്ട് എന്ത് കാര്യം. നിരര്‍ത്ഥമല്ലേ അത്തരം അധരവ്യായാമങ്ങള്‍?.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.