2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിഖാബില്‍ മറച്ചുപിടിക്കുന്നത് എം.ഇ.എസിന്റെ നഗ്‌നത

അഡ്വ. വി.കെ ബീരാന്‍ 94950 87330

കേരളത്തിലെ സാംസ്‌കാരിക പരിസരം പൊതുവെയും മുസ്‌ലിം കേരളം പ്രത്യേകിച്ചും ഏതാനും നാളുകളായി നിഖാബ് സംബന്ധമായ ചര്‍ച്ചയിലാണ്. പുതിയ അക്കാദമിക വര്‍ഷം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തരമൊരു കാര്യത്തില്‍ വിവാദത്തിനു തിരികൊളുത്തിയത് മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമെന്നു സ്വയം വിശേഷിപ്പിക്കുന്ന എം.ഇ.എസ് പുറത്തിറക്കിയ സര്‍ക്കുലറാണ്. പുരോഗമനമെന്നു പുറമെയുള്ളവര്‍ വിശേഷിപ്പിക്കുമെന്ന പ്രതീക്ഷയോടെ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് പുറത്തിറക്കിയ സര്‍ക്കുലറിന് എം.ഇ.എസിനകത്തുപോലും റീച്ച് ലഭിച്ചില്ല.

 

മുഖവസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തില്‍ കക്ഷി ചേരുന്നില്ല. മതത്തിന്റെയും വ്യക്തികളുടെയും കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുതന്നെ വിട്ടുകൊടുക്കുക എന്നതിലപ്പുറം മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍, ഈ ഘട്ടത്തില്‍ പ്രസക്തമാവുന്ന മറ്റൊരു ചോദ്യം സമുദായത്തിന്റെ മജ്ജയും മാംസവും ഊര്‍ജമാക്കി വളര്‍ന്ന എം.ഇ.എസ് ഇടക്കിടെ ഇത്തരത്തില്‍ സമുദായ വിരുദ്ധത പ്രകടിപ്പിക്കുന്നത് എന്തിനെന്നാണ്. അതിനു കാരണം വ്യക്തമാണ്. 1964 മുതല്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.എസിനെ അഞ്ചര പതിറ്റാണ്ടിപ്പുറം ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം. ന്യൂനപക്ഷ പദവിയുടെയും സംവരണത്തിന്റെയും തണലില്‍ സ്ഥാപനങ്ങള്‍ കൈക്കലാക്കിയതിലപ്പുറം പൊതു ഉദ്യോഗ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിച്ചിട്ടുണ്ടോ എന്നതും പ്രധാന ചോദ്യമാണ്. കോഴയും തലവരിപ്പണവും വാങ്ങിക്കൂട്ടുന്നതിനിടയ്ക്ക് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് ഉപയോഗപ്പെടാനുള്ള സാമാന്യ മര്യാദ കാണിക്കാന്‍ ഇതുവരെ എം.ഇ.എസിനു കഴിഞ്ഞിട്ടില്ല.

കേരള മുസ്‌ലിംകളിലെ നിര്‍ണായക വിഭാഗത്തിന്റെ മത നേതൃത്വമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന എം.ഇ.എസും പ്രതിനിധാനം ചെയ്യുന്നത് ഒരേ വിഭാഗം ജനങ്ങളെയാണ്. ലോകോത്തര നിലവാരത്തിലുള്ള മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ഇസ്‌ലാമിക മതബോധം വളര്‍ത്തുകയും ചെയ്യുക എന്ന ദൗത്യം സമസ്ത ഭംഗിയായി നിര്‍വഹിച്ചു വരുന്നു. അതേ മാനവ വിഭവ ശേഷി ഉപയോഗിച്ചാണ് എം.ഇ.എസിന്റെ പ്രവര്‍ത്തനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം പറയുന്നുവെന്നല്ലാതെ ഇതിലൂടെ സര്‍ക്കാരുദ്യോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമുദായത്തിന്റെ നില മെച്ചപ്പെടുത്തുന്നതില്‍ എം.ഇ.എസ് പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ കുറഞ്ഞപക്ഷം എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും മാതൃകയാക്കാനെങ്കിലും എം.ഇ.എസ് തയാറാവണം. സമുദായ അവകാശങ്ങള്‍ക്കു വേണ്ടിയും സംവരണ നിയമങ്ങള്‍ ചോദ്യം ചെയ്തും നാലു പതിറ്റാണ്ടിനിടെ പത്തോളം കേസുകളാണ് സുപ്രിംകോടതിയില്‍ എന്‍.എസ്.എസ് നടത്തിയത്.

പറയാതെ പോകുന്ന
സമുദായത്തിന്റെ ദുരവസ്ഥ

ഔദ്യോഗിക, വിദ്യാഭ്യാസ മേഖലകളിലെ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം. 1936ലണ് കേരളത്തില്‍ സാമുദായിക സംവരണം നിലവില്‍ വരുന്നത്. കഴിഞ്ഞ 83 വര്‍ഷം സാമുദായിക സംവരണം കേരളത്തില്‍ നിലനിന്നിട്ടും മുസ്‌ലിം സമുദായം സര്‍ക്കാരുദ്യോഗത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാരേക്കാള്‍ പിന്നാക്കമായതു എന്തുകൊണ്ടെന്ന ചോദ്യം ആദ്യം ഉയര്‍ന്നുവരേണ്ടത് ഇതേ സമുദായത്തിന്റെ അകത്തുനിന്നു തന്നെയാണ്. ഇക്കഴിഞ്ഞ ഒരു നുറ്റാണ്ടില്‍ താഴെക്കാലം സംവരണമുണ്ടായിട്ടും നില മെച്ചപ്പെടുത്താന്‍ സമുദായത്തിനായിട്ടില്ല. മുസ്‌ലിം സമുദായം പട്ടിക ജാതി- പട്ടിക വര്‍ഗക്കാരെക്കാള്‍ സംസ്ഥാന സര്‍ക്കാരുദ്യോഗത്തില്‍ പിന്നാക്കമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2006 സെപ്റ്റംബര്‍ മുതലുള്ള പഠനങ്ങള്‍ വിശദമാക്കുന്നു. അവര്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളുടെ പട്ടിക താഴെ കൊടുക്കുന്നു.

‘ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുടേത് ഏറെ പിന്നിലാണ്. മുസ്‌ലിംകളുടെ അവസ്ഥ ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ പട്ടികവര്‍ഗക്കാരുടേതിനേക്കാള്‍ പിന്നാക്കമാണ്. സര്‍ക്കാരുദ്യോഗം എന്നത് സാമൂഹ്യ- സാമ്പത്തിക അവസ്ഥ നിര്‍ണയിക്കുന്നതില്‍ ഒരു സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തില്‍ അസന്തുലിതാവസ്ഥ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു’. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിലയിരുത്തലാണിത്.

പതിറ്റാണ്ടുകളായി സാമുദായിക സംവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഉള്‍പ്പെടെ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുന്നില്ല. അതിന്റെ പ്രധാന കാരണം പിന്നാക്കക്കാരില്‍ മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ അത് അടിച്ചുമാറ്റുകയാണ് എന്നതാണ്. 1958 വരെ മുസ്‌ലിം സമുദായത്തിന് പ്രത്യേക സംവരണ ക്വാട്ട ഇല്ലായിരുന്നു. എല്ലാ പിന്നാക്കക്കാര്‍ക്കും കൂടി ആകെ സംവരണം 35 ശതമാനമായിരുന്നു. പിന്നാക്കക്കാരില്‍ മുന്നാക്കമായവര്‍ അതു മുഴുവന്‍ നേടിയെടുത്തു. 1958ലാണ് പത്തു ശതമാനം റിസര്‍വേഷന്‍ ക്വാട്ട മുസ്‌ലിം സമുദായത്തിന് അനുവദിച്ചത്. പക്ഷെ നിലവിലുള്ള റൊട്ടേഷന്‍ പ്രകാരം ആറാമത്തെ പോസ്റ്റില്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് നിയമനമുള്ളൂ. എന്നാല്‍ ഈഴവര്‍ക്ക് എല്ലാ രണ്ടാമത്തെ പോസ്റ്റും നീക്കിവച്ചു. രണ്ടോ മൂന്നോ പോസ്റ്റുകള്‍ മാത്രമുള്ളിടത്ത് ആറാമതിരിക്കുന്ന സമുദായത്തിന് എന്ത് പ്രാതിനിധ്യം? സംവരണ ക്വാട്ട പിന്നീട് 12 ശതമാനമായി ഉയര്‍ത്തിയെങ്കിലും 27 ശതമാനം ജനസംഖ്യയുള്ള ഒരു വിഭാഗത്തിന് അത് തീരെ അപര്യാപ്തമാണ്. 22.2 ശതമാനം മാത്രമുള്ള ഈഴവ സമുദായത്തിന് 14 ശതമാനം ക്വാട്ടയും എല്ലാ രണ്ടാമത്തെ പോസ്റ്റും അനുവദിച്ചു കൊടുത്തു. മുസ്‌ലിം പിന്നാക്ക വിഭാഗത്തോട് ചെയ്ത ഈ അനീതി കാലാകാലങ്ങളായുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തിരുത്താന്‍ തയാറായിട്ടില്ല.


സര്‍ക്കാരുദ്യോഗം പട്ടിണി മാറ്റാനുള്ള സംവിധാനമല്ല. അതു ഭരണത്തിലുള്ള പങ്കാളിത്തമാണ്. ജനാധിപത്യ ഭരണം വന്നപ്പോള്‍ പിന്നാക്കകാര്‍ക്ക് രാഷ്ട്രീയ അധികാരം കിട്ടിയെങ്കിലും അവര്‍ സര്‍ക്കാരുദ്യോഗത്തില്‍ പിന്നിലായതുകൊണ്ട് യഥാര്‍ഥ അധികാരം അവര്‍ക്കില്ല. ഇവിടെ ശക്തമായ ജുഡിഷ്യറിയും സിവില്‍ സര്‍വിസുമുള്ളതിനാല്‍ പിന്നാക്കക്കാര്‍ക്ക് അതില്‍ ന്യായമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കില്‍ ആ വിഭാഗക്കാര്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടു പോകുമെന്ന് നിസംശയം പറയാം.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണക്കനുസരിച്ച് 26.9 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് 11.4%ശതമാനം മാത്രമാണ് സര്‍ക്കാരുദ്യോഗ പ്രാതിനിധ്യം. ജനസംഖ്യ അനുസരിച്ചു 26.9 ശതമാനമെങ്കിലും ലഭിക്കണം. എന്നാല്‍ 22.2 ശതമാനം വരുന്ന ഈഴവര്‍ക്ക് 22.7 ശതമാനം സര്‍ക്കാരുദ്യോഗത്തില്‍ പ്രാതിനിധ്യമുണ്ട്. സംവരണത്തിലെ നടത്തിപ്പിന്റെ പാകപ്പിഴയാണ് ഇതിനു കാരണം. 26.9 ശതമാനം ജനസംഖ്യയുള്ള വിഭാഗത്തിന് 12 ശതമാനം മാത്രമാണ് സംവരണം. ആ വിഭാഗത്തിന് ആറു പോസ്റ്റുകളുണ്ടായാല്‍ മാത്രമേ സംവരണം ലഭിക്കൂ. അതേസമയം 22.2%ശതമാനം മാത്രമുള്ള ഈഴവ സമുദായത്തിന് 14%ശതമാനം സംവരണവും എല്ലാ രണ്ടാമത്തെ പോസ്റ്റുകളും ലഭിക്കുന്നു. രണ്ടു പോസ്റ്റ് ഉണ്ടെങ്കില്‍ അവര്‍ക്കു സംവരണം ഉറപ്പാണ്. ഇത് ഏറ്റവും വലിയ അനീതിയാണ്. ഇത് തിരുത്താന്‍ വേണ്ടിയാണ് 1992ല്‍ സുപ്രിംകോടതി പ്രസിദ്ധമായ മണ്ഡല്‍ കേസില്‍ ശക്തമായ ഉത്തരവുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്.

മണ്ഡല്‍ കേസിലെ കോടതി ഉത്തരവ് പ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം കാണണമെന്നും സുപ്രിംകോടതി നിര്‍ദേശിക്കുന്നു. 1992ലെ സുപ്രിംകോടതി വിധി 27 വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് വലിയതോതിലുള്ള മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്കിടയാക്കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ഇതിനെതിരേ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സ്ഥാപന നടത്തിപ്പും അതിലെ വരുമാനവും മാത്രം മിനിമം അജന്‍ഡയാക്കി പ്രവര്‍ത്തിക്കുന്ന എം.ഇ.എസ് സമുദായത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് മറ്റു പലരെയും പോലെ അതിന്റെ നേതൃത്വത്തിലുള്ളവര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ വഴിതിരിച്ചു വിടുന്നതിനാണ് പുതിയ അനാവശ്യ ചര്‍ച്ചകളും സര്‍ക്കുലറുകളും കൊണ്ടുവരുന്നത്.

 

സാമ്പത്തിക സംവരണം വഴി സ്വസമുദായത്തിനു നിലവില്‍ ലഭിക്കുന്ന അവകാശങ്ങളില്‍ കാതലായ കുറവു വരുമെന്ന് തിരിച്ചറിഞ്ഞ് സുപ്രിംകോടതിയെ സമീപിച്ച എസ്.എന്‍.ഡി.പിയുടെയും സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച എന്‍.എസ്.എസിന്റെയും സമുദായ സ്‌നേഹത്തെ മാതൃകയാക്കാന്‍ എം.ഇ.എസിനാവണം. എസ്.എന്‍.ഡി.പി ഈഴവര്‍ക്കിടയിലും എന്‍.എസ്.എസ് നായര്‍ സമുദായത്തിനും ചെയ്ത ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് ചെയ്യുന്നില്ലെന്ന് മാത്രമല്ല, പല കാര്യങ്ങളിലും മതവിരുദ്ധമായ നിലപാടുകളാണ് എം.ഇ.എസ് ഇക്കാലമത്രയും സ്വീകരിച്ചതും. സ്ഥാപനം നടത്താനും പണം പരിക്കാനും ആര്‍ക്കും കഴിയും. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സ്വാശ്രയ സ്ഥാപനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ടെന്നിരിക്കെ കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുകയെന്നത് ഒരു നേട്ടമൊന്നുമല്ല. ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ കണക്കു ചൂണ്ടിക്കാട്ടിയാണ് പലയിടത്തും എം.ഇ.എസ് നേട്ടം വിശദീകരിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ളവരുടെ അവിശ്രമ പ്രവര്‍ത്തനഫലമായി കേരളത്തില്‍ പൊതുവെയുണ്ടായ ഈ മാറ്റത്തെ എങ്ങനെയാണ് എം.ഇ.എസിന്റെ മാത്രം കണക്കിലൊതുക്കുക?

ഉന്നത വിദ്യാഭ്യാസം നേടി ജോലി തേടിച്ചെന്ന ബീപാത്തുവിനെ കോഴ കൊടുക്കാന്‍ കാശില്ലാത്ത കാരണംകൊണ്ട് തിരിച്ചയച്ച സംഭവം 1970 കളിലാണ് നടന്നത്. ലക്ഷ്യം സ്ത്രീ പുരോഗമനമല്ല, മറിച്ച് ധനപരമാണ് എന്ന് പറയാന്‍ വേറെയും തെളിവുകളുണ്ട്. സ്ഥാപന നടത്തിപ്പിലപ്പുറം നിറവേറ്റേണ്ട ചുമതല നിര്‍വഹിക്കാനാവാതെ വരുന്നത് നിഖാബില്‍ മറച്ചുപിടിക്കാന്‍ എം.എ.എസ് ശ്രമിക്കുന്നത് സ്വന്തം കഴിവു കേടുകൊണ്ടാണ്. സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എം.ഇ.എസിന്റെ സ്വരവും സംഘ്പരിവാര്‍ നിലപാടും ഒന്നായതിലെ പൊരുത്തക്കേടാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നത്. സ്വന്തം സ്ഥാപനത്തില്‍ യൂനിഫോം തീരുമാനിക്കാനുള്ള എം.ഇ.എസിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അത് മതനിയമവുമായി ബന്ധപ്പെട്ടതാകുമ്പോള്‍ മതനേതൃത്വവുമായി ചര്‍ച്ച ചെയ്യാനും അഭിപ്രായ സമന്വയത്തിലെത്താനും മറ്റാരെക്കാളും ബാധ്യതയുള്ളത് എം.ഇ.എസിനാണ്.

കേരളത്തിലെ സീനിയര്‍ അഭിഭാഷകനാണ് ലേഖകന്‍

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.