2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നിപ്പാ വൈറസ്: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കോഴിക്കോട് പേരാമ്പ്രയിലെ പന്തിരിക്കരയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ പനിയുടെ ദുരൂഹത നീങ്ങി. രോഗ ലക്ഷണങ്ങള്‍ പ്രകാരം നിപ്പാ വൈറസെന്നാണ് സ്ഥിരീകരണം. വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പകരുന്നത്. പനി ബാധിച്ച് മരിച്ചവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള വനപ്രദേശത്തു പ്രവേശിച്ചിരുന്നു. അവിടെ നിന്ന് വല്ല പഴവും ഭക്ഷിച്ചതു മൂലമാണോ ഇതു പകര്‍ന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

നിപ്പാ വൈറസ് എന്ത്?

ലോകത്തിന്റെ പല ഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയാണുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ വിസര്‍ജ്യം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും നിപ്പാ വൈറസ് ബാധിക്കാം.
അഞ്ച് മുതല്‍ 14 ദിവസം വരെയാണ് രോഗാണു ശരീരത്തില്‍ കഴിയുക. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ കാലത്ത് രോഗം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ 14 ദിവസം വേണമെന്ന് ചുരുക്കം.

 ലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.


തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, മസ്തിഷ്‌ക സ്രവമായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലിസ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

മരണമടഞ്ഞവരില്‍ നിന്നും രോഗം പടരാതിരിക്കാന്‍ ജാഗ്രത വേണം

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ളവ ഒഴിവാക്കണം. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക. മൃതദേഹം കുളിപ്പിച്ചതിനുശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കണം. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്. കിടക്ക, തലയണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

ശ്രദ്ധിക്കുക

വൈറസ് ബാധയുള്ള വവ്വാലുകളുടെ വിസര്‍ജ്യം മനുഷ്യശരീരത്തില്‍ എത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനുശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കണം.രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗി, രോഗ ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, കിടക്കവിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക. നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകലില്‍ നിന്ന് തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക. രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.