2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നിപായെ തുരത്താന്‍ കൂട്ടുനിന്നവര്‍ തുരത്തപ്പെടുന്നു

 

അഷ്മില ഷെറിന്‍ എം.കെ#
അതൊരു യുദ്ധം തന്നെയായിരുന്നു. ഡോക്ടറെന്നോ നഴ്‌സെന്നോ ശുചീകരണത്തൊഴിലാളിയെന്നോ ഭേദമില്ലാതെ ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍ മുഖാമുഖമെത്തിയ മരണത്തെ പുറംകൈയാല്‍ തട്ടിയകറ്റി, തങ്ങളുടെ മുന്നില്‍ മരണത്തോടു മല്ലടിക്കുന്നവരുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ സ്വയം പടയാളികളായ മുഹൂര്‍ത്തം. നിപായെന്ന അതിമാരക അസുഖത്തെ നേരിടാന്‍ നടത്തിയ പോരാട്ടം.
ഒരു രോഗിയെയെങ്കിലും രക്ഷപ്പെടുത്തിയാല്‍ അതൊരു ചരിത്രസംഭവമാകുമെന്ന തീവ്രവികാരത്തോടെ, ദൃഢനിശ്ചയത്തോടെ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചവരായിരുന്നു ആ മനുഷ്യര്‍. നിപായെ ഭയന്ന് ജനങ്ങളെല്ലാം വീട് വിട്ടപ്പോള്‍, ഉറ്റവര്‍പോലും രോഗികളുടെ അടുത്തെത്താന്‍ പേടിച്ചു നിന്നപ്പോള്‍, മനുഷ്യത്വത്തിന്റെ ആള്‍രൂപങ്ങളായവരാണ് അവര്‍.
ഒടുവില്‍ നിപായെ വരച്ച വരയ്ക്കിപ്പുറം ആട്ടിപ്പായിക്കാന്‍ നാടെങ്ങും ആ മനുഷ്യരെ മുക്തകണ്ഠം പുകഴ്ത്തി. മാലാഖമാര്‍ക്കു തുല്യരെന്ന് ശ്ലാഘിച്ചു. അവര്‍ ചെയ്ത സേവനം വിലമതിക്കപ്പെടുമെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്നും പ്രഖ്യാപനങ്ങളുമുണ്ടായി.
പക്ഷേ, അന്നു നിപായ്‌ക്കെതിരേ പോരാട്ടം നടത്തിയവരില്‍ ഒരു വിഭാഗം ഇന്ന് അവഗണനയ്‌ക്കെതിരേ സഹനസമരത്തിലാണ്. വാഗ്ദാനം നല്‍കിയവരും അഭിനന്ദിച്ചവരുമെല്ലാം ചവിട്ടിയകറ്റിയെന്നാണ് അവര്‍ സങ്കടപ്പെടുന്നത്. മെഡിക്കല്‍ കോളജിലെ സ്ഥിരം ജീവനക്കാര്‍പോലും പേടിച്ചു മാറിനിന്ന പ്രതിസന്ധിഘട്ടത്തില്‍ മരണം ഭയക്കാതെ നിപാ രോഗികളുടെ കഫവും മലമൂത്രവും കോരിയെടുക്കാന്‍ സന്നദ്ധരായ തങ്ങള്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നാണ് അവരുടെ ആവശ്യം.
ജീവിതപ്രാരബ്ധമാണ് അവരെ അന്ന് ഈ അപകടം പിടിച്ച തൊഴിലിലേയ്ക്കു നയിച്ചത്. തങ്ങള്‍ മരിച്ചുപോയാലും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി ഒരു തുക കിട്ടുമല്ലോയെന്നതായിരുന്നു മനസ്സില്‍. നിപാ ഐസൊലേഷന്‍ വാര്‍ഡില്‍ രാപകല്‍ ആ ദിവസവേതനക്കാര്‍ പണിയെടുത്തു. വലിയവരുടെ ശുപാര്‍ശകളുടെ പിന്‍ബലത്തില്‍ മെഡിക്കല്‍ കോളജില്‍ ജോലിക്കു കയറിയ ഒരുപാടു തൊഴിലാളികള്‍ അപ്പോഴും ഭയന്ന് അകന്നു നില്‍ക്കുന്നുണ്ടായിരുന്നു.
കേരളം നിപാ ഭീതിയെ അതിജീവിച്ച അഭിമാന മുഹൂര്‍ത്തത്തില്‍ അധികാരികളില്‍ നിന്ന് അവര്‍ക്കൊരു മോഹനവാഗ്ദാനം കിട്ടിയിരുന്നു, ‘ആപല്‍ഘട്ടത്തില്‍ തുണയായ നിങ്ങളെ പിരിച്ചുവിടില്ല’. എന്നാല്‍, ആ വാഗ്ദാനത്തിനു വിപരീതമായി കഴിഞ്ഞ നവംബറോടെ അവരെ പുറത്താക്കാനുള്ള നടപടി തുടങ്ങി. മാധ്യമ ഇടപെടലുകളുടെ ഫലമായി ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാനായി. യുക്തമായ തീരുമാനം ഉടനെ എടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയായിരുന്നു പ്രതീക്ഷ. ജീവനക്കാരെ ഒറ്റയടിക്ക് സ്ഥിരപ്പെടുത്താന്‍ സാങ്കേതികബുദ്ധിമുട്ടുള്ളതിനാല്‍ തുടര്‍നിയമനങ്ങളില്‍ നിപാ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍, പിരിച്ചുവിടല്‍ നടപടികളാണ് പിന്നീടുണ്ടായത്. പിന്നെ, സഹനസമരം മാത്രമേ അവര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല. ആത്മാര്‍ഥമായി തൊഴില്‍ ചെയ്യാന്‍ തയാറുമാണ്. എന്നിട്ടും ഇത്ര ക്രൂരമായി തള്ളിക്കളയുന്നതിലാണ് അവര്‍ക്ക് സങ്കടം.
ആളൊഴിഞ്ഞ മെഡിക്കല്‍ കോളജ് വരാന്തയില്‍ പേമാരി പെയ്യുന്ന അന്തരീക്ഷത്തില്‍ രോഗികളുടെ വിസര്‍ജ്യവും പേറി മരണദൂതുമായെത്തിയ നിപാ വൈറസിനെ മുഖാമുഖം കണ്ടു ജോലി ചെയ്തവരാണ് ഇന്നു തളര്‍ന്ന മനസോടെ നീതിനിഷേധത്തിനെതിരേ സഹനസമരത്തിലുള്ളത്, ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാരിന്റെ മനസലിയുമെന്ന പ്രത്യാശയോടെ…

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.